തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ പഴിചാരലും നേതൃമാറ്റ ആവശ്യവും സജീവമായി.കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ചു ഷാനിമോൾ ഉസ്മാൻ രംഗത്തുവന്നതിന് പിന്നാലെ ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനെതിരെ രംഗത്തെത്തി.

കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് മേൽ ഒരു വിഭാഗം ശക്തമാക്കുകയാണ്.കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരൻ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തുവന്നു. സുധാകരൻ മികച്ച നേതാവാണ്. വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ പറഞ്ഞു. ഏറ്റവുമൊടുവിൽ നേതൃമാറ്റത്തിനായി മുറവിളി ഉയർത്തുന്നത് കോൺഗ്രസ് സൈബർ ടീം ഫേസ്‌ബുക്ക് കൂട്ടായ്മയാണ്.

നേതാക്കളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്‌പ്പ് ഇനി അനുവദിക്കില്ലെന്ന് സൈബർ ടീം താക്കീത് നൽകി. പ്രവർത്തകരുടെ വികാരം മാനിക്കാൻ ആദ്യം നേതാക്കൾ പഠിക്കണമെന്നും സൈബർ ടീം രോഷം പ്രകടിപ്പിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവായി വിഡി സതീശൻ വരണമെന്നുമുള്ള ആവശ്യമാണ് സൈബർ ടീം മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും ഇനിയും അവഗണിച്ചാൽ തങ്ങൾ പൊട്ടിത്തെറിക്കുമെന്നും സൈബർ ടീം പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നേതാക്കളുടെ ഗ്രുപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഞങ്ങൾ പ്രവർത്തകർ ഇനി അനുവദിക്കില്ല. പ്രവർത്തകരുടെ വികാരം മാനിക്കാൻ പഠിക്കണം ആദ്യം നേതാക്കൾ.

ഞങ്ങൾ പ്രവർത്തകർക്ക് ഒന്നേ പറയാൻ ഉള്ളു..

(1)കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് കെ.സുധാകരനെ കൊണ്ട് വരുക

.(2) പ്രതിപക്ഷ നേതാവായി വിഡിസതീശനെ കൊണ്ട് വരുക

ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു കോൺഗ്രസ് പ്രവർത്തരുടെ ക്ഷമ നിങ്ങൾ ഇനിയും പരീക്ഷിക്കരുത് പൊട്ടി തെറിക്കും ഞങ്ങൾ ഓർത്തോ..

വൻ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടർഭരണം നേടിയതോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇതോടെ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയേക്കും. മുൻപ് 2016ലെ പരാജയത്തോടെ ഉമ്മൻ ചാണ്ടി നേതൃത്വം ഏറ്റെടുക്കാതെ മാറിനിന്നിരുന്നു. ഈ മാതൃകയിൽ ചെന്നിത്തലയും മാറിനിന്നാൽ നാലാംവട്ടം പറവൂരിൽ നിന്ന് വിജയിച്ചെത്തുന്ന വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും.

ചെന്നിത്തല മാറുന്നതോടെ അദ്ദേഹത്തിന്റെ പിന്തുണയും സതീശനുണ്ടാകുമെന്നാണ് കരുതുന്നത്.ചെന്നിത്തലയുടെ നേതൃത്വം കോൺഗ്രസിന് ശക്തി പകർന്നില്ലെന്ന വികാരം പാർട്ടിയിൽ വിവിധ ഭാഗങ്ങളിലുണ്ട്. ഇതോടെയാണ് കടുത്ത ഇടത് തരംഗത്തിലും ഇടത് വോട്ടുകൾ ബഹുഭൂരിപക്ഷമുള്ള മണ്ഡലത്തിൽ നിന്നും 21,031 വോട്ടിന് വിജയിച്ച് സഭയിലേക്കെത്തിയ വി.ഡി സതീശന് സാദ്ധ്യതയേറിയത്. നിലവിൽ കോൺഗ്രസിൽ നിന്നും 22 പേരാണ് സഭയിലെത്തിയത്. ഇതിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്. മുൻപ് കെപിസിസി വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തിൽ നിർണായകമാണ്. 15 സീറ്റുകളിൽ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോൺഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പിൽ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോൾ പ്രധാനപ്പെട്ടതാണ്. കെ. സുധാകരൻ നേതൃത്വത്തിലേക്ക് വന്നാൽ അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരെ പരിഗണിക്കേണ്ടിവരും.

യുവനേതാക്കളായ വിടി ബൽറാം ശബരീനാഥ് തുടങ്ങിയവർ പാർട്ടിയുടെ മുന്നോട്ടുപോക്കിൽ നിർണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാൽ അതും മറ്റൊരു തരത്തിൽ വിനയാകും.