ബീജിങ്: ബ്രിട്ടനെ ഞെട്ടിച്ച ചൈനീസ് ചാരസുന്ദരി വലയിലാക്കിയത് 480 ൽ അധികം എം പിമാരെ. മാതമല്ല, തന്റെ കളിപ്പാവകളാകുന്ന രാഷ്ട്രീയ നേതാക്കളെ എം പിമാരാക്കാനും ഇവർ ശ്രമിച്ചു. പണം നൽകി ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ വലയിൽ കുടുക്കിയ ക്രിസ്റ്റീൻ ലീ എന്ന 58 കാരിയുടെ പുതിയ കഥകൾ പുറത്തുവരുമ്പോൾ അന്തംവിട്ടു നിൽക്കുകയാണ് ബ്രിട്ടീഷ് ജനത. ജയിക്കുമെന്ന് പ്രതീക്ഷിച്ച ഒരു എം പി സ്ഥാനാർത്ഥിക്ക് വേണ്ടി അവർ പണമൊഴുക്കിയ കഥയാണ് ഇന്നലെ പുറത്ത് വന്നത്. എന്നാൽ, ബ്രിട്ടീഷ് ജനതയുടേ ഭാഗ്യത്തിന് ആ സ്ഥാനാർത്ഥി വിജയിച്ചില്ല.

ലണ്ടനിലും ഹൊങ്കോംഗിലും ചൈനയിലും നിയമകാര്യ സ്ഥാപനം നടത്തുന്ന ഈ ചൈനീസ് സൊളിസിറ്റർ വനിത ചിനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചാരയാണെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘമായ എം ഐ 5 പറയുന്നത്. സർക്കാരിലെ പല ഉന്നതരിലും, ഉന്നതോദ്യോഗസ്ഥരിലും, എം പിമാരിലും ഇവർക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും എം ഐ 5 പറയുന്നു. രാഷ്ട്രീയ നെതൃത്വത്തെ സ്വാധീനിച്ച് ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇവർ നടപടികളിൽ നിന്നും രക്ഷപ്പെടുന്ന മട്ടാണ് എന്നതിൽ ജനരോഷം ഉയർന്നിരിക്കുകയാണ്.

ലീയുടെ പ്രവർത്തനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ കീഴിൽ വരുമെന്ന് ഹോം സെക്രട്ടറി പറയുമ്പോഴും അവരെ രാജ്യത്തുനിന്നും പുറത്താക്കാൻ ഇടയില്ലെന്ന സൂചനകളാണ് വരുന്നത്. പാർലമെന്റിനകത്ത് പോലും അവർ സ്വാധീനമുണ്ടാക്കിയിരിക്കുന്നു എന്നായിരുന്നു എം ഐ 5 മുന്നറിയിപ്പ് നൽകിയത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നായിരുന്നു മുൻ ടോറി നേതാവ് സർ ഇയാൻ ഡങ്കൻ സ്മിത്തിന്റെ പ്രതികരണം ലീ ക്രിമിനൽ നടപടികൾ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2012-ലെ ലണ്ടൻ ഒളിപിംക്സ് മത്സരങ്ങളിൽ ചൈനയുടെ ഗുഡ്വിൽ അമ്പാസിഡർ എന്നനിലയിലുള്ള ചുമതലകൾ ലഭിച്ചപ്പോൾ അവർ പാർലമെന്റിനു പുറത്തേക്കും തന്റെ സ്വാധീനം വളർത്താൻ ശ്രമിച്ചു എന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2011-ൽ യു കെ പോപ്പുലേഷൻ സെൻസസ് പ്രമോഷൻ അമ്പാസിഡർ എന്ന സ്ഥാനവും ഇവർ കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ നീക്കം ചെയ്തിരിക്കുന്ന തന്റെ വെബ്സൈറ്റിൽ ഇവർ അവകാശപ്പെട്ടിരുന്നത് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ യു കെ എമ്പസിയിലെ നിയമകാര്യോപദേഷ്ടാവ് എന്നായിരുന്നു.

ബ്രെക്സിറ്റ് വിവാദമായി കത്തിനിന്ന സമയത്ത് യൂറോപ്പിൽ തുടരുന്നതിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഒരു ഡോർ ടു ഡോർ കാമ്പെയിൻ നടത്തിയിരുന്നു. ജനാധിപത്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ബ്രെക്സിറ്റ് എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. അതിനിടയിലാണ് ഇവർ തനിക്ക് വേണ്ടപ്പെട്ട ഒരാളെ എം പി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ചരടുവലികൾ നടത്തിയെന്നും എന്നാൽ ആ വ്യക്തി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു എന്നും ഡെയ്ലി മെയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

പേരുവെളിപ്പെടുത്താത്ത ഈ വ്യക്തി ലീയിൽ നിന്നു 6 ലക്ഷം പൗണ്ട് സംഭാവനയായി കൈപ്പറ്റിയ മുൻ ലേബർ മിനിസ്റ്റർ ബാരി ഗാർഡിനർ അല്ലെന്നും ഡെയ്ലി മെയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ലേബർ പാർട്ടിക്കും ലിബറൽഡെമോക്രാറ്റിക് പാർട്ടിക്കുമായി 6.7 ലക്ഷം പൗണ്ടാണ് ഇവർ സംഭാവനയായി നൽകിയത്. ഇവരുടെ ഫണ്ടിംഗിന്റെയും അതുപോലെ ഇവർ നിക്ഷേപം നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു കൂട്ടം കമ്പനികളുടെയും വിശദാംശങ്ങൾ എം ഐ 5 അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രിട്ടനും ചൈനയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി 480 ൽ അധികം എം പിമാരെ ലോബിയിങ് ചെയ്യാൻ ശ്രമിച്ചതിനെ കുറിച്ച് അവർ ഒരു യൂട്യുബ് വീഡിയോയിൽ പറയുന്നുണ്ട്. ചൈനയുടെ ആശങ്കകൾ അതുവഴി നേരിട്ട് പാർലമെന്റിൽ എത്തിക്കാൻ കഴിഞ്ഞെന്നും അവർ പറയുന്നു. ഏതാണ്ട് ഇതേസമയത്ത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനൊപ്പം ഇവരെ കാണുകയും ചെയ്തിരുന്നു. ചൈനയിൽ പ്രവർത്തിക്കുവാൻ ലീയുടെ നിയമകാര്യസ്ഥാപനത്തിന് ആ സമയത്താണ് അനുമതി ലഭിക്കുന്നത്. ഇത്തരത്തിൽ അനുമതി ലഭിച്ച ബ്രിട്ടനിലെ ഏക നിയമകാര്യ സ്ഥാപനമാണ് ലീയുടേത്.

തന്റെ പ്രവർത്തനങ്ങൾ പലതുമ്ൻ വിജയത്തിലെത്തിക്കാൻ ലീയ്ക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് 2019-ൽ അന്നത്തെ പ്രധാനമന്ത്രി തെരേസ മാ ലീയ് നമ്പർ 10 ലേക്ക് വിളിച്ച് അവരുടെ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം നൽകി ആദരിച്ചത്. ആഭ്യന്തര വകുപ്പിന്റെ അകത്തളങ്ങളിൽ വരെ ലീയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇമിഗ്രേഷൻ നയത്തെ കുറിച്ച് ചർച്ചചെയ്യുവാനായി 2018 ജനുവരിയിൽ ഇവർ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

വിവിധ ചൈനീസ് വ്യവസായ സംരംഭകർക്ക് ബ്രിട്ടനിലേക്ക് വരാനും അതിനുള്ള വിസ ലഭിക്കുവാനും സഹായിക്കാനായി എന്നാണ് ലീ അവകാശപ്പെടുന്നത്. ഇത്, അവർ കൂടുതൽ ചൈനീസ് ചാരന്മാരെ ബ്രിട്ടനിൽ എത്തിച്ചിരിക്കുമോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതുകൊണ്ടു തന്നെ അവരെ പുറത്താക്കുന്നതിനു മുൻപായി നിയമനടപടികൾക്ക് വിധേയയാക്കണം എന്ന് സർ ഇയാൻ ആവശ്യപ്പെടുന്നു.