ന്യൂഡൽഹി: കോൺഗ്രസ് പൂർണ്ണമായും മുങ്ങിത്താഴുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ വിവാദങ്ങൾ ഉയരുമ്പോഴാണ് പാർട്ടിക്ക് എതിരെ രൂക്ഷ പരാമർശവുമായി ബിജെപി നേതാവ് രംഗത്തെത്തി. കോൺഗ്രസ് പൂർണമായും മുങ്ങിപ്പോകും, ഈ ലോകത്തെ ഒരു ശക്തിക്കും അതിനെ രക്ഷിക്കാൻ സാധിക്കില്ല' എന്ന് അദ്ദേഹം പറഞ്ഞു. ഗ്വാളിയോറിലെ ഒരു ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നതിനെ ചൊല്ലിയാണ് കോൺഗ്രസിൽ ചർച്ചകൾ നടക്കുന്നത്. സംഘടനയിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ നൽകിയ കത്തിന് മറുപടിയായി, ഇനിയും ഉത്തരവാദിത്തവുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ല എന്ന് സോണിയ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

മാറ്റം ആവശ്യപ്പെട്ട് ശശി തരൂർ, പി ജെ കുര്യൻ എന്നിവർ ഉൾപ്പെടെ 23 നേതാക്കളാണ് സോണിയയ്ക്ക് കത്ത് നൽകിയത്. ഇതിന് മറുപടിയായി സോണിയ ഗാന്ധി നേതൃത്വത്തിന് കത്ത് അയച്ചതായും പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് ഇതിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

'ഇടക്കാല പ്രസിഡന്റായി ഒരു വർഷം പൂർത്തിയാക്കി. പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് ആഗ്രഹം. പുതിയ പാർട്ടി പ്രസിഡന്റിനെ കണ്ടെത്തണം' കത്തിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം എഐസിസി വക്താവ് രൺദീപ് സിങ് സുർജേവാല റിപ്പോർട്ടുകൾ തള്ളി. പദവി ഒഴിയാൻ തീരുമാനിച്ച് കൊണ്ട് സോണിയ ഗാന്ധി കത്ത് അയച്ചിട്ടില്ല എന്ന് സുർജേവാല വ്യക്തമാക്കി.

വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനായി നിർണായക പ്രവർത്തകസമിതി യോഗം നാളെ ചേരും. പാർട്ടിയുടെ മുഖ്യമന്ത്രിമാരോട് യോഗത്തിൽ പങ്കെടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുവിഭാഗം അടിമുടി മാറ്റം ആവശ്യപ്പെടുമ്പോൾ സോണിയ ഗാന്ധി സ്ഥാനത്ത് നിന്ന് മാറരുത് എന്ന് ഒരുവിഭാഗം ശക്തമായി വാദിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്, കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ സോണിയ ഗാന്ധി സ്ഥാനത്ത് തുടരണം എന്ന അഭിപ്രായമുള്ളവരാണ്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.