ന്യൂഡൽഹി: കോൺഗ്രസിലെ പുത്തുൻഗ്രൂപ്പുകാരും പഴയ ഗ്രൂപ്പുകാരും തമ്മിൽ നടത്തിയ വടംവലികൾക്ക് ഒടുവിൽ ഇന്നലെ അർധരാത്രിയോടെ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറി. നേരത്തെ പുറത്തുവന്ന സാധ്യതാ ലിസ്റ്റിൽ ഇടംപിടിച്ച പലരും ഹൈക്കമാൻഡിന് സമർപ്പിച്ച ലിസ്റ്റിൽ നിന്നും പുറത്തായി. അതേസമയം അന്തിമ ലിസ്റ്റിൽ ഹൈക്കമാൻഡ് തിരുത്തൽ വരുത്തുമോ എന്നാണ് അറിയേണഅടത്.

ഇന്നലെ അർധരാത്രി വരെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടിക കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു കൈമാറി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നടത്തിയ ചർച്ചയിലാണ് അന്തിമപട്ടികയ്ക്കു രൂപം നൽകിയത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ പട്ടിക ഇന്ന് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം.

അന്തിമ പട്ടികയിൽ ഇവർ

തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ: കെ.പി.ശ്രീകുമാർ, കോട്ടയം: ഫിൽസൺ മാത്യൂസ്, ഇടുക്കി: എസ്. അശോകൻ, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂർ: ജോസ് വള്ളൂർ, പാലക്കാട്: എ. തങ്കപ്പൻ, മലപ്പുറം: വി എസ്.ജോയ്, കോഴിക്കോട്: കെ. പ്രവീൺകുമാർ, വയനാട്: എൻ.ഡി. അപ്പച്ചൻ, കണ്ണൂർ: മാർട്ടിൻ ജോർജ്, കാസർകോട്: പി.കെ. ഫൈസൽ.

നേരത്തെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചവർ പലരും പുതിയ പട്ടികയിൽ നിന്നും പുറത്തായി. കാസർകോട്ട് നേരത്തെ ഖാദർ മാങ്ങാട്ടിനായിരുന്നുന്നു സാധ്യത ഉണ്ടായിരുന്നത്. എന്നാൽ, ചർച്ചകൾക്ക് ഒടുവിൽ പി കെ ഫൈസലിന് നറുക്കു വീണു. തിരുവനന്തപുരത്ത് പരിചയ സമ്പത്തിനാണ് വില നിൽകിയത്. ഇവിടെ പാലോട് രവി ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ ജിഎസ് ബാബു പുറത്തായി. കോട്ടയത്തും മാറ്റം വന്നു. ഇവിടെ നേരത്തെ നാട്ടകം സുരേഷിനെ പരിഗണിച്ചിടത്തു നിന്നാണ് ഫിൽസൺ മാത്യൂസിലേക്ക് എത്തിയത്. ഇടുക്കിയിൽ സി പി മാത്യൂസും പട്ടികയിൽ നിന്നും പുറത്തായി. പകരം എസ് അശോകനെയാണ് പരിഗണിച്ചത്.

ശക്തമായ തർക്കങ്ങൾ നിലനിന്ന പാലക്കാട്ടും മലപ്പുറത്തും ആലപ്പുഴയിലും പിടിമുറുക്കിയത് കെ സി വേണുഗോപാൽ തന്നെയാണ്. ആലപ്പുഴയിൽ ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിനെ വെട്ടി കെ പി ശ്രീകുമാറിന് പദവി നൽകിയപ്പോൾ പാലക്കാട്ട് വി ടി ബൽറാമിനെയും എ വി ഗോപിനാഥിനെയും ഒഴിവാക്കി എ തങ്കപ്പൻ ഡിസിസി അധ്യക്ഷനാകും. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കാതെയാണ് വി എസ് ജോയിയെ ഡിസിസി അധ്യക്ഷനാക്കുന്നത്.

വയനാട് ജില്ലയിൽ തർക്കത്തിന് ഒടുവിൽ എൻ ഡി അപ്പച്ചനെയാണ് ഡിസിസി അധ്യക്ഷനാക്കുന്നത്. മുൻ എംഎൽഎ കൂടിയായ എൻഡി അപ്പച്ചന്റെ പ്രായാധിക്യം പോലും പരിഗണിക്കാതെയാണ് തീരുമാനം. കൊല്ലം ജില്ലയിൽ ഒടുവിൽ വിജയിക്കുന്നതുകൊടിക്കുന്നിൽ സുരേഷിന്റെ പിടിവാശിയാണ്. പി രാജേന്ദ്ര പ്രസാദിന് വേണ്ടി കൊടിക്കുന്നിൽ ശക്തമായി വാദിച്ചതോടെ ആ പേരിലേക്ക് തന്നെ പാർട്ടിയെത്തി.

അതേസമയം സമുദായ പ്രാതിനിധ്യത്തിനൊപ്പം ദളിത്, വനിതാ പ്രാതിനിധ്യവും പുതിയ പ്രശ്നമായി കോൺഗ്രസിനുള്ളിൽ തർക്കമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹൈക്കമാൻഡിന് മുന്നിലെ പട്ടികയിൽ ഒരു ജില്ലയിൽ എങ്കിലും വനിതാ പ്രാതിനിധ്യം വേണമെന്നതാണ് നിലപാട്. വയനാട്ടിൽ ഹൈക്കമാൻഡ് പ്രഖ്യാപനം വരുമ്പോൾ പി കെ ജയലക്ഷ്മി ലിസ്റ്റിൽ ഇടംപിടിക്കാനുള്ള സാധ്യത വീണ്ടും അവശേഷിക്കുന്നുണ്ട്. ദളിത് - വനിതാ പ്രാതിനിധ്യം കൊണ്ടുവരണമെന്ന് സോണിയ ഗാന്ധി വാശി പിടിച്ചാൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ.

അതിനിടെ ഉമ്മൻ ചാണ്ടി - ചെന്നിത്തല ഗ്രൂപ്പുകൾക്ക് പ്രാതിനിധ്യം ലഭിക്കാതെ വന്നതോടെ കലാപത്തിന് ഒരുങ്ങുന്ന എ, ഐ ഗ്രൂപ്പുകളുടെ നീക്കം നടക്കുന്നുണ്ടെന്ന സൂചനകൾ ഇപ്പോൾ തന്നെ പുറത്തുണ്ട്. എന്നാൽ, അണികൾക്കും നേതാക്കൾക്കും താക്കീതുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തുണ്ട്.