വണ്ടിപ്പെരിയാർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായ യാത്രക്കാരൻ കെഎസ്ആർടിസി കണ്ടക്ടറുടെ വിരൽ കടിച്ചു മുറിച്ചു. പരുക്കേറ്റ കുമളി ഡിപ്പോയിലെ കണ്ടക്ടർ രാഹുൽ കൃഷ്ണനെ വണ്ടിപ്പെരിയാർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യാത്രക്കാരനായ രാജീവനെ (38) പൊലീസ് പിടികൂടി.

വണ്ടിപ്പെരിയാർ ആനക്കുഴി റൂട്ടിലാണ് സംഭവം. രാജീവൻ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് ബസിലെ മറ്റു യാത്രക്കാർ കണ്ടക്ടറോടു പരാതി പറഞ്ഞു. കണ്ടക്ടർ രാഹുൽ ഇയാളോടു മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രോഷാകുലനായ രാജീവൻ കണ്ടക്ടറുടെ വിരലിൽ കടിച്ചു.

നഖം കൊണ്ടു മുഖത്തു മാന്തുകയും ചെയ്തു. മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച ശേഷം കുമളി പൊലീസിൽ അറിയിക്കുകയായിരുന്നു.