കോഴിക്കോട്: വയർലെസിലൂടെ പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോഴിക്കോട് ഡിസിപിയോട് വിശദീകരണം തേടി. പൊലീസ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് നടപടി. ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ ഹേമലതക്കെതിരെയാണ് പരാതി. ഡ്യൂട്ടിയിൽ വീഴ്‌ച്ചവരുത്തി എന്നാരോപിച്ച് സബ് ഇൻസ്പെക്ടറോട് മോശമായി പെരുമാറി എന്നാണ് ഡിസിപിക്കെതിരായ ആരോപണം.

ഏപ്രിൽ 13-ന് പൊലീസ് ഉദ്യോഗസ്ഥർ രാവിലെ പതിവായി നടത്തുന്ന വയർലെസ് മീറ്റിങ്ങിനിടെയാണ് ഡിസിപി എം. ഹേമലത കൺട്രോൾ റൂം സബ് ഇൻസ്പെക്ടറെ കടുത്ത ഭാഷയിൽ ശാസിച്ചത്. ഫ്ളൈയിങ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന നിർദ്ദശം നടപ്പാക്കാത്തതാണ് ഡിസിപി വിമർശിക്കാൻ ഇടയാക്കിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയിൽ പോയതിനാലാണ് ഇത് പാലിക്കാനാകാതിരുന്നതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. വയർലെസ് മീറ്റിംഗിന്റെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരും കേൾക്കെ നിങ്ങൾ മൃഗങ്ങളാണോ? നിങ്ങൾക്ക് സാമാന്യ ബുദ്ധിയില്ലേ തുടങ്ങി കടുത്ത ഭാഷയിലായിരുന്നു ഡിസിപിയുടെ വിമർശനം.

സംഭവത്തിൽ പൊലീസ് അസോസിയേഷൻ പൊലീസ് കമ്മീഷണർ എ. വി. ജോർജ്ജിന് പരാതി നൽകിയത്. പരാതിയിന്മേൽ ഡിസിപിയോട് റിപ്പോർട്ട് തേടിയതായി കമ്മീഷണർ അറിയിച്ചു. കൺട്രോൾ റൂം ഫ്ലൈയിങ് സ്‌ക്വാഡിലെ എല്ലാ വാഹനങ്ങളിലും എസ് ഐ തലത്തിലുള്ള ഉദ്യോഗസ്ഥർ ഉണ്ടാവണമെന്ന് നേരത്തെ നിർദ്ദേശമുണ്ടായിരുന്നതാണ്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തെ ആറു ദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നതിനാൽ പലരും അവധിയിൽ പോയി. ഇതിനാൽ നിർദ്ദേശം പാലിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യം അറിയാമായിരുന്നിട്ടും ഉന്നത ഉദ്യോഗസ്ഥ നടത്തിയ മോശം പദപ്രയോഗം പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന വിധത്തിലായെന്നാണ് അസോസിയേഷന്റെ പരാതി.