ആലപ്പുഴ: വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്ത സംഭവത്തിൽ പുതിയ കണ്ടെത്തലുകൾ. പൊലീസ് കേസെടുത്ത രാമങ്കരി സ്വദേശിനി സിസി സേവ്യർ തന്റെ പേരിനോട് സാമ്യമുള്ള മറ്റൊരു അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് ആലപ്പുഴ ബാർ അസോസിയേഷനിൽ എന്റോൾ ചെയ്തിരിക്കുന്നത്. ഇതോടെ സിസി സേവ്യറിനെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

കെ/1177/2018 എന്ന നമ്പർ, ബാർ അസോസിയേഷന്റെ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ അഭിഭാഷകയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയത്. മാത്രമല്ല, ഇപ്പോൾ ഇവർ ഹാജരാക്കിയിട്ടുള്ള സർട്ടിഫിക്കറ്റുകളൊന്നും തന്നെ ഓഫീസിലില്ലെന്നും, ഇവർ ലൈബ്രറി-ഇൻചാർജ് ആയിരുന്നതുകൊണ്ട് ഇവർ തന്നെ അവമാറ്റിയതാണെന്നും ബാർ അസോസിയേഷൻ ആരോപിക്കുന്നുണ്ട്. അതിനാൽ മോഷണത്തിനും കേസ് ചാർജ് ചെയ്യണമെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സിസി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങി വകുപ്പുകൾ ചുമത്തി കേസെടുത്തത്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവർ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

സിസി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എന്റോൾമെന്റ് നമ്പർ നൽകി അംഗംത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് സിസി സേവ്യർ ഒളിവിലാണ്. അതേസമയം ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കി.

ബംഗളൂരുവിൽ ആണ് സിസി സേവ്യർ പഠിച്ചത് എന്നാണ് പറഞ്ഞിരുന്നത്. ആദ്യം ആലപ്പുഴയിൽ ട്രെയിനിയായി എത്തുകയും ഒരുമാസത്തിന് ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്താണ് സെസി ആലപ്പുഴയിൽ തിളങ്ങിയത്. നിയമപഠനം നടത്തിയ ഇവർ പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു. ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

കോടതി നിർദ്ദേശ പ്രകാരം നിരവധി കമ്മിഷനുകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നും അറിയുന്നു. നിലവിലെ സാഹചര്യത്തിൽ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടേക്കാം. സിസി സേവ്യർ നിയമപഠനത്തിൽ വിജയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ ബാർ അസോസിയേഷനിൽ ഊമക്കത്ത് ലഭിച്ചിരുന്നു. കൂടെ പഠിച്ചവരാണ് ഇത് അയച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

തുടർന്നാണ് പരിശോധന നടത്തിയതും ബാർ അസോസിയേഷൻ ഇവരോട് വിശദീകരണം ചോദിച്ചതും. പൊലീസ് സംഭവത്തിൽ കേസെടുത്തതോടെ ഒളിവിൽ പോയിരിക്കുകയാണ് ഇവർ.