കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ മുഹമ്മദ് ഷിഹാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സെലിബ്രിറ്റികളെയും ഉന്നതരെയും കൂട്ടുപിടിച്ചു നിരവധി സാമ്പത്തിക തട്ടിപ്പിനായി രംഗത്തുവന്ന കെൻസ ഷിഹാബ് പ്രവാസികൾ അടക്കം നിരവധി പേരെയാണ് കബളിപ്പിച്ചത്. ഇക്കൂട്ടത്തിൽ ഒടുവിലായി ഷിഹാബിനെതിരെ പരാതിയുമായി രംഗത്തുവന്നത് മൂന്ന് പ്രവാസി ഡോക്ടർമാരാണ്.

കെൻസയുടെ വയനാട്ടിലെ പദ്ധതിക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. റിസോർട്ട് പദ്ധതിയുടെ പേരിൽ അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. കെൻസ ഹോൾഡിങ്സിന്റെ വയനാട്ടിലെ റിസോർട്ട് പദ്ധതിക്കെതിരെ നേരത്തെ തന്നെ നിരവധി നിക്ഷേപകർ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ പരാതികൾ ഉയരുന്നത്. പ്രവാസികളായ മൂന്ന് ഡോക്ടർമാരാണ് കെൻസ ചെയർമാൻ മുഹമ്മദ് ഷിഹാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിനും പദ്ധതിയുടെ പേരിൽ ക്രിമിനിൽ ഗൂഢാലോചന നടത്തിയതിനും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

നിലവിൽ എട്ടു നിക്ഷേപകരുടെ കേസാണ് സുൽത്താൻ ബത്തേരി കോടതിയുടെ പരിഗണനയിലുള്ളത്. പുതിയ മൂന്ന് കേസുകൾ കൂടി ഉടൻ ഫയൽ ചെയ്യുമെന്ന് പരാതിക്കാരുടെ അഭിഭാഷകൻ അറിയിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ നിന്നുള്ള അഭിഭാഷകയുടെ പരാതിയിൽ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി കെൻസയ്ക്കെതിരെ റവന്യു റിക്കവറി നടപടികൾക്ക് ഉത്തരവിട്ടിട്ടുണ്ട്. നിക്ഷേപകരുടെ പേരിൽ വ്യാജരേഖ ചമച്ചതിന് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ നാല് കേസുകളുണ്ട്. വയനാട് തരിയോടിലെ കെട്ടിട നിർമ്മാണത്തിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും കെൻസയ്ക്കെതിരെ നടപടികൾ തുടരുകയാണ്. 

വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി കോടികളാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇതേ വില്ലാ പ്രോജക്റ്റ് വിവാദമായപ്പോൾ കെൻസ വെൽനസ് ഹോസ്പിറ്റൽ എന്ന പേരിൽ പുതിയ കുപ്പിയിൽ ഷിഹാബ് ഇറക്കിയ വിവരവും നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്യുകയുണ്ടായിത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോടതി അറ്റാച്ച് ചെയ്ത അതേ വസ്തു കാണിച്ചാണ് ഇയാൾ വീണ്ടും പണപ്പിരിവിന് ശ്രമം നടക്കുന്നുമുണ്ട്.

എല്ലാ നിയമനങ്ങളും ലംഘിച്ച് വെൽനസ്സ് ആശുപത്രിയാക്കി മാറ്റാനുള്ള പരിശ്രമവുമാണ് നടക്കുന്നത്. ഇപ്പോൾ ഇയാൾക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് പണം നഷ്ടമായവർ. കേസ് ഫയലിൽ സ്വീകരിച്ചവർ നോട്ടീസ് അയച്ചിരിക്കയാണ്. നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പശ്ചിമഘട്ട സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ സമിതി നിർമ്മാണത്തിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ദുരന്ത നിവാരണ അഥോറിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനാണ് ഹൈക്കോടതി ദുരന്ത നിവാരണ അഥോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയിലാണ് കെൻസ പദ്ധതിയുടെ നിർമ്മാണം നടക്കുന്നത്. മൂന്നു നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിലാണ് ഇവിടെ നാലു നില കെട്ടിടം നിർമ്മിച്ചത്. പിന്നീട് ഇത് ക്രമവൽക്കരിക്കാൻ താഴത്തെ നില മണ്ണിട്ടു മൂടി. നിലവിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം, ജില്ലാ ദുരന്ത നിവാരണന അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നു വിദഗ്ദ സമിതി കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ നിർമ്മാണം പഞ്ചായത്തിൽ നിന്നും നേടിയ പെർമിറ്റിൽ നിന്നും തികച്ചും വിഭിന്നമാണ്. കേരള പഞ്ചായത്ത് ബിൽഡിങ് നിയമപ്രകാരം, ജില്ലാ ടൗൺ പ്ലാനറുടെ അംഗീകാരമുള്ള രൂപരേഖയിലാണ് നിർമ്മാണം നടത്തേണ്ടത്. കെൻസ പ്രോജക്ടിന് വേണ്ടി അത്തരമൊരു അംഗീകാരം ടൗൺ പ്ലാനർ നൽകിയിട്ടില്ല. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഒന്നരമീറ്റർ ആഴത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത് കെട്ടിടനിർമ്മാണം നടത്തുകയും, പിന്നീട്, കെട്ടിടത്തിന്റെ ഉയരം കുറച്ച് കാണിക്കാനായി ഏറ്റവും താഴത്തെ നില മണ്ണിട്ട് മൂടാനായി വലിയ അളവിൽ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇതുൾപ്പടെ നിരവധി നിയമ ലംഘനങ്ങൾ വിദഗ്ദ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതിന്റെ പേരിലും കെൻസയ്‌ക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.2015ൽ റോയൽ മെഡോസ് എന്ന റിസോർട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂർത്തിയാക്കാതെ അതേ സ്ഥലത്തു തന്നെ കെൻസ വെൽനസ് ഹോസ്പിറ്റലിന്റെ പേരിൽ പുതിയ നിക്ഷേപം സ്വീകരിച്ചു. ആദ്യ പദ്ധതിയിൽ നിക്ഷേപം നടത്തിയ പ്രവാസി വ്യവസായി രാജൻ നമ്പ്യാരുടെ പേരിൽ വ്യാജരേഖ ചമച്ച് കെട്ടിട നിർമ്മാണ അനുമതി നേടിയെന്ന കേസിൽ കെൻസ ചെയർമാൻ ഷിഹാബ് ഷാ,തരിയോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ബി.ലതിക തുടങ്ങിയവരെ പ്രതികളാക്കി പടിഞ്ഞാറത്തറ പൊലീസ് എഫ്.ഐ.ആർ.ഇട്ടിട്ടുണ്ട്.(ക്രൈം.നമ്പർ: 0498/2021, ഐ പി സി സെക്ഷൻസ് 420, 465, 467, 468,477,114 ,120 ബി , 34).

കേരള റിയൽ എസ്റ്റേറ്റ് നിയമ പ്രകാരം ഇത്തരം പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ രജിസ്‌റ്റ്രേഷൻ നിർബന്ധമാണ്.എന്നാൽ കെൻസയുടെ ഒരു പദ്ധതിയും അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച പരാതിയിയിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയും കെൻസ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിരവധി പരാതികൾ നൽകിയിട്ടും തരിയോട് ഗ്രാമ പഞ്ചായത്തും പടിഞ്ഞാറത്തറ പൊലീസും കമ്പനി ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പശ്ചിമ ഘട്ട സംരക്ഷണ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്.