കൊണ്ടോട്ടി: മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായി ക്രിസ്ത്യൻ വനിതയ്ക്ക് മദ്രസയിൽ അന്ത്യശുശ്രൂഷ.എടവണ്ണപ്പാറക്കടുത്ത് ചീക്കോട് പഞ്ചായത്തിലെ പൊന്നാട് തഹ്ലീമുൽ ഇസ്ലാം മദ്‌റസയാണ് പതിവില്ലാത്ത ഒരു ചടങ്ങിന് വേദിയായത് പൊന്നാട് തഹ്ലീമുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് എന്ന 84- കാരിക്കാണ് മദ്രസയിൽ അന്ത്യശുശ്രൂഷ നൽകിയത്.

വെള്ളിയാഴ്ച രാത്രിയാണ് ക്രിസ്തുമത വിശ്വാസിയായ ബ്രിഡ്ജറ്റ് മരിച്ചത്. ഉറ്റവരും ബന്ധുക്കളും സ്ഥലത്തില്ലാത്തതിനാൽ മൃതദേഹ പരിപാലനത്തിന് നേതൃത്വം നൽകിയത് നാട്ടുകാരായ സ്ത്രീകളാണ്. ശനിയാഴ്ച് വൈകീട്ട് കോഴിക്കോട്ട് സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. വെള്ളിയാഴ്ച രാത്രി മുതൽ മൃതദേഹം സൂക്ഷിക്കാൻ സി.എച്ച് സെന്ററിന്റെ ഫ്രീസറെത്തിച്ചു. എന്നാൽ, വെക്കാൻ വീട്ടിൽ ഇടമില്ലാത്തതോടെ തൊട്ടടുത്ത മദ്‌റസയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി ക്ലാസ് റൂം തുറന്നുനൽകി.ഇതിന് മുൻപ് അയൽവാസികളായ മുസ്ലിം സ്ത്രീകളടക്കം എത്തി അമ്മച്ചിയെ അവസാനമായി കുളിപ്പിച്ചു. പൊന്നാട് മഹല്ല് ജുമഅത്ത് പള്ളിയിൽനിന്ന് സ്ട്രച്ചർ എത്തിച്ചാണ് കുളിപ്പിച്ചത്. ശനിയാഴ്ച രാവിലെ മൃതദേഹം സൂക്ഷിച്ച ക്ലാസ് മുറിയിലെ പഠനം ഒഴിവാക്കി.

കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് മഞ്ചേരിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിയിൽനിന്ന് വിരമിച്ച ശേഷം നാലുസെന്റിൽ വീട് നിർമ്മിച്ച് 13 വർഷമായി പൊന്നാട്ടാണ് താമസം. ഭർത്താവിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ട ഇവർക്ക് കൂടെ ജോലിചെയ്തിരുന്ന ജാനകി മാത്രമാണ് കൂട്ടുണ്ടായിരുന്നത്. അയൽവാസികളുടെ സൗഹൃദത്തിലായിരുന്ന ബ്രിഡ്ജറ്റ് റിച്ചാഡ്‌സിനെ നാട്ടുകാർ അമ്മച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്.

കോഴിക്കോട്ടു നിന്നെത്തിയ പള്ളിവികാരിയാണ് വീടുകളിൽ നടത്തേണ്ട അന്ത്യശുശ്രൂഷയ്ക്ക് നേതൃത്വംനൽകിയത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തീകരിച്ച് മദ്രസയിൽനിന്ന് കോഴിക്കോട് വെസ്റ്റ്ഹിൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ടി.വി. ഇബ്രാഹിം എംഎ‍ൽഎ. അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.

സഹോദരപുത്രൻ ജുനുവിന്റെ ഭാര്യ മിനിയും നാട്ടുകാർക്കൊപ്പം കർമങ്ങൾ നിർവഹിച്ചു. ഉച്ചക്കുശേഷം കൊണ്ടുപോയ മൃതദേഹം കോഴിക്കോട് വെസ്റ്റ് ഹിൽ സി.എസ്‌ഐ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. മഞ്ചേരി സ്വദേശിയായിരുന്ന ഭർത്താവ് സുന്ദരൻ നേരത്തേ മരിച്ചിരുന്നു. ഇവർക്ക് കുട്ടികളില്ല