കൊച്ചി: പ്രമുഖ തെന്നിന്ത്യൻ നടി അമല പോൾ വീണ്ടും വിവാഹിതയായി. കുറച്ചു കാലമായി സുഹൃത്തായിരുന്ന ജഗദ് ദേശായി ആണ് വരൻ. സൂറത്ത് സ്വദേശിയും ഗോവയിലെ പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയായ ജഗത് ദേശായിയാണ് വരൻ. രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ ജഗത് ദേശായിയാണ് സോഷ്യൽമീഡിയ വഴി പങ്കിട്ടത്.

കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്റ് ഹയാത്ത് ബോൾഗാട്ടിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാരീഡ് എന്ന ഹാഷ്ടാഗിലാണ് ജഗത് ദേശായി ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെയാണ് അമലയുടെ വിവാഹം കഴിഞ്ഞ വിവരം ആരാധകരും അറിഞ്ഞത്. വളരെ സിംപിളായ വിവാഹമായിരുന്നുവെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 'ഇനിയുള്ള ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്' എന്നു പറഞ്ഞുകൊണ്ടാണ് വിവാഹ ചിത്രങ്ങൾ ജഗദ് പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ എത്തിയതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ചു രംഗത്തുവന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ഇണങ്ങുന്ന ചോക്കറും മോതിരവും കമ്മലുമാണ് അമല ധരിച്ചിരുന്നത്. ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു ജഗത് ദേശായിയുടെ വേഷം.

എന്നാൽ അമലയുടെ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഒരു എൻഗേജ്‌മെന്റ് എന്ന രീതിയിലാണ് കൊച്ചിയിൽ ചടങ്ങുകൾ നടന്നതെന്നും ജഗതിന്റെ കുടുംബാംഗങ്ങളുടെ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ വൈകാതെ ജഗതിന്റെ ജന്മനാട്ടിൽ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രമുഖ സൗത്ത് ഇന്ത്യയിലെ സെലിബ്രിറ്റികളെല്ലാം അമലയ്ക്കും ജഗതിനും സോഷ്യൽ മീഡിയ വഴി ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽമീഡിയ വഴി അമലയും ജഗതും പ്രണയം പരസ്യപ്പെടുത്തിയത്. അമലയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു അന്ന്. ഈ പിറന്നാളിന് ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയതിന്റെ സന്തോഷവുമായാണ് അമല പോൾ പിറന്നാൾ ആഘോഷിച്ചത്. ജഗത് ദേശായിയുമായി സ്വപ്നം പോലൊരു വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഗുജറാത്ത് സ്വദേശിയാണ് അമലയുടെ പ്രിയതമൻ ജഗത്. പാട്ടും പാടി നൃത്തവും ചെയ്താണ് ജഗത് അമലയോട് പ്രൊപോസൽ നടത്തിയത്.''മൈ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു'' എന്നായിരുന്നു ജഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.

അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം അറിയിച്ചത്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന നർത്തകരിൽ ഒരാൾ ജഗദിനെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. അവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്‌നേഹ ചുംബനം നൽകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേർത്തിരുന്നു.

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ജഗതിനെ അമല ഒരു പാർട്ടിക്കിടെ കണ്ടുമുട്ടിയതാണ്. അവിടെത്തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അമലയുടെ ആദ്യ വിവാഹം ദൈവത്തിരുമകൾ അടക്കമുള്ള സിനിമകളുടെ സംവിധായകൻ എ.എൽ വിജയിയുമായിട്ടായിരുന്നു. ക്രിസ്ത്യൻ, ഹിന്ദു ആചാര പ്രകാരം ഗംഭീരമായി നടന്ന വിവാഹത്തിൽ ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണെങ്കിൽ കൂടിയും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അമലയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം വിജയ് വീണ്ടും വിവാഹിതനായി. അമല എന്നാൽ സിംഗിൾ ലൈഫ് നയിക്കുകയായിരുന്നു.

അതിനിടയിൽ സുഹൃത്തായ ഉത്തരേന്ത്യൻ ഗായകൻ അമലയുടെ ഒപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിവാഹമെന്ന നിലയിൽ പ്രചരിപ്പിച്ചിരുന്നു. അതിൽ അമല പോൾ പരാതി നൽകുകയും ചെയ്തു. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.