ന്യൂഡൽഹി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ നേതൃനിരയിൽ പൊളിച്ചെഴുത്തിനൊരുങ്ങി കോൺഗ്രസ്. തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നിരാശാജനകമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി സൂചിപ്പിച്ചു.

'നമുക്കുണ്ടായ തിരിച്ചടികൾ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട്' സോണിയ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു. തോൽവിക്കുള്ള കാരണമാണ് ആദ്യം തിരിച്ചറിയേണ്ടത്'.

പ്രതീക്ഷിച്ചതിനേക്കാൾ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കൾ പറയുമെന്നാണ് പ്രതീക്ഷക്കുന്നത്. ഗുരുതരമായ തിരിച്ചടികൾ നാം ശ്രദ്ധിക്കണം. തോൽവിക്ക് കാരണമായ എല്ലാ വശങ്ങളും നോക്കാനും വളരെ വേഗത്തിൽ റിപ്പോർട്ട് നൽകുന്നതിനുമായി ഒരു സമിതിയെ നിയോഗിക്കുമെന്നും സോണിയ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു നേരിട്ട തിരിച്ചടി ഗൗരവമുള്ളതെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു. തിരിച്ചടിയിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ കോൺഗ്രസിനു ശരിയായ ദിശയിൽ മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ പറഞ്ഞു.

ഗൗരവമുള്ള തിരിച്ചടിയാണ് കോൺഗ്രസിനു നേരിട്ടത്. ഇത്തരത്തിൽ പറയേണ്ടിവന്നതിൽ നിരാശയുണ്ട്. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോർട്ട് നൽകണമെന്നും സോണിയ പറഞ്ഞു.

കേരളത്തിലും അസമിലും സർക്കാരുകളെ തോൽപ്പിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടാനാവാത്തത് എന്തുകൊണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. അസൗകര്യകരമായ കാര്യങ്ങളാവും ഈ പരിശോധനയിൽ ഉരുത്തിരിഞ്ഞുവരിക. എന്നാൽ യാഥാർഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാർട്ടിക്കു മുന്നോട്ടുപോവാനാവില്ല. സോണിയ പറഞ്ഞു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തോൽവിയുടെ കാരണം സൂക്ഷ്മമായി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രവർത്തക സമിതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കും.

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്കും കോൺഗ്രസ് കടക്കാൻ തീരുമാനിച്ചതും ശ്രദ്ധേയമാണ്. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്ന പ്രവർത്തകസമിതികളിൽ ചർച്ചകൾ നടന്നിരുന്നില്ല.

ജൂൺ 23-ന് പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ ഏഴിനകം നാമനിർദ്ദേശം നൽകാം. അതേസമയം, ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ വോട്ടെടുപ്പ് തിയതി അന്തിമമാക്കിയിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം കോൺഗ്രസിന് സ്ഥിരം പ്രസിഡന്റില്ല. നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് സോണിയ ഗാന്ധി താത്കാലികമായി ചുതമല വഹിച്ചുവരികയാണ്. സ്ഥിരം പ്രസിഡന്റ് വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ മുറവിളിക്കിടെയാണ് ജൂൺ 23ന് തെരഞ്ഞെടുപ്പു നടക്കാൻ നീക്കമുണ്ടായത്.

അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തമിഴ്‌നാട്ടിൽ മാത്രമാണ് കോൺഗ്രസിന് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമായി.

പുതുച്ചേരിയിൽ ഭരണം നഷ്ടപ്പെട്ട കോൺഗ്രസിന് കേരളത്തിൽ, അഞ്ചു വർഷം കൂടുമ്പോൾ ഭരണത്തിൽ തിരിച്ചെത്തുകയെന്ന പതിവ് ആവർത്തിക്കാനായില്ല. ബംഗാളിൽ ഇടതു സഖ്യത്തിനൊപ്പം മത്സരിച്ച പാർട്ടി ഒരു സീറ്റിലും ജയിച്ചില്ല. അസമിലും കോൺഗ്രസ് പ്രതിപക്ഷത്തു തുടരാനാണ് ജനവിധി.