ബെയ്ജിങ്ങ്: പോർക്കളത്തിൽ എന്നും അപ്രമാദിത്യം അമേരിക്കക്കാണ്. എല്ലാത്തരം യുദ്ധസന്നാഹവും കൈമുതലായുള്ള,ഏതു നിമിഷവും യുദ്ധത്തിന് പ്രാപ്തമായ സേനവിഭാഗമാണ് അമേരിക്കയുടെ കൈമുതൽ. എന്നാൽ അ അമേരിക്കയെപ്പോലും ഞെട്ടിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവികസേനയാവാൻ ഒരുങ്ങുകയാണ് ചൈന.അതിനായി കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടക്ക് 250 യുദ്ധക്കപ്പലുകളാണ് ചൈന ലിബറേഷൻ ആർമിക്കായി നിർമ്മിച്ചു നൽകിയത്.2000 ൽ 110 പടക്കപ്പലുകൾ മാത്രമുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് 2020 എത്തുമ്പോഴേക്കും ചൈനയുടെ പടക്കപ്പലുകളുടെ എണ്ണം 360 ലേക്കാണ് കുതിച്ചത്.

രണ്ട് പതിറ്റാണ്ടിനുള്ളിൽ ചൈനയുടെ നാവികസേനയുടെ വലിപ്പം മൂന്നിരട്ടിയിലധികമായാണ് വർധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നാവിക സേനയുടെ കമാൻഡായ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന, മുങ്ങിക്കപ്പലുകൾ, വിമാനവാഹിനിക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക് ന്യൂക്ലിയർ മിസൈൽ മുങ്ങിക്കപ്പലുകൾ തുടങ്ങിയവ ത്വരിതഗതിയിൽ നിർമ്മിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ചരിത്രപരമായി നോക്കിയാൽ ചൈനയുടെ കപ്പൽ നിർമ്മാണ സംഖ്യകൾ അമ്പരപ്പിക്കുന്നതാണ്. ലോകമഹായുദ്ധ സാഹചര്യത്തിൽ നാലു വർഷത്തിനിടെ യുഎസ് നിർമ്മിച്ചതിനെക്കാൾ കൂടുതൽ കപ്പലുകൾ ചൈന ഒരു വർഷം കൊണ്ട് (2019) നിർമ്മിച്ചു. രണ്ടാം ലോക മഹായുദ്ധ സമയത്ത് (19411945) യുഎസ് കപ്പൽ നിർമ്മാണ ഉൽപാദനം പ്രതിവർഷം 18.5 മില്യൻ ടണ്ണായിരുന്നു.

വാണിജ്യ കപ്പൽ നിർമ്മാണം 18.5 മില്യൻ ടണ്ണും. 2019 ലെ സമാധാനകാലത്ത് ചൈനയുടെ കപ്പൽ നിർമ്മാണം 23 മില്യൻ ടൺ. ചൈനയുടെ വാണിജ്യ കപ്പൽ നിർമ്മാണം 300 മില്യൻ ടണ്ണിലധികവും. ജർമനി, ഇന്ത്യ, സ്‌പെയ്ൻ, ബ്രിട്ടൻ എന്നിവിടങ്ങളിലെ നാവികസേനകളിൽ നിലവിലുള്ള കപ്പലുകളുടെ എണ്ണത്തേക്കാൾ കൂടുതൽ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ 2014നും 2018നും ഇടയിൽ ചൈന നിർമ്മിച്ചു.

2018 ൽ ലോകത്തെ കപ്പൽ നിർമ്മാണ വിപണിയുടെ 40% ചൈനയുടെ കൈവശമായിരുന്നതായി സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിലെ ചൈന പവർ പ്രോജക്റ്റ് ഉദ്ധരിച്ച ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയെക്കാൾ 25% മുന്നിലാണത്.

ഇനിയും മുന്നോട്ട്.. ലക്ഷ്യം 400

എന്നും അമേരിക്കയുമായാണ് ചൈന തങ്ങളുടെ സന്നാഹങ്ങളുടെ ശക്തി താരതമ്യം ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും സൈനിക ശേഷി കണക്കാക്കുമ്പോൾ യുഎസ് നാവികസേനയാണ് വലുത്. യുഎസ് നാവികസേനയിൽ 3,30,000 ൽ അധികം ആക്ടീവ് ഡ്യൂട്ടി ഉദ്യോഗസ്ഥരുണ്ട്. ചൈനയ്ക്ക് 2,50,000 പേർ. യുഎസ് നേവി ഇപ്പോഴും ചൈനയേക്കാൾ കൂടുതൽ പടക്കപ്പലുകൾ നിർമ്മിക്കുന്നു. ക്രൂയിസ് മിസൈൽ വിക്ഷേപണ ശേഷിയുള്ള ഈ കപ്പലുകൾ യുഎസിന് ഒരു പ്രധാന സ്ഥാനം നൽകുന്നുണ്ട്.

യുഎസിന്റെ 50 അന്തർവാഹിനി കപ്പൽ പൂർണമായും ആണവോർജമാണ്. അതേസമയം, ചൈനീസ് നാവികസേനയുടെ തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകളും യുഎസ് നാവികസേനയെക്കാൻ കൂടുതലാണ്. വാർഷിക പ്രതിരോധ ബജറ്റ് 6.8 ശതമാനം വർധിപ്പിക്കുമെന്ന് വെള്ളിയാഴ്ച ചൈന പ്രഖ്യാപിച്ചതും ചൈനയുടെ 'വളർച്ച'യെ സൂചിപ്പിക്കുന്നു.2025 ആകുമ്പോഴേക്കും 400 ഓളം കപ്പലുകളുടെ ശേഖരണമാണ് ചൈന ലക്ഷ്യമിടുന്നത്.

ചൈനീസ് നാവികസേന ഏതൊരു ശത്രുവിനും ഒത്ത എതിരാളിയാണെങ്കിലും, അതിന്റെ പ്രായോഗിക പ്രത്യേകതകൾ നാവികസേനയുടെ അഭിലാഷങ്ങൾക്കൊപ്പം പൊരുത്തപ്പെടുന്നില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഉദാഹരണമായി, ചൈനീസ് നാവികസേനയുടെ രണ്ട് സജീവ വിമാനവാഹിനികൾ പഴയ സോവിയറ്റ് ഡിസൈനുകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. കപ്പലുകളുടെ വ്യാപ്തി, അത് വഹിക്കുന്ന വിമാനങ്ങളുടെ വ്യാപ്തി, എണ്ണം, ആ വിമാനങ്ങളിലെ യുദ്ധോപകരണങ്ങളുടെ പേലോഡുകൾ എന്നിവയെ ഇത് പരിമിതപ്പെടുത്തുന്നു.

യുഎസ് നാവികസേനയുടെ 11 വിമാനവാഹിനി കപ്പലുകളുമായി അവയ്ക്കു പിടിച്ചു നിൽക്കാനാകില്ലെന്നാണ് വിലയിരുത്തൽ. യുഎസ് വിമാനവാഹിനി കപ്പലുകളുടെ എയർ വിങ്, മിക്ക രാജ്യങ്ങളുടെയും മൊത്തം വ്യോമസേനയേക്കാൾ ശക്തമാണ്. ചൈനയുടെ വിമാനവാഹിനി കപ്പലുകൾ പടിഞ്ഞാറൻ പസഫിക്കിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ചിട്ടില്ല. ചില കപ്പലുകളെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കും മെഡിറ്ററേനിയൻ കടലിലേക്കും വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കും വടക്കൻ റഷ്യൻ തുറമുഖങ്ങളിലേക്കും വിന്യസിച്ചിട്ടുണ്ടെങ്കിലും അവയുടെ എണ്ണം പരിമിതമാണെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം കടലിൽ അനിഷേധ്യ ശക്തിയായ യുഎസ് 2000 ൽ 318 കപ്പലുകളുമായി നിലകൊണ്ടത് 2020 ൽ ചില പടക്കപ്പലുകളുടെ ഡീക്കമ്മിഷൻ കൂടി കണക്കിലെടുക്കുമ്പോൾ 297 എന്ന നിലയിലായി. നാവിക ശേഷിയിൽ ചൈനയുടെ സമീപകാല കുതിപ്പ് മുന്നിൽക്കണ്ട് ഉടൻതന്നെ പടക്കപ്പലുകളുടെ എണ്ണം 355ലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് യുഎസ്.

മുന്നിൽ നിന്ന് നയിച്ച് ഷീ

മാവോ സെദൂങ്ങിനു ശേഷം രാജ്യത്തെ ഏറ്റവും മഹാനായ നേതാവായാണ് ഷീയെ പരിഗണിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവികശക്തിയായി ചൈന കുതിക്കുമ്പോൾ മുതൽക്കൂട്ടാവുന്നത് ഷിയുടെ തന്ത്രങ്ങൾ തന്നെ.2015 ൽ തന്നെ ചൈനയുടെ നാവികസേനയെ ലോകോത്തര ശക്തിയാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ഷീ രൂപം കൊടുത്തിരുന്നു. കപ്പൽശാലകളിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്താൻ അദ്ദേഹം ഉത്തരവിട്ടു. ഷീയുടെ പദ്ധതി വിജയകരമായി എന്നതാണ് 2021ൽ നാവിക പടക്കോപ്പുകളുടെ എണ്ണത്തിൽ മുന്നിലെത്താൻ ചൈനയെ സഹായിച്ചത്.

2018 ഏപ്രിൽ. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, ദക്ഷിണ ചൈന കടലിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ ശക്തി വിലയിരുത്തിയിരുന്നു. 48 കപ്പൽ, ഡസൻ കണക്കിന് പോർവിമാനം, പതിനായിരത്തോളം നാവികർ എന്നിവയാണ് അന്ന് അഭ്യാസ പ്രകടനങ്ങളുമായി ഷീക്കു മുന്നിൽ അണിനിരന്നത്.

''ശക്തമായ ഒരു നാവികസേന രൂപീകരിക്കേണ്ട സാഹചര്യം മുൻപെന്നെത്തേതിലും ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്.'' എന്നായിരുന്നു അഭ്യാസ പ്രകടനത്തിന് ശേഷം ഷീ പ്രതികരിച്ചത്.