ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി. സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടർന്നാണ് അഭിലാഷ് ചന്ദ്രൻ ഡോക്ടറെ മർദ്ദിച്ചത്.

കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ പൊലീസുകാരനെതിരെ സർക്കാർ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. ഈ സംഭവത്തിൽ കടുത്ത എതിർപ്പ് ഡോക്ടർമാർക്കിടയിൽ ഉയരുകയുമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ് ഡോക്ടർമാർ ഡ്യൂട്ടിക്കെത്തുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണ് ഇപ്പോൾ സസ്‌പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം കെജിഎംഒയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെങ്കിലും പൊലീസ് പ്രതിയെ പിടിക്കാൻ തയ്യാറാകാത്തത് ഡോക്ടർമാരിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കൊണ്ടുവന്ന രോഗി ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. രാഹുൽ മാത്യു മരണം സ്ഥിരീകരിച്ച വിവരം അറിയിക്കുക മാത്രമാണ് ഉണ്ടായത്. ഇതിന്റെ പേരിലാണ് രോഗിയുടെ ബന്ധു ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു. നീയൊക്കെ സമാധാനമായി ജോലിചെയ്യുന്നത് കാണിച്ചു തരാം' എന്നൊക്കെ വെല്ലുവിളിച്ചായിരുന്നു മർദ്ദനം.

കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. മെയ് 14ന് പുലർച്ച ഏകദേശം 4.21-ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കോൾ വാർഡ് ഡ്യൂട്ടി എടുത്തിരുന്ന ഡോ. രാഹുൽ മാത്യുവിന് ലഭിക്കുന്നത്. രാഹുൽ അന്ന് വാർഡിൽ നൈറ്റ് ഡ്യൂട്ടി ആണ്. ആശുപത്രിയിലെ സർജൻ ആണ് രാഹുൽ മാത്യു. രാഹുൽ അത്യാഹിത വിഭാഗത്തിൽ എത്തി പരിശോധിച്ചു. കോവിഡ് രോഗിയെ കൊണ്ടുവരുമ്പോൾ മരണം സംഭവിച്ചിരുന്നു. പരിശോധിച്ച ശേഷം മരണം ഡിക്ലയർ ചെയ്യുകയാണ് ഉണ്ടായത്.

സംഭവം പൊലീസിൽ അറിയിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. രണവിവരം പറഞ്ഞ ഉടനെ കൂടെ വന്ന ആൾക്കാർ അക്രമാസക്തരായി. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ മകൻ പലതവണ രാഹുലിനെ ഭീഷണിപ്പെടുത്തി. 'നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു. നീയൊക്കെ സമാധാനമായി ജോലിചെയ്യുന്നത് കാണിച്ചു തരാം' എന്നൊക്കെ വെല്ലുവിളിച്ചു.

ഏതാണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞ്, ഏകദേശം ഏഴേകാലിന് മകൻ രാഹുലിന്റെ ഡ്യൂട്ടി റൂമിലേക്ക് കയറി വന്നു. 'നീ ഒക്കെ കൂടി എന്റെ അമ്മയെ കൊന്നില്ലേടാ @#@$%%-----' എന്ന് തുടങ്ങി ചീത്ത വിളിച്ചു കൊണ്ട് രാഹുലിന്റെ കുത്തിന് പിടിച്ചു, കരണത്തടിക്കുകയാണ് ഉണ്ടായത്. അപ്പോൾ അവിടെയെത്തിയ ആശുപത്രി ജോലിക്കാർ പിടിച്ചു മാറ്റി. കൂട്ടുകാരനോട് വീഡിയോ എടുക്കാൻ പറഞ്ഞിട്ട് തിരിച്ചു തല്ലാൻ രാഹുലിനെ വെല്ലുവിളിച്ചു. 'ഡോക്ടർക്ക് എന്നെ തിരിച്ചു തല്ലണമെങ്കിൽ തല്ലിക്കോ'. എന്നുമായി പൊലീസുകാരൻ.

പിന്നീട് പൊലീസിൽ പരാതി നൽകിയെങ്കിലും ആശുപത്രി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് നടക്കേണ്ട കേസിൽ അതുണ്ടായില്ല. നിയമമറിയുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതി സ്ഥാനത്ത്. സാധാരണ ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യം പോലെ അല്ല ഇത്. ശക്തമായ നടപടി ഉണ്ടാവണമെന്നായിരുന്നു മൂന്നാഴ്‌ച്ചയായി ഡോക്ടർമാര് ആശ്യപ്പെട്ടു കൊണ്ടിരുന്നത്. സംഭവത്തിൽ ഡോക്ടർമാരുടെ എതിർപ്പ് ശക്തമായപ്പോഴാണ് നടപടി ഉണ്ടായിരിക്കുന്ന്.