കൊച്ചി: മലയാളി നടിയും യുഎൻ ഉദ്യോഗസ്ഥയുമായ അപൂർവ ബോസും ഭർത്താവ് ധിമൻ തലപത്രയും വീണ്ടും വിവാഹിതരായി. നേരത്തെ രണ്ടുപേരും വീട്ടുകാരുടെ സാന്നിധ്യത്തിൽ രജിസ്റ്റർ വിവാഹം നടത്തിയിരുന്നു. രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന ഇരുവർക്കും അന്ന് ആചാരപ്രകാരമുള്ള വിവാഹം നടത്താൻ ലഭിച്ച സമയക്കുറവാണ് രജിസ്റ്റർ വിവാഹത്തിൽ എത്തിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഇക്കുറി ഭർത്താവിന്റെ ആചാരപ്രകാരമാണ് അപൂർവയുടെ വിവാഹം നടന്നത്. വിവാഹച്ചടങ്ങുകളിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. കുടുംബത്തിലെ ചില മുതിർന്ന അംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അന്ന് പെട്ടെന്നൊരു വിവാഹം നടത്തേണ്ട സാഹചര്യം വന്നത്. ശേഷം രണ്ടുപേരും അമ്പലത്തിൽ വച്ചൊരു മാലയിടൽ നടത്തിയിരുന്നു.

അഗ്നിസാക്ഷിയായി നടത്തിയ വിവാഹത്തിൽ വധൂവരന്മാർ ബീജ് നിറത്തിലെ വസ്ത്രങ്ങളാണ് ധരിച്ചത്. അപൂർവയുടേത് സാരിയും, ധിമന്റേത് കുർത്തയുമായിരുന്നു. രസകരമായ ചടങ്ങുകളും നടന്നു. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അഭിനയത്തിന് പുറമേ ഐക്യരാഷ്ട സഭയിൽ കമ്മ്യൂണിക്കേഷൻ കൺസൽട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ്വ. കുടുംബത്തോടൊപ്പം നവംബറിൽ ആചാരപ്രകാരം വിവാഹം നടത്തുമെന്ന് അപൂർവ നേരത്തെ പറഞ്ഞിരുന്നു. പ്രണയം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ, ഹേ ജൂഡ്, പകിട തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികൾക്ക് ശ്രദ്ധേയയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്ട്‌സ് ക്ലബ് ആണ് താരത്തിന്റെ ആദ്യ ചിത്രം.