ന്യൂഡൽഹി: രാജ്യത്തെ സിനിമാ നിയമങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ ഒരുങ്ങഇ കേന്ദ്രസർക്കാർ. സിനിമ സർട്ടിഫിക്കേഷൻ കാര്യത്തിലാണ് കാര്യമായ മാറ്റത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുൻപിൽ വെയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകൾക്ക് സർട്ടിഫിക്കേഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാനും ഭേദഗതിയിൽ അനുമതി നൽകുന്നുണ്ട്. 1952ലെ നിയമപ്രകാരം യു പൊതുപ്രദർശനത്തിന് യോഗ്യമായത്, എ പ്രായപൂർത്തിയായവർക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് 1982ലാണ് പുതിയ രണ്ട് കാറ്റഗറികൾ കൂടി ഉൾപ്പെടുത്തിയത്. യു/എ- പൊതുപ്രദർശനത്തിന് യോഗ്യമായതും എന്നാൽ 12 വയസിന് താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം കാണേണ്ടതും, എസ് ഡോക്ടർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങൾ എന്നീ സർട്ടിഫിക്കേഷനുകളായിരുന്നു ഇത്.

ഇത്തരത്തിൽ നാല് രീതിയിലാണ് നിലവിൽ രാജ്യത്തെ എല്ലാ സിനിമകൾക്കും സർട്ടിഫിക്കേഷൻ നടക്കുന്നത്. ഇപ്പോൾ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികൾ പ്രകാരം യു/എ സർട്ടിഫിക്കേഷനിൽ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികൾ ഉണ്ടാകും. ഏഴ് വയസിന് മുകളിൽ, 13 വയസിന് മുകളിൽ, 16 വയസിന് മുകളിൽ എന്നിങ്ങനെയാണ് ഇപ്പോൾ കാറ്റഗറികൾ നിർദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയിൽ തുടരും.

പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ഏറെ നാളായി ചർച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. 2013ൽ പ്രത്യേക കമ്മിറ്റിയെ വെച്ച് ഈ വിഷയം പഠിച്ചിരുന്നെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളോട് സിനിമാലോകം കാര്യമായ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.