ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എസ്ഡിപിഐ. സന്ദീപ് വാചസ്പതി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാണിച്ച് എസ്ഡിപിഐയുടെ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയുമായ എംഎം താഹിറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നുവെന്നും തീവ്രവാദികളുടെ എണ്ണം വർധിപ്പിക്കാൻ 60 പേരുടെയൊക്കെ ഭാര്യയാക്കുന്നുവെന്നും സന്ദീപ് വാചസ്പതി ആരോപിച്ചിരുന്നു. ആലപ്പുഴയിലെ ഒരു കയർ ഫാക്ടറിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോഴാണ് സന്ദീപ് വർഗീയ പ്രചരണം നടത്തിയത്.

ഹിന്ദു പെൺകുട്ടികളെ വലയിലാക്കുന്നത് തടയാൻ ഇടത് സർക്കാർ ഒന്നും ചെയ്യുന്നില്ല, എന്നിട്ട് മതേതരത്വം പറയുകയാണെന്നും ആലോചിച്ച് വോട്ട് ചെയ്യണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

മതസ്പർദ വളർത്തുന്ന പ്രചാരണം നടത്തിയ സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. ജില്ലാ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി സന്ദീപ് വാചസ്പതിക്കെതിരെ കേസെടുക്കണമെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.