ലഖ്‌നോ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കോടികൾ പരസ്യത്തിനും ഇവന്റ് മാനേജ്‌മെന്റിനും വേണ്ടി ചെലവാക്കി പരാജയങ്ങൾ മറയ്ക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കോൺഗ്രസ്. പി.ആർ ജോലിയുടെയും ഹോർഡിങ്‌സ്, ബ്രാൻഡിങ്, ഇവന്റ് മാനേജ്‌മെന്റ് എന്നിവയുടെയും സഹായത്തോടെയാണ് യോഗി സർക്കാർ മുന്നോട്ടുപോകുന്നതെന്നും യു.പി കോൺഗ്രസ് പ്രസിഡന്റ് അജയ് കുമാർ ലല്ലു ആരോപിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികൾ പണ്ടത്തേതിനേക്കാൾ മോശമായെന്നും ലല്ലു പറഞ്ഞു. തെറ്റായ പ്രചാരണവും ആകർഷകമായ മുദ്രാവാക്യങ്ങളും ഉപയോഗിച്ചായിരുന്നു ബിജെപിയുടെ രംഗപ്രവേശം. എന്നാൽ ജനങ്ങൾ അതിനോട് കാണിച്ച ആത്മാർഥതക്ക് മറുപടിയായി ഒരു വാഗ്ദാനം പോലും പൂർത്തീകരിക്കാൻ സർക്കാറിന് കഴിഞ്ഞില്ല.

ബിജെപി സർക്കാറിന്റെ മോശം ഭരണത്തിൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സ്വീകരിക്കുന്ന മൗനവും ലല്ലു ചൂണ്ടിക്കാട്ടി. ഇരുപാർട്ടികളും ബിജെപിയുമായി സമവായത്തിലെത്തിയതായി അദ്ദേഹം ആരോപിച്ചു.

അഞ്ചുവർഷത്തിനുള്ളിൽ യു.പിയിൽ 70 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാൽ യോഗി തന്നെ സംസ്ഥാനത്ത് വെറും നാലുലക്ഷം പേർക്ക് മാത്രമാണ് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞതെന്ന് സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.