ബീജിങ്: കൊറോണ വൈറസ് ഇന്ത്യയിൽ മരണം വിതയ്ക്കുമ്പോൾ അതിനെ പരിഹസിച്ചു കൊണ്ട് ചൈനീസ് ഉദ്യോഗസ്ഥനിട്ട സോഷ്യൽ മീഡിയാ പോസ്റ്റ് വിവാദത്തിൽ. ഇന്ത്യയിലെ കൂട്ടശവദാഹത്തെ പോലും പുച്ഛിച്ചു കൊണ്ടാണ് ചൈനീസ് ഉദ്യോഗസ്ഥൻ പോസ്റ്റിട്ടത്. ചൈനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സാമാന്യബോധം പോലും പ്രകടിപ്പിക്കാതെ ഇട്ട സമൂഹ മാധ്യമ പോസ്റ്റ് കടുത്ത പ്രതിഷേധത്തെ തുടർന്ന് നീക്കം ചെയ്യുകയും ചെയ്തു. നിരവധി ചൈനക്കാർ തന്നെയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിൽ അസ്വഭാവികത കണ്ട് രംഗത്തുവന്നത്.

ചൈന അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളിന്റെയും, ഇന്ത്യയിൽ ചിത കത്തുന്നതിന്റെയും ചിത്രങ്ങളാണ് അടുത്തടുത്തു പോസ്റ്റു ചെയ്ത് അദ്ദേഹം രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ടത്. ചൈനീസ് ബഹിരാകാശനിലയ മൊഡ്യൂളായ ടിൻഹെ (Tianhe) കുതിച്ചുയരുന്നതും ഇന്ത്യയിൽ ചിത കത്തുന്നതുമാണ് ഇയാൾ അടുത്തടുത്തു പോസ്റ്റു ചെയ്തത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര രാഷ്ട്രീയ, നിയമ വിഭാഗ കമ്മിഷന്റെ ഔദ്യോഗിക സിനാ വെയ്ബോ അക്കൗണ്ടിലായിരുന്നു ഇത് പോസ്റ്റു ചെയ്തിരുന്നത്. ഇന്ത്യയിർ അതി തീവ്രമായി കോവിഡ് വ്യാപിക്കുന്ന ഘട്ടത്തിലായിരുന്നു ഈ പോസ്റ്റ്. കോവിഡ് കേസുകൾ 400,000 കടന്ന ദിവസമായിരുന്നു ഇത്. എന്നാൽ, ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കൾ തന്നെ തങ്ങളുടെ രോഷവും ഞെട്ടലും കടുത്ത പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥൻ വിവിരംകെട്ട പോസ്റ്റ് പിൻവലിച്ചത്.

ഈ സമയത്ത് മനുഷ്യത്വമാണ് പുറത്തുവരേണ്ടത്. ഇന്ത്യയ്ക്കു ഈ സമയത്തു വേണ്ടത് സഹാനുഭൂതിയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ചൈനക്കാർ മുഴുവൻ അധാർമികതയുടെ വക്താക്കളാകും, തുടങ്ങിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ഉദ്യോഗസ്ഥൻ കാണിച്ചത് തീർത്തും ഉത്തരവാദിത്വമില്ലാത്ത നടപടിയായി പോയെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്ലോബൽ ടൈംസ് പത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് ഹു സിജിൻ കുറിച്ചത്. ഇങ്ങനെയൊന്നുമല്ല ഔദ്യോഗിക വെബ്സൈറ്റിലേക്ക് സന്ദർശകരെ കൂട്ടാൻ ചെയ്യേണ്ടതെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ തന്നെ വിമർശിച്ചു. കഴിഞ്ഞ മാസങ്ങളിൾ ചൈന-ഇന്ത്യ ബന്ധം വഷളായിരുന്നു എന്നും ഓർക്കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിനും കനത്ത പ്രഹരമേറ്റിരുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ തന്റെ ദുഃഖമറിയിച്ചും സഹായങ്ങൾ വാഗ്ദാനം ചെയ്തും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് സി ജിൻപിങ് സന്ദേശമയച്ചിരുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത് ചൈനീസ് റെഡ് ക്രോസ് സൊസൈറ്റിയും പ്രാദേശിക സർക്കാരുകളും മഹാമാരിക്കെതിരെ പോരാടാൻ വേണ്ട സജ്ജീകരണങ്ങൾ ഇന്ത്യൻ ജനതയ്ക്ക് എത്രയും വേഗം എത്തിച്ചുകൊടുക്കാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു.