ബംഗളൂരൂ: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ സന്തോഷിനെതിരെ പൊലീസ് കേസ് എടുത്തു. നിരവധി കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരെ ബ്യൂട്ടീഷ്യനായ 27കാരിയാണ് ജ്ഞാൻ ഭാരതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

2019ൽ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സന്തോഷ് യുവതിയുമായി അടുത്തത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി നഗരത്തിലെ ലോഡ്ജുകളിൽ വച്ച് പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

മൂന്ന് വർഷമായിട്ടും സിനിമയിൽ വേഷം ലഭിക്കാത്തതിനെ തുടർന്നും സന്തോഷിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നറിഞ്ഞതിനും പിന്നാലെ അയാളിൽ നിന്ന് അകലുകയായിരുന്നെന്ന് യുവതി പറയുന്നു. എന്നാൽ കഴിഞ്ഞ പതിനാലാം തീയതി സന്തോഷ് വീട്ടിലെത്തി വഴക്കിടുകയും തന്നെ കാണണമെന്ന് നിർബന്ധിക്കുകയും ചെയ്തു.

ഇല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. സ്്ത്രീകൾക്കെതിരായ ബലപ്രയോഗം, വഞ്ചന ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം നടനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.