ഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശവുമായി ഡൽഹി ജിബി പന്ത് ആശുപത്രി. ആശുപത്രി പുറത്തിറക്കിയ സർക്കുലറും വിവാദത്തിൽ. ആശുപത്രിയിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നും മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതല്ലെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

സർക്കുലർ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ഡൽഹിയിലെ മലയാളി നഴ്‌സുമാർ രംഗത്തെത്തി.ഡൽഹിയിലെ വിവിധ സർക്കാർ ആശുപത്രിയിലെ മലയാളി നഴ്‌സുമാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമാകുകയാണ്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റർ ക്യാമ്പയിൻ ആരംഭിച്ചു. വിവാദ സർക്കുലറിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സർക്കുലർ അത്ഭുതപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടിയുണ്ടാകണമെന്ന് ശശി തരൂരും പ്രതികരിച്ചു.