ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വൈകിട്ട് നാലിന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, പാർപ്പിടം, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുമായും ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഡൽഹിക്കു തിരിച്ചത്. രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ഇതുവരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചിട്ടില്ല. കെ റെയിൽ അടക്കമുള്ള വികസന വിഷയങ്ങളും കോവിഡിൽ സംസ്ഥാനത്തിന് വാക്‌സീൻ ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങളും ചർച്ചയായേക്കും.

സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.