കോഴിക്കോട്: മതേതര കേരളമെന്നും മതേതര വോട്ടുകൾഎന്നുമൊക്കെ നാം ആവർത്തിക്കുമ്പോഴും, എല്ലാ തെരഞ്ഞെടുപ്പിലും ജാതി മത സമവാക്യങ്ങൾ കൃത്യമായി വർക്ക് ചെയ്യുന്നുണ്ടെന്ന്, സോഷ്യൽ എഞ്ചിനീയറിങ്ങ് വിദഗ്ദ്ധർക്കടക്കം നന്നായി അറിയാവുന്നതാണ്. പല ഇലക്ഷൻ സർവേകളും മതവും ജാതിയും തിരിച്ച് ഓരോ സമുദായങ്ങളും എങ്ങനെ ചിന്തിക്കാറുണ്ടെന്ന് പ്രവചിക്കാറുമുണ്ട്. കഴിഞ്ഞ ഏഷ്യാനെറ്റ്- സീഫോർ സർവേയിൽ തന്നെ കണ്ട കാര്യമാണ്, കേരളത്തിലെ നായർവോട്ടുകളിൽ വലിയ രീതിയിലുള്ള മാറ്റം വരുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിനെ തുടർന്ന നടന്ന ഏഷ്യാനെറ്റ് സർവേയിൽ കണ്ടത് കേരളത്തിലെ നായർ വോട്ടുകളിൽ സംഭവിച്ച വൻ ധ്രുവീകരണം ആയിരുന്നു.

നായർ വോട്ടുകളിൽ ബിജെപി ഒന്നാമത് എത്തിയപ്പോൾ, ഇടതുമുന്നണി രണ്ടാമതും, കോൺഗ്രസ് മൂന്നാമതും ആണെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. ഏതാണ്ട് ആറുമാസത്തിനുശേഷം കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമാവുന്നത് ഇതുതന്നെയാണ്. എല്ലാ സാഹചര്യങ്ങളും അനകൂലമായിട്ടും എന്തുകൊണ്ട് യുഡിഎഫ് തോറ്റു എന്നതിന് ഉത്തരമായി പലരും ചൂണ്ടിക്കാട്ടുന്നതും പരമ്പരാഗത വോട്ടിങ്ങ് രീതിയിൽ വന്ന മാറ്റമാണ്.

എക്കാലവും കോൺഗ്രസിന്റെ ഉറച്ച വോട്ടുബാങ്കിൽ ഒന്നായിരുന്നു നായർ സമുദായം. എന്നാൽ ഇപ്പോൾ അവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോവകുയാണ്. കോൺഗ്രസിന് കിട്ടേണ്ട വോട്ടുകൾ നല്ല രീയിയിൽ ബിജെപി പിടിക്കുകയും, എൽഡിഎഫ് ജയിച്ചുകയറുയകും ചെയ്യുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. അല്ലെങ്കിൽ കോൺഗ്രസിനെ പൂർണ്ണമായും ബിജെപി വിഴുങ്ങുന്നു. തിരുവനന്തപുരം നഗര സഭയിലടക്കും അത് പലയിടത്തും കണ്ടു. ഈ പാറ്റേൺ ആവർത്തിക്കപ്പെട്ടാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാവുമെന്നതിൽ സംശയമില്ല. ലോകസഭാ തെരഞ്ഞെടുപ്പിൽനിന്ന് ഭിന്നമായി 'ശബരിമല നവോത്ഥാനം' പാടെ വിഴുങ്ങുന്ന സിപിഎമ്മിനെയാണ് ഇത്തവണ കണ്ടത്. ഇതും മുന്നോക്ക വോട്ടുകൾ ഇടതിൽനിന്ന് നഷ്ടപ്പെടാതിരിക്കാൻ ഇടയാക്കി.

എന്നാൽ സിപിഎമ്മിന്റെ രമ്പരാഗത ശക്തികേന്ദ്രമായ ഈഴവ ദലിത് വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താൻ യുഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞില്ല. ബിഡിജെസ് ദുർബലമായത് ഫലത്തിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തു. മുമ്പ് നടന്ന ഏഷ്യനെറ്റ് സീ ഫോർ സർവേയിലും ഈ സമുദായങ്ങൾ ഇടതിനൊപ്പം ഉറച്ച് നിൽക്കയായിരുന്നു. മാത്രമല്ല സിഎഎ സമരത്തെ തുടർന്ന്, ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെക്കാൾ നല്ലത് സിപിഎം ആണെന്ന ചിന്ത മുസ്ലിം സമുദായത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്.

പക്ഷേ ഇപ്പോഴും മുസ്ലിം ലീഗിനെ തന്നെയാണ് മുസ്ലിം സമുദായം ഫസ്റ്റ് ഓപ്ഷനായി കാണുന്നത്. ലീഗില്ലാത്തിടത്ത് പക്ഷേ പലപ്പോഴും മുസ്ലിം വോട്ടുകൾ കോൺഗ്രസിനല്ല സിപിഎമ്മിനാണ് പോകുന്നതെന്ന്, കോഴിക്കോട് കോർപ്പറേഷനിൽ അടക്കം പലയിടത്തെയും വോട്ടുകൾ പരിശോധിച്ചാൽ വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് ലീഗ് പിടിച്ചു നിൽക്കുമ്പോൾ കോൺഗ്രസ് തോറ്റമ്പുന്ന സാഹചര്യം മലബാറിൽ പൊതുവെ ഉണ്ടായത്.

മാത്രമല്ല ബിജെപി ജയിക്കുമെന്ന സാഹചര്യം വരുമ്പോഴും ന്യൂനപക്ഷ വോട്ടുകൾ കൂട്ടമായി എൽഡിഎഫിലേക്കാണ് ഇത്തവണ ഒഴുകിയത്. തിരുവനന്തപുരം നഗരസഭയിലും കോഴിക്കോട് മാറാട് ബേപ്പുർ ഭാഗത്തുമൊക്കെ ഈ ധ്രുവീകരണം പ്രകടമാണ്. രാഹുൽ ഗാദ്ധി വയനാട്ടിൽ മൽസരിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ന്യുനപക്ഷ വോട്ടുകൾ ഒഴുകിയത് യുഡിഎഫിലേക്ക് ആയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ അതേ സഹാചര്യം വരുന്ന നിയമസഭാ തെരെഞ്ഞടുപ്പിലും ആവർത്തിക്കുമെന്ന ഭീതി യുഡിഎഫിൽ ശക്തമാണ്.

അതുപോലെ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ചേർന്നത് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താൽക്കാലികമായി ഗുണം ചെയ്തുവെങ്കിലും, അത് വിശാലാർഥത്തിൽ മുന്നോക്ക വോട്ടുകൾ കോൺഗ്രസിൽനിന്ന് നഷ്ടപ്പെടാൻ ആയിരുന്നു ഇടയാക്കിയത്. അതുപോലെ ഇടതുമുന്നണിക്ക് എക്കാലവും വലിയ പിന്തുണ നേടാൻ കഴിയാത്ത ക്രിസ്ത്യൻ സമുദായത്തിന്റെയും പിന്തുണ വർധിപ്പിക്കാൻ ജോസ് കെ മാണിയിലുടെ അവർക്ക് കഴിഞ്ഞു. മാത്രമല്ല സഭാ തർക്കത്തിൽ മെല്ലേപ്പോക്ക് തുടർന്നതിനാൽ യാക്കോബായ സമുദായത്തിന്റെയും പരസ്യ പിന്തുണ ഇടതിന് ഉണ്ടായിരുന്നു.

എല്ലാ ജാതി സമവാക്യങ്ങൾക്കും അപ്പുറത്തായി ചിന്തിക്കുന്ന ഒരു മതേതര യുവ തലമുറ കേരളത്തിൽ വളർന്നു വന്നിരിക്കയാണെന്നതും യാഥാർഥ്യമാണ്. ഈ മതേതര വോട്ടുകളും പോയത് ഇടതുമുന്നണിക്കാണ്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ കൈക്കൊണ്ട നടപടികളും, റേഷൻ കിറ്റടക്കമുള്ള സാമൂഹിക സുരക്ഷാ പദ്ധതികളും നിഷ്പക്ഷരായി ചിന്തിക്കുന്ന ആളുകളെ എൽഡിഎഫിന് ഒപ്പം നിർത്തി. ഇത്തരം കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിച്ച് സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ ഇടപെടാൻ കഴിയുന്ന ഒരു ടീമിനെ സിപിഎം വളർത്തിക്കൊണ്ടുവന്നതിന്റെ ഗുണവും ഈ തെരഞ്ഞെടുപ്പിൽ ഇടതിന് ഗുണം ചെയ്തു.