കാഠ്മണ്ഡു: ഫലപ്രാപ്തിയെ കുറിച്ച് വിശദമാക്കുന്നതിന് മുമ്പ് തന്നെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ നേപ്പാളിന് മേൽ സമ്മർദ്ദം ചെലുത്തി ചൈന. നേപ്പാൾ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. അതേസമയം, നേപ്പാളിലെ ചൈനീസ് എംബസി ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ, നേപ്പാൾ അധികൃതർ ഇക്കാര്യം സത്യമെന്ന് വ്യക്തമാക്കുന്നു. എത്രയും പെട്ടെന്ന് തങ്ങളുടെ സിനോവാക് കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നും അല്ലെങ്കിൽ പിന്നീട് വാക്സിനായി ഒരുപാട് കാത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു ചൈന നേപ്പാൾ അധികൃതർക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകുന്നത്. ഈ കത്താണ് ഇപ്പോൾ നേപ്പാൾ മാധ്യമങ്ങൾ പുറത്ത് വിടുന്നത്.

നേപ്പാളിലെ വിദേശകാര്യ മന്ത്രാലയവും കാഠ്മണ്ഡുവിലെ ചൈനീസ് എംബസിയും തമ്മിലുള്ള കത്തിടപാടുകൾ കാണിക്കുന്നത്, കോവിഡ് വാക്സിൻ അതിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും സ്ഥാപിക്കാതെ തന്നെ സ്വീകരിക്കാൻ ബീജിങ് നേപ്പാളിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നാണ്. ചോർന്ന കത്തിടപാടുകളുടെ അടിസ്ഥാനത്തിൽ നേപ്പാളി മാധ്യമങ്ങൾ ഞായറാഴ്ച തന്നെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ചൈന സിനോഫർം നിർമ്മിച്ച സിനോവാക് വാക്സിൻ കൂടുതൽ കാലതാമസമില്ലാതെ സ്വീകരിക്കാൻ നേപ്പാളിനെ ചൈനീസ് അധികൃതർ നിർബന്ധിക്കുകയായിരുന്നു.

ചൈനീസ് വാക്‌സിനിനെക്കുറിച്ച് നേപ്പാൾ ആശങ്ക ഉന്നയിച്ചതോടെ ചൈന സിനോഫാർം വാക്‌സിനുകൾ ഉടൻ സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാക്‌സിൻ വിതരണം ചെയ്യുന്ന കമ്പനി ആവശ്യമായ രേഖകൾ നൽകിയിട്ടില്ലെന്ന് നേരത്തെ നേപ്പാളിലെ ചൈനീസ് എംബസിക്ക് നേപ്പാൾ കത്തയച്ചിരുന്നു. നേപ്പാൾ സർക്കാർ ഇതുവരെ ചൈനീസ് വാക്‌സീൻ ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ല. ഇന്ത്യയും യുകെയും 20 ലക്ഷം വാക്‌സീൻ ഡോസ് നേപ്പാളിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതു തരത്തിലാണ് സിനോവാക് നേപ്പാളിനെക്കൊണ്ടു ചൈന പെട്ടെന്ന് സ്വീകരിപ്പിച്ചതെന്നു വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണു പുറത്തുവന്നത്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവ്‌ലിയുമായി വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചു. ആദ്യം വാക്‌സീൻ അംഗീകരിക്കുക, പിന്നീട് വാക്‌സീൻ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാം എന്നാണ് വിദേശകാര്യമന്ത്രി അറിയിച്ചത്. ആവശ്യമുള്ള രേഖകൾ പിന്നാലെ നൽകും, അടിയന്തരമായി വാക്‌സീൻ എടുത്തു തുടങ്ങുകയെന്ന കത്തും ചൈനീസ് എംബസി നേപ്പാളിന് അയച്ചിരുന്നു.

അല്ലെങ്കിൽ വാക്‌സീനു വേണ്ടി നേപ്പാൾ ഏറെ സമയം കാത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ചൈന നൽകിയത്. ഈ കത്തും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് എംബസി ഇതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നേപ്പാൾ അധികൃതർ ഇക്കാര്യം ശരിവച്ചു. ചൈനീസ് വാക്‌സീന്റെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും നേപ്പാൾ ആശങ്ക അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് വാക്‌സീൻ കൊണ്ടുപോകണമെന്നായിരുന്നു മറുപടി.

പി ആൻഡ് ജി ഹോൾഡിങ്‌സ്, ഹോസ്‌പൈസ് എന്റർപ്രൈസ് എന്നീ ചൈനീസ് കമ്പനികളാണ് നേപ്പാളിൽ വാക്‌സീൻ വിതരണത്തിന് അനുമതി തേടിയിരുന്നത്. ഇതിൽ ഏതു കമ്പനിയാണ് ഔദ്യോഗികമെന്ന് അറിയിക്കണമെന്നു നേപ്പാൾ ആവശ്യപ്പെട്ടു. വാക്‌സീൻ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും കമ്പനിയുമായി ബന്ധപ്പെട്ട് കുറച്ചു ഡോസുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് കൊണ്ടുപോകണം എന്നുമായിരുന്നു മറുപടി. ഇപ്പോഴത്തെ ബാച്ച് സ്വീകരിച്ചില്ലെങ്കിൽ മറ്റുള്ളവർക്കു നൽകുമെന്നും പിന്നീടു ലഭിക്കാൻ വൈകുമെന്നുമുള്ള മുന്നറിയിപ്പുമുണ്ടായി.

എത്രയും പെട്ടെന്ന് വാക്‌സീന് അംഗീകാരം നൽകി ഉപയോഗിച്ചു തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവർ വ്യക്തമാക്കി. നേപ്പാളിന് മൂന്നു ലക്ഷം ഡോസ് വാക്‌സീൻ നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇപ്പോഴത് അഞ്ച് ലക്ഷമാക്കി ഉയർത്തി. സിനോവാക് വാക്‌സീന് 50.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് ബ്രസീലിൽ നടത്തിയ മൂന്നാംവട്ട ട്രയലിൽ കണ്ടെത്തിയത്.