ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമായ നിലയിലാണ്. തകർന്നടിച്ചു കിടക്കുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. നേതൃത്വത്തിൽ കരുത്തുള്ള നേതാവ് ഇല്ലാത്തതും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി. പാർട്ടിയുടെ ചെറിയ വീഴ്‌ച്ചകൾ പോലും രാഷ്ട്രീയ എതിരാളികൾ ആഘോഷമാക്കുന്ന സാഹചര്യവും ഇന്നുണ്ട്. ഇതിനിടെയാണ ്കോൺഗ്രസിന് രാശിയില്ലെന്ന പ്രചരണം നടത്താൻ ഒരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്.

കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിനിടെ പതാക ഉയർത്തവേ പതാക പൊട്ടിവീണ സംഭവമാണ് ദേശീയ തലത്തിൽ കോൺഗ്രസിന് വീണ്ടും നാണക്കേടായിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പതാക ഉയർത്തുന്നതിനിടെയായിരുന്നു സംഭവം. കോൺഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തുമ്പോഴായിരുന്നു പതാക പൊട്ടി വീണത്.

പതാക ഉയർത്താൻ വേണ്ടി കയർ വലിക്കവേ പതാക പൊട്ടി സോണിയയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് പതാക ഉയർത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഇതേത്തുടർന്ന് സോണിയാഗാന്ധി ക്ഷുഭിതയായി. രോഷത്തോടെ പോയ സോണിയാഗാന്ധി 15 മിനുട്ടിന് ശേഷം തിരികെ വന്ന് വീണ്ടും പതാക ഉയർത്തുകയായിരുന്നു

പതാക പൊട്ടിവീണ സംഭവത്തിൽ ക്രമീകരണ ചുമതല ഉണ്ടായിരുന്നവർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മോത്തിലാൽ വോറ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു. കോൺഗ്രസ് പതാക പൊട്ടിവീണ സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്തു കൊണ്ടാണ് രാശി ഇല്ലാത്ത പാർട്ടിയെന്ന നിലയിൽ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്.