തിരുവനന്തപുരം: കിഫ്ബി വന്നപ്പോൾ തന്നെ അതിനെ പരിഹസിച്ചരുണ്ടെന്നും എന്നാലത് യാഥാർത്ഥ്യമായെന്നും തകർക്കാൻ ആരെങ്കിലും വന്നാൽ നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ആവശ്യം പൂർത്തീകരിക്കാനുള്ളതാണത്. അതിനാൽ എന്തിനതിന് തുരങ്കം വക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

സർക്കാർ അധികാരത്തിൽ വരുമ്പോൾ ജനങ്ങളുടെ വികസന പ്രതീക്ഷ വലുതായിരുന്നു. എന്നാൽ വികസന പ്രതീക്ഷ നിറവേറ്റാൻ ആവശ്യമായ വിഭവം നമുക്കില്ലായിരുന്നു. വരുമാന സ്രോതസുകൾ ഇതിനനുസരിച്ച് വർധിക്കേണ്ടതുണ്ടായിരുന്നു. അതിനെന്താണ് മാർഗം എന്നാലോചിച്ചു. നിലവിൽ കിഫ്ബി എന്ന സംവിധാനമുണ്ടായിരുന്നു. അതിനെ വിപുലീകരിച്ച് വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. അങ്ങനെയാണ് കിഫ്ബി നാടാകെ അറിഞ്ഞത്.

മുൻ സർക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചു. ഈ സർക്കാർ നാടിന്റെ വികസനത്തിനായി അതിനെ വിപുലപ്പെടുത്തി. ബജറ്റിന് താങ്ങാനാകാത്ത വികസന പദ്ധതി ഏറ്റെടുക്കണമെങ്കിൽ പുതിയ ധനസ്രോതസ് വേണം. 50,000 കോടിയുടെ വികസന പദ്ധതിയെങ്കിലും ഇത്തരത്തിൽ നടപ്പാക്കാനാകണം എന്നാണ് കണക്കാക്കിയത്. എന്നാലിപ്പോൾ 55000ത്തിലധികം കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകുന്ന അവസ്ഥയായി. പലതും പൂർത്തിയാക്കി. അതിനിടയിലാണ് കിഫ്ബിയെ തകർക്കാനുള്ള നീക്കമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധത്തിലും ഇതേ വിഷയമാണ് സജീവ ചർച്ചയായത്. കാൽലക്ഷം ബൂത്ത് കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ആറുവരെ നടത്തുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്താകെ 25 ലക്ഷംപേർ അണിചേരുമെന്ന് ഇടതുമുന്നണി നേതാക്കൾ അവകാശപ്പെട്ടു. ഓരോ ബൂത്തിലും കുറഞ്ഞത് 100 പേർ പങ്കെടുക്കുന്നുണ്ട്.