മലപ്പുറം: മലപ്പുറത്ത് പ്രാക്തനാ ആദിവാസി വിഭാഗമായ ചോലനായ്ക്കരിൽ ഇതുവരെ കോവിഡ് വാക്‌സിനെടുത്തത് വെറും ആറുപേർ മാത്രം, കോവിഡ് ബാധിച്ച ഏക വ്യക്തി മരണത്തിനും കീഴടങ്ങി. നിലമ്പൂർ ഉൾക്കാട്ടിൽ കഴിയുന്ന പ്രാക്തനാ ആദിവാസി വിഭാഗത്തിന് വേണ്ട പരിഗണന നൽകാതെ സർക്കാറും. ആകെ നാനൂറിൽ താഴെ മാത്രം ജനസംഖ്യയുള്ള ചോലനായ്ക്കരിൽ കോവിഡ് സ്ഥീരികരിച്ച ഏക വ്യക്തി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ഈവിഭാഗത്തിലെ പാണപ്പുഴ രവിക്കു മാത്രമായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ രണ്ടാമത് നടത്തിയ ടെസ്റ്റിൽ ഇയാൾക്ക് കോവിഡ് നെഗറ്റീവായി റിപ്പോർട്ട് വന്നതിനു പിന്നാലെയാണു മരണം സംഭവിച്ചത്. നിലമ്പൂർ മേഖലയിൽ വസിക്കുന്ന നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈക്കൂട്ടരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് വെറും ആറുപേർ മാത്രമാണ്. ഹൃദയ സംബന്ധമായും കാലിനും അസുഖമുണ്ടായിരുന്ന രവിയെ രണ്ടുവർഷം മുമ്പാണ് ആദ്യമായി നാട്ടിൽ ചികിത്സക്കെത്തിച്ചത്. കാലിന്റെ അസുഖ സംബന്ധമായി് രവിയെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്നു നടന്ന ചികിത്സയിലാണു കോവിഡ് പോസീറ്റീവാണെന്ന റിപ്പോർട്ട് വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

ജനസംഖ്യവളരെ കുറവാണെങ്കിലും ചോലനായ്ക്ക വിഭാക്കാരെ കോവിഡ് പരിശോധനക്കെത്തിക്കുക എന്നതും വെല്ലുവിളിയാണ്. എല്ലാ ബുധനാഴ്‌ച്ചകളിലും ചോലനായ്ക്ക കോളനികളിലേക്കു ആരോഗ്യവകുപ്പു പരിശോധനക്കു പോകുന്നുണ്ടെങ്കിലും ഇതുവരെ ഇവിടെ മറ്റാർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ലഭ്യമായ ആളുകളുടെ കോവിഡ് ടെസ്റ്റും നേരത്തെ ഇവിടെ നടത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ മൊബൈൽ ഡിസ്‌പെൻസറി, കരുളായി പി.എച്ച്.സി, ഐ.ടി.ഡി.പി, മറ്റൊരു ആയുർവേദ ഡോക്ടർ എന്നീ നാലു വിഭാഗങ്ങളാണ് ഓരോ ആഴ്ചകളിലായി ചോലനായ്ക്ക കോളനിയിൽപോകാറുള്ളത്്.

ലോക്ഡൗൺ കാരണം ഈകാലയളവിലെ ചില ആഴ്‌ച്ചകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കു സന്ദർശിക്കാനും കഴിഞ്ഞിരുന്നില്ല. അതേ സമയം ചോലനായ്്ക്ക വിഭാഗത്തിൽ കോവിഡ് വ്യാപനമുണ്ടായാൽ പിടിച്ചുനിർത്താൻ കഴിയില്ലെന്നും ഉൾക്കാട്ടിലും ഗുഹയിലുംവരെ താമസിക്കുന്ന ഇക്കൂട്ടരെ കണ്ടെത്തുക എന്നതു തന്നെ വലിയ വെല്ലുവിളിയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ചോലനായ്ക്ക കോളനികളിലേക്കുള്ള സന്ദർശനങ്ങളും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഊരുകളിലുള്ളവർക്കു മാസ്‌കും സാനിറ്റൈസറും ഒന്നും ഇതുവരെ കണ്ടുപരിചയംപോലും ഇല്ലാത്തവയാണ്്.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഊരുകളിലെത്തുമ്പോൾ നിർബന്ധിപ്പിച്ചാണു പലരെകൊണ്ടും മാസ്‌കുകൾ ധരിപ്പിക്കുന്നത്.