ന്യൂഡൽഹി: അടുത്ത വർഷം ബംഗാൾ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂലും ബിജെപിയും തമ്മിൽ കടുത്ത പോര് തുടരുകയാണ്. ഇരുകൂട്ടരും പരസ്പരം എംഎൽഎമാരെ വാരുന്നു. അധിക്ഷേപങ്ങൾ ചൊരിയുന്നു. ഏതായാലും മറുഭാഗത്ത് മറ്റുചില കാര്യങ്ങൾ കൂടി നടക്കുന്നുണ്ട്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇടതുപാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കും.സിപിഎമ്മുമായി സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം നൽകി.

ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യമറിയിച്ചത്. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി ഒക്ടോബറിൽ അംഗീകാരം നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി സഹകരിക്കാനായിരുന്നു കേന്ദ്ര കമ്മിറ്റി തീരുമാനം.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാൾ ഘടകം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര കമ്മിറ്റി അനുമതി നൽകിയില്ല. അന്നത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റിലും സിപിഎം 26 സീറ്റിലും മാത്രമാണ് വിജയിച്ചത്.

2021 ഏപ്രിൽ- മാർച്ചിൽ 294 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. മമത ബാനർജി നേതൃത്വത്തിൽ അധികാര തുടർച്ച ഉണ്ടാവുമെന്നാണ് തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുന്നത്. ബംഗാളിൽ ഭരണം പിടിക്കുമെന്നാണ് ബിജെപി പ്രഖ്യാപനം. 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നും മറ്റുള്ളവർ പത്തും സീറ്റുകൾ നേടി. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ബംഗാളിന് പുറമേ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.