മുംബൈ: ബോളിവുഡിൽ നിന്നും സിനിമാ ജീവിതം തുടങ്ങി ഹോളിവുഡിൽ ശോഭിച്ച നടിയാണ് പ്രിയങ്ക ചോപ്ര. തുടക്കകാലത്ത് മോശം അനുഭവങ്ങൾ നേരിട്ട ശേഷം മുൻനിരയിലേക്ക് അവർ ഉയരുകയും ചെയ്തു. ബോളിവുഡിൽ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നേരത്തേ പലവട്ടം പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ വീണ്ടും അതേക്കുറിച്ചു തുറന്നു പറഞ്ഞിരിക്കയാണ് പ്രിയങ്ക.

ഇപ്പോൾ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകനിൽ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ചും താൻ നേരിട്ട അപമാനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെ, 'ഇത് നടക്കുന്നത് 2002 ലോ 2003 ലോ ആണ്. നായകനെ വശീകരിക്കാൻ ശ്രമിക്കുന്ന കഥാപാത്രമാണ് എന്റേത്. ദേഹത്തു നിന്ന് ഓരോ വസ്ത്രമായി അഴിച്ചു മാറ്റണം.

ഈ സമയത്താണ് സംവിധായകൻ വിളിച്ചു പറയുന്നത്, എനിക്ക് അവളുടെ അടിവസ്ത്രം കാണണം, അല്ലാതെ ആരാണ് ഈ സിനിമ കാണാൻ തിയേറ്ററിലേക്ക് വരിക? അയാൾ അത് എന്നോട് നേരിട്ടല്ല പറയുന്നത്, എന്റെ മുന്നിലുള്ള സ്‌റ്റൈലിസ്റ്റിനോടായിരുന്നു അയാളിങ്ങനെ വിളിച്ചു പറഞ്ഞത്. മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അത്.

എന്നെ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി ഞാൻ മറ്റൊന്നുമല്ല, എന്റെ കല പ്രധാനമല്ല, ഞാൻ എന്ത് സംഭാവന ചെയ്യുന്നു എന്നത് പ്രധാനമല്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. രണ്ട് ദിവസത്തിനു ശേഷം ആ സിനിമ വേണ്ടെന്നു വെച്ച് ഇറങ്ങിപ്പോന്നു. കാരണം അയാളെ എന്നും കാണേണ്ടി വരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു'- പ്രിയങ്കയുടെ വാക്കുകൾ.

ബോളിവുഡിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തെ കുറിച്ചും പ്രിയങ്ക തുറന്നു പറഞ്ഞിട്ടുണ്ട്. ഇൻഡസ്ട്രിയിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു എന്ന് തോന്നിത്തുടങ്ങിയതോടെയാണ് ബോളിവുഡിനോട് വിട പറഞ്ഞതെന്നാണ് പ്രിയങ്ക പറയുന്നത്. എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായി പ്രശ്‌നങ്ങളുമുണ്ടായി. ആ പൊളിടിക്‌സിൽ എനിക്ക് മടുത്തിരുന്നു. ഒരു ബ്രേക്ക് വേണമെന്ന് തോന്നി. അതോടെയാണ് ബോളിവുഡിൽ നിന്നും മാറിയത്.