കണ്ണുർ: കോവിഡ് കാലത്തെ മരണങ്ങളിൽ ഒട്ടേറെപ്പേരെ അതീവ സങ്കടത്തിലാഴ്‌ത്തിയ സംഭവമാണ് ഉറ്റവരുടെ മൃതദേഹം അവസാനമായി ഒന്നു കാണാനോ ചിതയ്ക്ക് തീ കൊളുത്താനോ കഴിയാത്ത അവസ്ഥ.കോവിഡ് കാലത്ത് മാത്രമല്ല വിദേശത്തൊക്കെ ജോലി ചെയ്യുന്നവർക്കും ഇത്തരത്തിലുള്ള വിഷമതകൾ ഉണ്ടാകാറുണ്ട്.ലീവ്, യാത്രാ സൗകര്യങ്ങൾ അങ്ങിനെ പല കാരണങ്ങൾ കൊണ്ടും ഉറ്റവരുടെ വിയോഗത്തിൽ പങ്കെടുക്കാനാവാതെ വരാറുണ്ട്.എന്നാൽ എല്ലാം ഓൺലൈനാകുന്ന കാലത്ത് ഓൺലൈനിൽ കൂടെ തന്നെ ഈ വിഷമതയ്ക്ക് പരിഹാരം ഉണ്ടാവുകയാണ്. ചിതാഗ്നി എന്ന സംവിധാനത്തിലുടെ ലോകത്തിന്റെ ഏത കോണിലിരുന്നുവേണമെങ്കിലും നമുക്ക് ഉറ്റവരുടെ ചിതയ്ക്ക് തീ കൊളുത്താം.

കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാറാണ് ചിതാഗ്നിയെന്ന ഈ വേറിട്ട കണ്ടുപിടിത്തത്തിന് പിന്നിൽ.വളരെ ലളിതമായ പ്രവർത്തന രീതി കൂടിയാണ് ഇതിന്റെ പ്രത്യേകത. കോൽവിളക്കിന്റെ രൂപത്തിലുള്ള ഈ ഇലക്ട്രോണിക് ഉപകരണം, മുന്നിൽ ഒരു ലോഹപ്പാത്രം. ഉപകരണം ചിതയ്ക്കുതൊട്ടടുത്ത് വെക്കുന്നു. ദൂരദേശത്തുള്ള ബന്ധുവിന് വീഡിയോ കോളിലൂടെ രംഗം കാണാം. സമയമായാൽ അദ്ദേഹം ഒരു നമ്പർ ഡയൽ ചെയ്യുകയോ ടച്ച് സ്‌ക്രീനിൽ തൊടുകയോ ചെയ്താൽ ചിതയ്ക്കുസമീപംവെച്ച ഉപകരണത്തിൽനിന്ന്, എണ്ണവിളക്കിൽനിന്നെന്നപോലെ തീ കത്തി ചിതയിലേക്കുപടരും.

പ്രത്യേക സോഫ്റ്റ്‌വേറിലാണ് പ്രവർത്തനം. മരിച്ചയാളുടെ മക്കളോ മരുമക്കളോ എത്ര പേരുണ്ടെങ്കിലും ഏതുരാജ്യങ്ങളിലായാലും ഒരേസമയം ചിതയ്ക്ക് തീകൊളുത്താം. വീടുകളിലെത്തി ചിതയൊരുക്കിക്കൊടുക്കുന്ന സംഘങ്ങളുമായി ഈ സംവിധാനത്തെക്കുറിച്ച് സംസാരിച്ചതായി പ്രദീപ് കുമാർ പറഞ്ഞു.ഇതിന് ഒപ്പം തന്നെ ഉദ്ഘാടനങ്ങൾക്കും മറ്റും ഓൺലൈനായി നിലവിളക്ക് തെളിയിക്കാനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെ പൊലീസുകാർക്കുവേണ്ടി ഷോക്ക്‌ബാറ്റൺ, സ്ത്രീസുരക്ഷയ്ക്കായി കുരുമുളക് സ്പ്രേ മെഷീൻ, പൂവാലന്മാരെ ഓടിക്കുന്ന സ്റ്റെൻഗൺ, മോഷ്ടാവിന് തൊടാൻകഴിയാത്ത ഇലക്ട്രോണിക് ബ്രീഫ്കേസ് തുടങ്ങിയ കണ്ടുപിടിത്തകളും പ്രദീപ് നടത്തിയിട്ടുണ്ട്.സതേൺ ഇലക്ട്രിക് ആൻഡ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ എം.ഡി.യാണ് പ്രദീപ് കുമാർ.