മുംബൈ: വിമാനത്താവളത്തിൽവച്ച് അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ കൈ തട്ടിമാറ്റി സൂപ്പർതാരം ഷാരുഖ് ഖാൻ. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. മാനേജർ പൂജ ദദ്ലാനിക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് തിരക്കിട്ട് ഇറങ്ങവേയാണ് സെൽഫിയെടുക്കാൻ ആരാധകൻ ശ്രമിച്ചത്. ഇത് നടനെ ശരിക്കും ചൊടിപ്പിച്ചു.

താരം നടന്നുപോകുന്നതിനിടെ എയർപോർട് സ്റ്റാഫ് കൂടിയായ വ്യക്തി അനുവാദം ചോദിക്കാതെ മൊബൈലുമായി താരത്തിനരികിലെത്തി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ താരം പോകുന്ന വഴി ആരാധകന്റെ കൈ തട്ടിമാറ്റുകയായിരുന്നു. അതിനു പിന്നാലെ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്നു നീങ്ങിയ താരം കാറിൽ കയറുന്നതും കാണാം.

താരത്തെ കാണാൻ നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്. ആരാധകർക്കിടയിലൂടെ ഏറെ കഷ്ടപ്പെട്ടാണ് താരം കാറിൽ കയറിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഷാറുഖിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആരാധകരില്ലെങ്കിൽ താരങ്ങളില്ലെന്നായിരുന്നു ഒരാളുടെ അഭിപ്രായം. എല്ലാവരെയും പോലെ സിനിമാതാരങ്ങളും മനുഷ്യരാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. രാജ്കുമാർ ഹിറാനിയുടെ 'ഡങ്കി' എന്ന ചിത്രത്തിലാണ് ഷാറുഖ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. കൂടാതെ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനാണ് മറ്റൊരു ചിത്രം. നയൻതാര നായികയായി എത്തുന്ന ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും.