കോഴിക്കോട്: ഈ തെരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിലേക്ക് കൂടി വിജയം വ്യാപിപ്പിച്ച ട്വന്റി ട്വന്റി അഭിനന്ദനങ്ങൾക്കൊപ്പം കടുത്ത വിമർശനവും നേരിടുന്നുണ്ട്. കടുത്ത അരാഷ്ട്രീയതായാണ് ഈ പാർട്ടി ഉയർത്തുന്നതെന്ന് ആരോപിക്കയാണ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക്ക് ചന്ദ്രൻ. ഇതേ ടെക്ക്നിക്ക് തന്നെയാണ് പിണറായി വിജയന്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിവിക്ക് ഒരു ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനം നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

സിവിക്ക് ചന്ദ്രന്റെ ലേഖനം ഇങ്ങനെയാണ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ, കാൽ നൂറ്റാണ്ട് തികയുന്ന ജനകീയാസൂത്രണവും വികേന്ദ്രീകൃതാധികാരവും ചർച്ച ചെയ്യപ്പെട്ടേ ഇല്ല. ഏതാനും മാസം കഴിഞ്ഞ് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായതിനാൽ കോർപറേഷൻ - മുനിസിപ്പാലിറ്റി - ത്രിതല പഞ്ചായത്ത് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സാധാരണ ചർച്ചയാവേണ്ട ഒരു വിഷയവും ഒരിടത്തും ഉന്നയിക്കപ്പെടുക പോലുമുണ്ടായില്ല. മൂന്ന് മുന്നണികൾ, എൽ.ഡി.എഫും യു.ഡി.എഫും സ്വന്തം നില മെച്ചപ്പെടുത്താനും മറ്റേ മുന്നണിയെ മറികടക്കാനും എൻ.ഡി.എ ആവട്ടെ ഇരച്ചു കയറി സ്വന്തം തട്ടകമുറപ്പിക്കാനും നടത്തിയ ജീവന്മരണ പോരാട്ടമായി മാറി തെരഞ്ഞെടുപ്പ്.

ഫല പ്രഖ്യാപനം പൂർത്തിയാവുമ്പോൾ വിജയ പതാക കൂടുതൽ ഉയരത്തിലുയരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത് തന്നെ (എന്തിത്ര പൂവേ, എത്രയുമിഷ്ടത്താൽ ഇത്രയും ചുവന്നു തുടുക്കാൻ ?), മുന്നണിയിൽ തന്നെ സിപിഎമ്മിന്റെത്. സിപിഎമ്മിന്റേത് എന്നാൽ ക്യാപ്റ്റൻ പിണറായി വിജയന്റേതുതന്നെ. ഈ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടി നേരിട്ടിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിലേക്ക്, പാർട്ടി സെക്രട്ടറി എന്ന പഴയ ലാവണത്തിലേക്കു തിരിച്ചുപോയി പഴയ ചെങ്കോൽ കയ്യിലെടുത്ത് ശൈലജ ടീച്ചറെ മുന്നിൽ നിർത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമായിരുന്നു. ഇനിയിപ്പോൾ ഒരു മാറ്റവുമാവശ്യമേ ഇല്ല. പുതിയ മാൻഡേറ്റിന്റെ പത്തരമാറ്റ് തിളക്കത്തിലിതാ പിണറായി സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെത്തുന്നു, രണ്ടാമൂഴം ആവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു.

എന്നാൽ ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചതേത് മാതൃക ? 1957 മുതലുള്ള ഏത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണ മാതൃക ? ഇ.എം.എസിന്റെ, അച്ചുതമേനോന്റെ, നായനാരുടെ, അച്യുതാനന്ദന്റെ... ഇതൊന്നുമല്ലെന്നോ? ഇങ്ങനെ ആലോചിക്കുമ്പോഴാണ് കിഴക്കമ്പലത്തെ ട്വന്റി 20 കോർപ്പറേറ്റ് ഭരണ മാതൃക ചിത്രത്തിൽ വരുന്നത്. അവർ കിഴക്കമ്പലത്ത് തിരിച്ചുവരുക മാത്രമല്ല മറ്റ് മൂന്ന് പഞ്ചായത്തുകളിലെ വോട്ടർമാർ കൂടെ ആ അരാഷ്ടീയ കോർപ്പറേറ്റ് മാതൃക പകർത്താനായി സ്വയം സന്നദ്ധരായി മുന്നോട്ടു വരുകയും ചെയ്തിരിക്കുന്നു. സ്റ്റാറ്റസ്‌കോ നിലനിർത്തുക മാത്രമല്ല നാലിരട്ടി വിജയമാണവർ നേടിയെടുത്തിരിക്കുന്നത്.

പഴയ ചായക്കടകളിൽ എഴുതി വെച്ചിരുന്നതു പോലെ ദയവായി രാഷ്ടീയം പറയരുത് എന്നത് തന്നെയാണീ അംഗീകരിക്കപ്പെട്ട മാതൃകയുടെ ചുവരെഴുത്ത്. അരിയും പലവ്യഞ്ജനങ്ങളും സൗജന്യമായോ വില കുറച്ചോ തരൂ. ചുരുങ്ങിയ ചെലവിൽ ചികിത്സയും വിദ്യാഭ്യാസവും, അർഹർക്ക് അവശ പെൻഷനും നൽകൂ. രാഷ്ടീയം എട്ടു മണി ചർച്ചകളിലെ വേറെ പണിയൊന്നുമില്ലാത്ത പരിഷകൾക്ക് വിട്ടു കൊടുത്തേക്കൂ- ഇതാണ് ട്വന്റി 20 മാതൃകയുടെ അരാഷ്ട്രീയത. ഒന്നൂടി ആലോചിച്ചാൽ ബോധ്യമാവും, കിറ്റക്‌സ് ചെയ്തതെന്തോ അതാവർത്തിച്ചതാണ് പിണറായിയുടെ വിജയത്തിനുമടിസ്ഥാനം എന്ന്.

സിപിഎം സെക്രട്ടറി എ. വിജയരാഘവനും കോൺഗ്രസിന്റെ മുല്ലപ്പള്ളിയും ചെന്നിത്തലയും ബിജെപിയുടെ സുരേന്ദ്രനും ഒരേ പോലെ അടിയറവ് പറഞ്ഞത് കിറ്റക്‌സ് മാതൃക സംസ്ഥാന വ്യാപകമാക്കിയ പിണറായിക്കു മുമ്പിലാണ്.

മൂന്ന് മുന്നണികളേയും രാഷ്ടീയമായി നയിച്ചവർ സ്ഥാനമൊഴിയുകയാണ്, തെരഞ്ഞെടുപ്പ് ഫലം ഗൗരവമായെടുക്കുകയാണെങ്കിൽ അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ട ജനാധിപത്യ മര്യാദ. കിറ്റക്‌സ് സി.ഇ.ഓക്കും ഇടത് സിഇഒ പിണറായിക്കും കേരളത്തെ വിട്ടുകൊടുത്തേക്കു. കിട്ടിയ കിറ്റിന്, ഉണ്ട ചോറിന് നന്ദിയുള്ളവരാണ് കഴക്കമ്പലത്തെ മാത്രമല്ല മുഴു കേരളത്തിലെയും ബഹുമാന്യ വോട്ടർമാർ. തെരഞ്ഞെടുപ്പാനന്തരം അവശേഷിക്കുന്ന രാഷ്ടീയ വിശ്വാസം ഒരു ഫേസ്‌ബുക്ക് സുഹൃത്തിന്റെ നിഷ്‌കളങ്കമായ ആഗ്രഹ പ്രകടനമാണ്: ആന്തൂരിൽ അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് വെച്ച് ശിഷ്ടകാലം സ്വസ്ഥമായി ജീവിക്കാനായെങ്കിൽ ! സമയാസമയത്ത് കിറ്റും പെൻഷനും കിട്ടിയാൽ മാത്രം മതി, ആറ് മണിയുടെ പത്ര സമ്മേളനവും മുടക്കരുതേ. പ്രതിപക്ഷത്തിന്റെ ന്യൂയിസൻസ് പോലുമില്ലാതെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന കുഞ്ഞാഗ്രഹം മാത്രം അവശേഷിക്കുന്ന അരാഷ്ട്രീയ ജനത മാത്രം നാം.

ഇത്രയും കൂടെ: വോട്ടർമാർ ആര് തങ്ങളെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്? ഉദാഹരണം: കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം വാർഡിൽ നിന്ന്. സ്വർണ കള്ളക്കടത്തു കേസിൽ പൊലിസ് ചോദ്യം ചെയ്താലെന്ത്. പൊതുജനാഭിപ്രായം മാനിച്ച് പാർട്ടി സ്ഥാനാർത്ഥിത്വം പിൻവലിച്ച് മറ്റൊരാളെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിലെന്ത് ?. അപരന് ഏഴ് വോട്ട് കൊടുത്താലും പകരം വന്ന സ്വന്തം സ്ഥാനാർത്ഥിയുടെ വോട്ടു പെട്ടിയിൽ അയാളുടെ സ്വന്തം വോട്ട് പോലും വീഴരുതെന്ന് ശഠിച്ച് സംപൂജ്യനാക്കി കാരാട്ട് ഫൈസലിനെ തന്നെ പ്രതിനിധിയായി തെരഞ്ഞെടുത്ത വോട്ടർമാർക്ക് നമോവാകം!