ചെന്നൈ: നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഹേംനാഥിനെതിരേ ഗുരുതര ആരോപണങ്ങൾ. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിരിക്കുന്നത്. പരാതികൾ ബലപ്പെടുത്തും വിധം ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടൽ മുറിയിലെത്തിയപ്പോൾ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താൻ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതിൽ കുപിതയായ ചിത്ര മുറിയിൽ കയറി വാതിലടച്ചു. വാതിലിൽ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു.

ചിത്ര കുമാരൻ തങ്കരാജനൊപ്പം അഭിനയിക്കുന്നതിൽ ഹേംനാഥിന് കടുത്ത എതിർപ്പുണ്ടായിരുന്നു. അഭിനയം നിർത്താനും ആവശ്യപ്പെട്ടു. ചിത്ര വഴങ്ങാതിരുന്നപ്പോൾ വഴക്കിട്ടു, അതിന്റെ പേരിൽ മാനസികമായി ഒരുപാട് പീഡിപ്പിച്ചു എന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. നടി ചിത്രയുടെ മരണത്തിൽ ചെന്നൈ പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.ചിത്രയുടെ അച്ഛൻ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നസ്രത്ത്‌പേട്ട പൊലീസാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. ചിത്ര ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയതിനുപിന്നാലെ ഭർത്താവ് ഹേമന്ദിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസന്വേഷണം ഏകപക്ഷീയമാണെന്നാരോപിച്ച് ഹേമന്ദിന്റെ അച്ഛൻ രവിചന്ദ്രൻ സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. ഈനിലയിലാണ് കേസ് സെൻട്രൽ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയത്.

ഇരുവരുടെയും രജിസ്റ്റർ വിവാഹം കഴിഞ്ഞ് അധികനാളായിട്ടില്ലാത്തതിനാൽ പൊലീസന്വേഷണത്തിന് സമാന്തരമായി ശ്രീപെരുംപുതൂർ ആർ.ഡി.ഒ. യും അന്വേഷണം നടത്തിയിരുന്നു.മരണത്തിന് പിന്നിൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിട്ടില്ലെന്നും മറ്റേതോ കാരണത്താൽ നടി ജീവനൊടുക്കിയിരിക്കാമെന്നുമാണ് ആർ.ഡി.ഒ. റിപ്പോർട്ടിൽ പറയുന്നത്.സംഭവത്തിൽ വിശദവും സുതാര്യവുമായ അന്വേഷണമാവശ്യപ്പെട്ട്, കേസ് സി.ബി.സിഐ.ഡി. ക്ക് കൈമാറണമെന്ന് നേരത്തേ ചിത്രയുടെ അമ്മ വിജയ മുഖ്യമന്ത്രിയുടെ സി.എം. സെല്ലിൽ നിവേദനം നൽകിയിരുന്നു.

ഡിസംബർ 9നാണ് ചിത്ര നസ്രറത്ത്പേട്ടിലെ ഹോട്ടൽ മുറിയിൽ തുങ്ങിമരിച്ചത്. ഡിസംബർ 15 ന് ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങൾ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.