വർക്കല: സിപിഎം വർക്കല ഏരിയാ കമ്മിറ്റിയിലെ വിഭാഗീയത പൊട്ടിത്തെറിയിൽ. വർക്കല ഏരിയാ കമ്മിറ്റിയിൽനിന്ന് സിഐ.ടി.യു. നേതാവിനെ ഒഴിവാക്കിയതിലും എസ്.എഫ്.ഐ. നേതാവിനെ ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ച് ഇവരുടെ അനുയായികളാണ് ബഹളവുമായി എത്തിയതും ഇത് കയ്യാങ്കളിയിൽ കലാശിച്ചതും. മുതിർന്ന നേതാക്കൾ സമ്മേളന വേദിയിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. പാർട്ടി പ്രവർത്തകരും റെഡ് വൊളന്റിയർമാരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചോളം പേർക്ക് മർദനമേറ്റു. നേതാക്കളായ എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സമ്മേളനം നടക്കുമ്പോഴാണ് പുറത്ത് പ്രവർത്തകർ ഏറ്റുമുട്ടിയത്.

പ്രതിനിധി സമ്മേളനം നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ പാർട്ടി പ്രവർത്തകരും റെഡ് വൊളന്റിയർമാരുമായി ഏറ്റുമുട്ടിയത്. സമ്മേളനം നടക്കുന്ന ഹാളിന്റെ മുകൾനിലയിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ റെഡ് വൊളന്റിയർമാർ തടഞ്ഞു. ഇതോടെ ഏറ്റുമുട്ടലായി. സമ്മേളന ഹാളിലുണ്ടായിരുന്ന നേതാക്കൾ ഇടപെട്ടാണ് കൂടുതൽ സംഘർഷം ഒഴിവാക്കിയത്.

സിഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എഫ്.നഹാസ് ഉൾപ്പെടെയുള്ളവരെ ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതാണ് പ്രകോപനത്തിന് ആധാരം. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേരള സർവകലാശാല സിൻഡിക്കേറ്റംഗവുമായ റിയാസ് വഹാബിനെ ഉൾപ്പെടുത്തിയുമില്ല. ഇതിനെതിരേ ഇവരെ അനുകൂലിക്കുന്ന വിഭാഗം സമ്മേളനത്തിൽ പ്രതിഷേധനവുമായി എത്തി.

നേതൃത്വം അവതരിപ്പിച്ച പാനലിനെതിരേ മത്സരിക്കാൻ ഇവരും ഒപ്പമുള്ള ചിലരും തയ്യാറായി. എന്നാൽ നേതൃത്വം ഇതംഗീകരിച്ചില്ല. പ്രതിഷേധ ശബ്ദങ്ങൾക്കിടെ നേതൃത്വം അവതരിപ്പിച്ച പാനൽ സമ്മേളനം അംഗീകരിക്കുകയായിരുന്നു. നഹാസിനെ ഒഴിവാക്കുകയും റിയാസ് വഹാബിനെ പരിഗണിക്കാതിരിക്കുകയും ചെയ്തതറിഞ്ഞാണ് അവരെ അനുകൂലിക്കുന്ന പ്രവർത്തകർ സമ്മേളന സ്ഥലത്തെത്തിയത്. തുടർന്നാണ് സംഘർഷമുണ്ടായത്.

പ്രതിനിധി സമ്മേളന ചർച്ചയ്ക്കിടെ ഏരിയാ സെക്രട്ടറി എസ്.രാജീവിനെതിരേ വിമർശനമുയർന്നിരുന്നു. ഊർജ്വസ്വലമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനമാണ് പ്രതിനിധികളിൽനിന്നുണ്ടായത്. ഇതെല്ലാം സെക്രട്ടറി മാറുന്നതിനു കാരണമായി. സെക്രട്ടറി സ്ഥാനമൊഴിഞ്ഞ എസ്.രാജീവിന്റെ മകൻ ലെനിൻരാജ് ഏരിയാ കമ്മിറ്റിയിലെത്തി. ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിഞ്ഞ എസ്.സുന്ദരേശന്റെ മകൾ സ്മിതാ സുന്ദരേശനും ഏരിയാ കമ്മിറ്റിയിലെത്തി.