ന്യൂഡൽഹി: കൊറോണയെ ഒരുവിധ നിയന്ത്രണാധീനമാക്കി, കുതിച്ചുയരാൻ തുടങ്ങുന്ന ലോകത്തിന് ഇരുട്ടടിയായി ഇന്ധനക്ഷാമമെത്തുന്നു. ബ്രിട്ടനിലെ ഊർജ്ജ പ്രതിസന്ധി നേരത്തേ വലിയ ചർച്ചവിഷയമായതാണെങ്കിൽ ഇപ്പോൾ ലോകത്തിലെ പ്രധാന രാജ്യങ്ങൾ എല്ലാം തന്നെ ബ്രിട്ടന്റെ വഴിയേ നീങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനയിലെ പല പ്രവിശ്യകളിലും വൈദ്യൂതിക്ക് റേഷനിങ് ഏർപ്പെടുത്തിക്കഴിഞ്ഞു. യൂറോപ്പിലാണെങ്കിൽ എൽ പി ജിയുടെ വില കുതിച്ചുയരുകയാണ്. കേന്ദ്രീകൃത വൈദ്യൂതി ഉദ്പാദനം താറുമാറായതോടെ ലെബനൺ ഇരുട്ടിലാണ്ടതായും വാർത്തകൾ പുറത്തുവരുന്നു.

ഞെട്ടിക്കുന്ന മറ്റൊരു വാർത്ത ഇന്ത്യയുടെ കൽക്കരി ഉദ്പാദനം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു എന്നതാണ്. അമേരിക്കയിലാണെങ്കിൽ പെട്രോൾ-ഗ്യാസ് വില കുതിച്ചുയരുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉണർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ആഗോളസമ്പദ്ഘടനയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തുകയാണ് ഊർജ്ജ പ്രതിസന്ധി. ആഗോള വിതരണ ശൃംഖലതന്നെ വൻ പ്രതിസന്ധി നേരിടുമ്പോൾ പലയിടങ്ങളിലും സംഘർഷങ്ങളുമുടലെടുക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ കുറിഛ് സുപ്രധാന തീരുമാനങ്ങൾ എടുക്കുമെന്ന് കരുതപ്പെടുന്ന കോപ് 26 ഉച്ചകോടിക്കായി ലോകനേതാക്കൾ തയ്യാറെടുക്കുമ്പോൾ ഉയർന്നുവരുന്ന ചോദ്യം ആഗോള ഹരിതോർജ്ജ വിപ്ലവം എന്നെങ്കിലും സാധ്യമാകുമോ എന്നതാണ്. കഴിഞ്ഞ ഒന്നര വർഷത്തെ ലോക്ക്ഡൗൺ കാലത്ത് ഫോസിൽ ഇന്ധനങ്ങളുടെ ഉദ്പാദനം കാര്യമായി കുറഞ്ഞിരുന്നു. തുടർന്ന് ലോക്ക്ഡൗണുകൾ നീക്കം ചെയ്തതോടെ വ്യവസായ രംഗം കൂടുതൽ സജീവമായതോടെ ഇന്ധനത്തിന്റെ ആവശ്യകതയേറി. മതിയായ ഉദ്പാദനം ഇല്ലാതിരുന്നതും ഒപ്പം ആവശ്യകത വർദ്ധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

അസാധാരനമായി യൂറോപ്പിൽ ആഞ്ഞടിച്ച് അതിശൈത്യമുള്ള ശൈത്യകാലം യൂറോപ്പിലെ ഊർജ്ജ സ്രോതസ്സുകളെ കാലിയാക്കിയപ്പോൾ, പിന്നാലെയെത്തിയ ഒന്നിലധികം ചുഴലിക്കാറ്റുകൾ ഗൾഫ് നാടുകളിലെ ഓയിൽ റിഫൈനറികൾ അടച്ചുപൂട്ടുന്ന അവസ്ഥയിലെത്തിച്ചു. ചൈനയും ആസ്ട്രേലിയയും തമ്മിൽ വഷളാകുന്ന ബന്ധവും വടക്കൻ കടലിൽ കാറ്റിന്റെ തോത് കുറഞ്ഞതുമെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതോടെ വരുന്ന ശൈത്യകാലത്ത് എന്ത് ചെയ്യാനാവുമെന്ന അശങ്ക യൂറോപ്പിലാകെ പടരുകയാണ്. രാഷ്ട്രീയ തിരിച്ചടികൾ ഒഴിവാക്കുവാൻ ഇന്ധന സബ്സിഡി ഏർപ്പെടുത്തുന്ന കാര്യം പല രാജ്യങ്ങളും ചിന്തിച്ചു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, ഫോസിൽ ഇന്ധനങ്ങളിൽ നിന്നും മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ പ്രതിസന്ധി സൂചിപ്പിക്കുന്നതെന്ന് പുനരുപയോഗം ചെയ്യാവുന്ന ഊർജ്ജസ്രോതസ്സുകൾക്കായി വാദിക്കുന്നവർ പറയുന്നു. എന്നാൽ, പാരമ്പര്യേതര സ്രോതസ്സുകളായ സൗരോർജ്ജം, വാതോർജ്ജം എന്നിവയ്ക്ക് ഇന്നത്തെ ആവശ്യത്തിനുള്ള വൈദ്യൂതി ഉദ്പാദിപ്പിക്കാൻ കഴിയില്ലെന്നാണ് ഈ പ്രതിസന്ധി വിളിച്ചു പറയുന്നതെന്ന് മറുഭാഗവും വാദിക്കുന്നു. ഏതായാലും ഇന്ധനങ്ങളുടെ വർദ്ധിച്ചു വരുന്ന വിലയും ക്ഷാമവും ഉയർത്തെഴുന്നേൽക്കുന്ന സമ്പദ്ഘടനയെ വീണ്ടും പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല.

അതേസമയം, ഊർജ്ജ സ്രോതസ്സുകൾ ധാരാളമായുള്ള റഷ്യ പോലുള്ള രാജ്യങ്ങൾ ഈ പ്രതിസന്ധി മുതലെടുക്കുന്നു എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ തലവൻ ഈ വാരം ആദ്യം റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെ കണ്ട് യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്ളാഡിമിർ പുട്ടിന്റെ സ്വപ്നപദ്ദതിയായ നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്ലൈനുള്ള അനുമതിലഭിക്കുവാനായി ഗ്യാസ് കയറ്റുമതി മനപ്പൂർവ്വം കുറയ്ക്കുകയാണ് പുട്ടിൻ എന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.

8.1 ബില്ല്യൺ പൗണ്ടിന്റെ ഈ ഗ്യാസ് ലൈൻ പദ്ധതിക്ക് പല യൂറോപ്യൻ രാജ്യങ്ങളും എതിരാണ്. നിലവിൽ നോർവേ കഴിഞ്ഞാൽ യൂറോപ്പിന് ഏറ്റവുമധികം ഗ്യാസ് നൽകുന്നത് റഷ്യയാണ്. നോർഡ് സ്ട്രീം 2 പദ്ധതി നിലവിൽ വന്നാൽ ഗ്യാസിനായി റഷ്യയെ ആശ്രയിക്കുന്നത് വർദ്ധിക്കും. അതേസമയം, ഇന്ധനക്ഷാമം യൂറോപ്യൻ യൂണിയനകത്തും പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. ഈ പ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഉഴലുകയാണ് നേതാക്കൾ. വിലവർദ്ധനയ്ക്ക് ഒരു പരിധിവരെ കാരണം യൂറോപ്യൻ യൂണിയനാണെന്നും, യൂണിയന്റെ നയങ്ങൾ മാറ്റണമെന്നും കഴിഞ്ഞദിവസം ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബാൻ പ്രസ്താവിച്ചിരുന്നു.

പുട്ടിനുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് വിക്ടർ. അതേസമയം യൂറോപ്യൻ യൂണിയന്റെ ഹരിത ഇന്ധന നയത്തെ എതിർക്കുന്നവർ കേവലം ആശയപരമായ കാരണങ്ങളാണ് അങ്ങനെ ചെയ്യുന്നതെന്നും, പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിൽ നിന്നും മാറി പുതിയവയെ ആശ്രയിക്കാൻ ആരംഭിച്ചാൽ ഈ പ്രതിസന്ധി മറികടക്കാൻ ആകുമെന്നുമാണ് ഇ യു ക്ലൈമറ്റ് ചീഫ് ഫ്രാൻസ് ടിമ്മെറൻസ് പറയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുവാൻ തെറ്റായ തീരുമാനങ്ങൾ എടുത്താൽ അത് ഹരിതോർജ്ജത്തിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ധനക്ഷാമത്തെ തുടർന്ന് രാജ്യത്തെ രണ്ട് വലിയ പവർ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതോടെ ലെബനണിൽ കേന്ദ്രീകൃത വൈദ്യൂതി ഉദ്പാനം നിലച്ചു. ഇതോടെ ഏകദേശം 60 ലക്ഷം പേർ ഇരുട്ടിലായിരിക്കുന്നു. ഡീസൽ വിതരണം നിലച്ചതോടെ ഇന്നലെ ഡീർ അമ്മർ പ്ലാന്റ് അടച്ചു പൂട്ടിയിരുന്നു. ഏതാനും മണികൂറുകൾക്ക് ശേഷം സഹ്റാനി പ്ലാന്റും അടച്ചുപൂട്ടി. വൈദ്യൂത ഉദ്പാദനം ഏതാണ്ട് പൂർണ്ണമായും നിലച്ചതായി ലെബനൻ സർക്കാർ സ്ഥിരീകരിച്ചിട്ടുമുണ്ട്. സൈനികാവശ്യത്തിനുള്ള ഇന്ധനം വൈദ്യൂതി ഉദ്പാദനത്തിനായി ഉപയോഗിക്കുവാനുള്ള ആലോചനകൾ നടക്കുകയാണ് ലബനണിൽ.

ഇന്ത്യയിൽ കൽക്കരി ശേഖരം അതിന്റെ എറ്റവു കുറഞ്ഞ നിലയിലെക്കെത്തിയിരിക്കുന്നു എന്ന മുന്നറിയിപ്പ് പുറത്തുവരുന്നു. കൽക്കരി ഉപയോഗിക്കുന്ന പ്ലാന്റുകൾ ഏതാനും ദിവസങ്ങൾക്കകം അടച്ചുപൂട്ടുന്ന നിലയിലേക്ക് എത്തിയേക്കുമെന്നും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാജ്യത്തെ 135 കൽക്കരി പ്ലാന്റുകളിൽ പകുതിയോളം എണ്ണത്തിലും മൂന്നു ദിവസത്തേക്കുള്ള കരുതൽ സ്റ്റോക്ക് മാത്രമേയുള്ളു എന്നാണ് സർക്കാർ കണക്കുകൾ കാണിക്കുന്നത്. ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതിന്റെ പരിണിതഫലം ദൃശ്യമായി തുടങ്ങിയിരിക്കുന്നു.

വ്യവസായ മേഖലയിൽ കൽക്കരിയുടെ ഉപയോഗം വർദ്ധിച്ചതും അന്താരാഷ്ട്ര തലത്തിലെ ഉയർന്ന വില കാരണം കൽക്കരി ഇറക്കുമതി കുറഞ്ഞതുമാണ് ക്ഷാമത്തിനുള്ള പ്രധാന കാരണം. ചൈനയും കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുവാൻ പോരാടുകയാണ്. പല നഗരങ്ങളിലും പവർ കട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഉദ്പാന്ദനശാലകൾ അടച്ചിടാൻ നിർബന്ധിതമായിരിക്കുന്നു. ചിലവ ഏതാനും മണിക്കൂറുകൾ മാത്രം തുറന്നു പ്രവർത്തിക്കുവാനാണ് അനുമതി നൽകിയിട്ടുള്ളത്.