കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ എംഎൽഎക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ പരാതി. കെഎം ഷാജിയുടെ വിവാദമായ കോഴിക്കോട് വേങ്ങേരിയിലെ ഭൂമി വാങ്ങിയതിൽ എംകെ മുനീറിനും പങ്കുണ്ടെന്ന് കാണിച്ച് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൽ അസീസാണ് പരാതി നൽകിയത്.

കെഎം ഷാജിയുടെ ഭാര്യ ആശ ഷാജി, എംകെ മുനീർ എംഎൽഎയുടെ ഭാര്യ തോട്ടത്തിൽ നഫീസ എന്നിവരുടെ പേരിലാണ് വേങ്ങേരിയിലെ ഭൂമി വാങ്ങിയിരിക്കുന്നത്. ഒരു കോടി രണ്ടര ലക്ഷം രൂപക്കാണ് ഇരവരുടെയും പേരിൽ സ്ഥലം വാങ്ങിയിട്ടുള്ളത്. എന്നാൽ 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചിട്ടുണ്ടെന്നും ഐഎൻഎൽ നേതാവ് ഇന്ന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

2011 മാർച്ചിലാണ് ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നത്. എഗ്രിമെന്റ് എഴുതി 25 മാസങ്ങൾക്ക് ശേഷമാണ് പണം നൽകിയത്. പണം നൽകാൻ ഇത്രയും കാലതാമസമെടുത്തതിൽ വിൽപനക്കാരനായ ഫാ. ജോസ് മണിമല 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് 10 ലക്ഷം രൂപ നൽകി ഈ കേസ് ഒത്തുതീർപ്പിലെത്തിക്കുകായിരുന്നു. പിവി മെഹ്ബൂബ് എന്നായാളാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. ഇയാൾ എംകെ മുനീറിന്റെ ബിനാമിയാണ്.

മാത്രവുമല്ല 1 കോടി രണ്ടര ലക്ഷം രൂപക്ക് ഭൂമി വാങ്ങിയ എംഎൽഎമാർക്ക് ഇത്രയും പണത്തിന്റെ ഉറവിടം വ്യക്തമാക്കാനും കഴിഞ്ഞിട്ടില്ല. ആധാരത്തിൽ 37 ലക്ഷം മാത്രം കാണിച്ചതുവഴി രജിസ്ട്രേഷൻ വകുപ്പിന് ഒടുക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ഇവർ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും എൻകെ അബ്ദുൽ അസീസ് ഇഡിക്ക് നൽകിയ പരാതിയിൽ പറയുന്നു.പരാതിക്കൊപ്പം ബന്ധപ്പെട്ട രേഖകളും അദ്ദേഹം ഇഡിക്ക് സമർപ്പിച്ചിട്ടുണ്ട്.