പത്തനംതിട്ട: കഴിഞ്ഞ രണ്ടു തവണ അടൂർ മണ്ഡലത്തിൽ ഗൽമർ സാന്നിധ്യമായിരുന്നു ചിറ്റയം ഗോപകുമാറിന്റേത്. 2011 ൽ പരീക്ഷണ സ്ഥാനാർത്ഥിയായി വന്ന്, യുഡിഎഫിലെ പടലപ്പിണക്കം മുതലാക്കി വിജയിച്ച ചിറ്റയത്തിന് 2016 ൽ എതിരാളിയെ നിഷ്പ്രഭമാക്കി ആദ്യ ജയം വെറും ഗിമ്മിക്കല്ല എന്ന് തെളിയിക്കാനും കഴിഞ്ഞിരിക്കുന്നു. മൂന്നാമങ്കത്തിലും ചിറ്റയം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നവരെ ഞെട്ടിച്ചു കൊണ്ട് സിപിഐ അടൂരിൽ പുതിയ സ്ഥാനാർത്ഥിയെ കൊണ്ടുവരുന്നുവെന്നാണ് സൂചന. ചിറ്റയത്തിന് എതിരേ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഉയർന്ന വലുതും ചെറുതുമായ ആരോപണങ്ങൾ പരിശോധിക്കാൻ തന്നെയാണ് തീരുമാനം. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ചിറ്റയത്തിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കാനിരുന്നതാണ്. എന്നാൽ, അടൂർ മണ്ഡലം കമ്മറ്റി ചേർന്ന് സ്ഥാനാർത്ഥി നിർണയം നടത്തി ജില്ലാ കമ്മറ്റിക്ക് ്കൈമാറാനാണ് സംസ്ഥാന നേതൃത്വം ഇന്നലെ നിർദേശിച്ചത്.

ആരോപണങ്ങളിലെ കാമ്പും കഴമ്പും ആറിന് ചേരുന്ന മണ്ഡലം കമ്മറ്റി ചർച്ച ചെയ്യും. വിവിധ പത്രങ്ങളിൽ ലക്ഷങ്ങളുടെ പരസ്യം നൽകി തൻെ്റ വികസന നേട്ടങ്ങൾ നാട്ടുകാർക്ക് മുന്നിലെത്തിക്കാൻ ശ്രമിച്ചതാണ് എംഎൽഎയ്ക്ക് ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്. സ്വയം വിഗ്രഹമാക്കി ചെയ്ത പരസ്യങ്ങൾ സിപിഐയുടെ ശൈലിക്ക് ചേർന്നതല്ല എന്നാണ് വിലയിരുത്തൽ. പരസ്യ നിരക്ക് കൂടുതലുള്ള പത്രങ്ങളിലാണ് കളർ പുള്ളൗട്ടുകൾ എംഎൽഎയുടേതായി വന്നത്. ഇതിനൊക്കെ മുടക്കാനുള്ള പണം എവിടെ നിന്നു വന്നുവെന്നത് അന്വേഷിക്കണം എന്നാണ് ആവശ്യം.

ഒരു പത്രത്തിൽ മാത്രമാണ് എംഎൽഎയുടെ സഹായമില്ലാതെ വികസന സപ്ലിമെന്റ് വന്നത്. ബാക്കി മൂന്നോളം പത്രങ്ങളിൽ എംഎൽഎ തന്നെ പണം മുടക്കി ചെയ്യുകയായിരുന്നുവെന്ന ആരോപണം പാർട്ടിക്കുള്ളിൽ നില നിൽക്കുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ചില സ്‌കൂളുകളിൽ ബസ് വാങ്ങി നൽകിയതും പിന്നീട് അതിന്റെയൊക്കെ പേരിൽ സിപിഐയുടെ ജില്ലാ നേതാവ് തന്നെ ചിറ്റയത്തെ അധിക്ഷേപിച്ച് സംസാരിച്ചതുമായ സാഹചര്യങ്ങളും വീണ്ടും പൊന്തി വന്നിട്ടുണ്ട്. ആ സമയത്തു പുറത്തു വന്ന ചില ഓഡിയോ ക്ലിപ്പുകൾ വീണ്ടും പുറത്തു വരാനുള്ള സാധ്യതയും പാർട്ടിയിലെ ചിലർ തള്ളിക്കളയുന്നില്ല.

തിരുവല്ലയിലെ ഹോം സ്റ്റേയിൽ നിന്ന് കള്ളനോട്ട് പിടിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായ ഒന്നാം പ്രതി പൊലീസിന് നൽകിയ മൊഴിയിൽ എംഎൽഎയുടെ അടുത്ത സുഹൃത്ത് അനിൽ എന്നൊരാൾ ആറുലക്ഷം രൂപ ഇരട്ടിപ്പിനായി കൊണ്ടു വന്നുവെന്ന് പറഞ്ഞിരുന്നു. തിരുവല്ല ഡിവൈഎസ്‌പി ആ മൊഴി മുക്കിയെങ്കിലും രഹസ്യാന്വേഷണ വിഭാഗങ്ങൾ ഗൗരവത്തിലെടുത്തു. വാർത്ത പുറത്തു വന്നതോടെ എസ്ഡിപിഐ ചിറ്റയം ഗോപകുമാറിനെതിരേ പ്രസ്താവന ഇറക്കി. എംഎൽഎ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചു.

തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ നടത്താനിരുന്ന മാർച്ച് ഡിവൈഎസ്‌പിയുടെ അഭ്യർത്ഥന പ്രകാരം മാറ്റി വയ്ക്കുകയും ചെയ്തു. എംഎൽഎയും എസ്ഡിപിഐയുമായി ഇക്കാര്യത്തിൽ ഒത്തു തീർപ്പുണ്ടായി എന്ന് സിപിഐ പ്രാദേശിക നേതാക്കൾ തന്നെ ആരോപിക്കുന്നു.അടുത്ത കാലത്ത് എറണാകുളത്ത് നിന്നുള്ള ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ എംഎൽഎ നടത്തിയ ഇടപെടലുകളും പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നു.

കൊട്ടാരക്കര സ്വദേശിയായ ചിറ്റയം പരീക്ഷണ സ്ഥാനാർത്ഥി എന്ന നിലയിലാണ് അടൂരിൽ വന്നത്. മണ്ഡലം പുനഃസംഘടനയ്ക്ക് ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. തുടർച്ചയായ മൂന്നു വർഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ വൻഭൂരിപക്ഷത്തിൽ ജയിച്ചയിടത്തായിരുന്നു ചിറ്റയത്തിന്റെ തേരോട്ടം. ഒരു ടേം കൂടി ചിറ്റയം ജയിച്ചതോടെ സിപിഎമ്മിലും മുറുമുറുപ്പായി. സിപിഎമ്മിന്റെ പ്രമുഖ ജില്ലാ സംസ്ഥാന നേതാക്കൾ എല്ലാം തന്നെ അടൂരിൽ നിന്നുള്ളവരാണ്. അവരുടെ പ്രാധാന്യം ചിറ്റയത്തിന്റെ വരവോടെ കുറഞ്ഞുവെന്ന തോന്നലാണ് സപിഎമ്മിന്റെ കലിപ്പിനുള്ള കാരണം. എന്തായാലും ചിറ്റയത്തിന് എതിരായ ആരോപണങ്ങൾ സംസ്ഥാന, ജില്ലാ കമ്മറ്റികൾ ഗൗരവമായി കണ്ടിരിക്കുകയാണ്. മുൻ എംപി ചെങ്ങറ സുരേന്ദ്രൻ മത്സരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതും ഇതൊക്കെ മുൻകൂട്ടിക്കണ്ടാണ്.