തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയിലും യുഎഇയിലെ സന്ദർശനവും കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെയാണ് കേരളത്തിൽ എത്തിയത്. തിരികെ എത്തിയ മുഖ്യമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക പരിപാടി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കുക എന്നതായിരുന്നു. ബജറ്റ് സമ്മേളനം അടക്കം വിളിച്ചു ചേർക്കേണ്ട ഘട്ടത്തിൽ ഗവർണറുമായി ഒത്തു പോകാനാണ് പിണറായിയുടെ ആഗ്രഹം. ലോകയുക്ത ഓർഡിനൻസിൽ അടക്കം ഗവർണർ ഇനിയും ഒപ്പുവെച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഗവർണറെ തണുപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി മുഖ്യമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണാനെത്തി.

ലോകായുക്ത ഓർഡിനൻസ് കൊണ്ടുവരാനിടയായ സാഹചര്യമാണ് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചത്. നിലവിലെ നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പ് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും ഇതിൽ നിയമോപദേശം ലഭിച്ചിരുന്നെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. കണ്ണൂർ വിസി നിയമനവും ലോകായുക്ത കേസും ഇരുവരും ചർച്ച ചെയ്തു. വിവാദങ്ങളുടെ പശ്ചാത്തലം അടക്കം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കൂടിക്കാഴ്‌ച്ചയിൽ മുഖ്യമന്ത്രിയുടെ ആരോഗ്യ വിവരവും അമേരിക്കയിലെ ചികിത്സയെ കുറിച്ചു ഗവർണറും തിരക്കി. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നു എത്തിയതിനു പിന്നാലെ മുഖ്യമന്ത്രി ഗവർണറെ കണ്ടത്. മന്ത്രിസഭായോഗം അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഗവർണറുടെ അംഗീകാരം ലഭിക്കാൻ അയച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ തിരിച്ച് വന്നതിനുശേഷം തീരുമാനമെടുക്കാനാണ് ഗവർണർ തീരുമാനിച്ചത്.

ലോകായുക്താ നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്ക് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട് എന്ന നിലപാടിലായിരുന്നു ഗവർണർ. ഇതിന്റെ നിയമസാധ്യത അടക്കമുള്ള മറ്റു കാര്യങ്ങൾ ഗവർണർ നിയമോപദേശം തേടാനുള്ള സാധ്യത ഉണ്ടായിരുന്നു ഗവർണർ നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ഓർഡിനൻസിൽ ഒപ്പിടുകയുള്ളൂ. അതേസമയം ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുത് എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.