ഗാന്ധിനഗർ: മോദിയുടെ തട്ടകം പിടിച്ചെടുത്ത് 2024 ലേയ്ക്കുള്ള ലാസ്റ്റ് ബസ് പിടിക്കാനുള്ള ഓട്ടത്തിലാണ് കോൺഗ്രസ്. അതിന് വേണ്ടി തന്ത്രമൊരുക്കുന്നത് 2014 ൽ മോദിയെ അധികാരത്തിലേറ്റിയ പ്രശാന്ത് കിഷോറാണ്. 2024 ൽ നടക്കാൻപോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എന്തെങ്കിലും സാധ്യതകൾ കൽപ്പിക്കപ്പെടണമെങ്കിൽ അതിന് മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് അവരെ അടിയറവ് പറയിപ്പിക്കണമെന്ന് പ്രശാന്ത് കിഷോറിനറിയാം. ഗുജറാത്തും ഉത്തർപ്രദേശുമാണ് അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിജെപി ഭരിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ. എന്നാൽ ഉത്തർപ്രദേശ് കോൺഗ്രസിന് ഉടനെയൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല. ആ സാഹചര്യത്തിലാണ് ഗുജറാത്ത് പിടിക്കാനുള്ള കോൺഗ്രസിന്റെ നീക്കം.

സച്ചിൻ പൈലറ്റിനെയാണ് രാഹുൽ ഗാന്ധി ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. സച്ചിനോട് രാഹുൽ ഗുജറാത്തിലേക്ക് പോകാൻ നിർദേശിച്ചിട്ടുണ്ട്. അന്തരിച്ച എഐസിസി ജന. സെക്രട്ടറി രാജീവ് സതവിന് പകരക്കാരനായിട്ടാണ് ഇത്. എന്നാൽ ഇത് സ്ഥിരം പദവിയായിരിക്കില്ല. പകരം നേതാക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമായി സച്ചിൻ പ്രവർത്തിക്കാനാണ് സാധ്യത. ഗുജറാത്തിൽ ഒബിസി-താക്കൂർ-മുസ്ലിം-ബ്രാഹ്മണ കോമ്പിനേഷനിൽ തന്നെയാണ് രാഹുൽ പ്രവർത്തിക്കുക. കഴിഞ്ഞ തവണ ഇത് വൻ വിജയമായിരുന്നു. ഇത്തവണ ബിജെപിയെ തോൽപ്പിക്കാൻ പാട്ടീദാർ വോട്ടുകളെ കൂടി രാഹുൽ കൂടെ കൂട്ടും. നിലവിൽ ബിജെപിയേക്കാൾ വലിയ വെല്ലുവിളിയായി ആംആദ്മി പാർട്ടിയാണ് കോൺഗ്രസിന് മുന്നിലുള്ളത്.

എഎപി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 14 ശതമാനത്തോളം വോട്ട് നേടിയിരുന്നു. എന്നാൽ കോൺഗ്രസിന് കാര്യമായ നേട്ടമൊന്നും ലഭിക്കുകയും ചെയ്തിരുന്നില്ല. ഇതാണ് പ്രധാന ആശങ്ക. കോൺഗ്രസിലെ തമ്മിലടിയായിരുന്നു തോൽവിക്ക് പ്രധാന കാരണം. അതുകൊണ്ട് ഗുജറാത്തിൽ രാഹുൽ എല്ലാവരോടും ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആരുടെ നേതൃത്വത്തിലാണോ ബിജെപിയെ പരാജയപ്പെടുത്തുന്നത് അവർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്നാണ് ഉറപ്പ്. നേതാക്കളോട് ഹർദിക് പട്ടേലിനെ അധ്യക്ഷനായി കണ്ട് അംഗീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭഗത്സിങ് ദിനത്തിൽ ജിഗ്‌നേഷ് മേവാനി കൂടെ കോൺഗ്രസ് പാളയത്തിലേയ്ക്ക് എത്തുന്നതോടെ രംഗം ഒന്നുകൂടെ കൊഴുക്കും. ദളിതരെയും യുവാക്കളെയും സ്വതന്ത്രചിന്താഗതിയുള്ളവരെയും പാർട്ടിയിലേയ്ക്ക് ആകർഷിക്കാൻ മേവാനിക്ക് കഴിയുമെന്നാണ് രാഹുൽ കണക്കുകൂട്ടുന്നത്. നിലവിലെ സർക്കാരിനെതിരെ യുവവോട്ടർമാർക്കിടയിൽ കടുത്ത അസംതൃപ്തി നിലനിൽക്കുന്നുണ്ട്. രാഹുലിന്റെ ടീം ലക്ഷ്യമിടുന്നത് ഇവരെയാണ്. അതിന് വേണ്ടിയാണ് ഹർദിക് പട്ടേലിനെ മുന്നിൽ നിർത്തിയത്. ജിഗ്നേഷ് മേവാനി കൂടി വന്നാൽ, കൂടുതൽപേരെ ആകർഷിക്കാൻ സാധിക്കും.

കഴിഞ്ഞ തവണ തോൽക്കുമെന്ന ഘട്ടം വന്നപ്പോൾ മോദിയുടെ പ്രചാരണം ഒന്ന് കൂടി കടുപ്പിച്ചാണ് ബിജെപി രക്ഷപ്പെട്ടത്. രാഹുലിന്റെ എല്ലാ ഫോക്കസും ഇപ്പോൾ ഗുജറാത്തിലാണ്. അവിടെ ജയിച്ചാൽ 2024 കുറച്ച് കൂടി എളുപ്പമാകുമെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മോദി സംസ്ഥാനത്ത് ഏറ്റവും പോപ്പുലറായ നേതാവാണെന്ന് എല്ലാവർക്കുമറിയാം. ഗുജറാത്താകട്ടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയും. ഇത് പിടിച്ചെടുത്താൽ മാത്രമേ ബിജെപിയുടെ ബ്രാൻഡ് രാഷ്ട്രീയത്തെ തകർക്കാൻ കോൺഗ്രസിന് സാധിക്കൂ. ഇന്ന് നരേന്ദ്ര മോദി നടപ്പാക്കുന്ന എല്ലാ രാഷ്ട്രീയ തന്ത്രവും ഗുജറാത്തിൽ പയറ്റി തെളിഞ്ഞതാണ്. അതുകൊണ്ടാണ് ഗുജറാത്ത് എന്തുവന്നാലും കൈവിടാതിരിക്കാൻ ബിജെപി ശ്രമിക്കുന്നത്. പക്ഷേ നിലനിൽക്കുന്ന ജാതിസമവാക്യങ്ങൾ പൊളിച്ച് തങ്ങൾക്കനുകൂലമായ സമവാക്യങ്ങൾ ചമയ്ക്കുന്ന ഒരു നേതാവ് എന്തുകൊണ്ട് ജാതി വോട്ടുകൾ കേന്ദ്രീകരിച്ച് കൊണ്ട് അത്തരമൊരു നേതാവിനെ ഗുജറാത്തിൽ തിരഞ്ഞെടുത്തു. ഇതിൽ നിന്ന് വ്യക്തമാണ് ബിജെപി സംസ്ഥാനത്ത് എത്ര പ്രതിസന്ധിയിലാണെന്ന്. മോദിക്ക് പരിഹരിക്കാൻ കഴിയുന്നതിലും അപ്പുറമാണ് പ്രതിസന്ധി. പാട്ടീദാർ വിഭാഗം സ്വസമുദായത്തിൽപെട്ട പുതിയ മുഖ്യമന്ത്രി വന്നിട്ടും വലിയ ആവേശത്തിലല്ല.

അടുത്തിടെ വന്ന സർവേ റിപ്പോർട്ടും ഇത് തെളിയിക്കുന്നതാണ്. ഇതിന്റെ നേട്ടം ഗുജറാത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇവിടെ ദളിത്-ഒബിസി വിഭാഗം അതിശക്തമാണ്. ജിഗ്നേഷ് മേവാനി കൂടി വരുന്നതോടെ കോൺഗ്രസിന്റെ സാധ്യതകൾ വർധിക്കും. ഗുജറാത്തിൽ നിതിൻ പട്ടേലിന് സംഭവിച്ചത് ബിജെപിയിൽ നിശബ്ദമായ പ്രതിഷേധം കളമൊരുക്കിയിരിക്കുകയാണ്. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട 22 എംഎൽഎമാരുണ്ട്. അതിലേറെ തവണ തിരഞ്ഞെടുക്കപ്പെട്ടവർ വേറെയുമുണ്ട്. ഇവർക്കൊന്നും മന്ത്രിസ്ഥാനം പോലും കിട്ടിയിട്ടില്ല. അങ്ങനെ നിൽക്കുമ്പോൾ അത്ര പരിചയസമ്പന്നനല്ലാത്ത ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതാണ് ബിജെപിക്കുള്ളിൽ പുകയുന്ന പ്രശ്‌നം.

ഗുജറാത്തിൽ വികസനം താളം തെറ്റിയെന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്. ഒപ്പം സംഘടനാ ദൗർബല്യവും കടന്നുവന്നിരിക്കുകയാണ്. ഇതെല്ലാമാണ് രാഹുൽ മുന്നിൽ കാണുന്നത്.