പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു. യുപിഎ സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കർ പ്രഖ്യാപിച്ചു. വിശ്വാസ വോട്ടിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയടക്കം ഭരണകക്ഷി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപോയി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവർണറെ കണ്ട് രാജിക്കത്ത് നൽകി.

മുഖ്യമന്ത്രി വി നാരായണ സ്വാമി ഉടൻ ഗവർണറെ കാണും. ദക്ഷിണേന്ത്യയിലെ അവസാന കോൺഗ്രസ് സർക്കാരാണ് വീണിരിക്കുന്നത്. രാജി പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. സർക്കാർ രൂപീകരിക്കാനായി ബിജെപി-എഐഎഡിഎംകെ-എൻ ആർ കോൺഗ്രസ് ചർച്ച നടക്കുന്നുണ്ട്. കോൺഗ്രസിന്റെ അഞ്ചും ഡിഎംകെയുടെ ഒരു എംഎൽഎയും രാജിവച്ചതിനെ തുടർന്നാണ് സർക്കാർ പ്രതിസന്ധിയിലായത്. ഇന്ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ് ഗവർണർ നാരായണ സ്വാമിയോട് നിർദ്ദേശിച്ചിരുന്നു.

കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നാരായണ സാമി സർക്കാർ വീണിരിക്കുന്നത്. സ്പീക്കർ അടക്കം നിലവിൽ 9 അംഗങ്ങളാണ് യുപിഎയ്ക്ക് ഉള്ളത്. പ്രതിപക്ഷത്ത് 14 അംഗങ്ങൾ ഉണ്ട്. കേന്ദ്ര സർക്കാരിനെതിരെയും മുൻ ലെഫ്റ്റണന്റ് ഗവർണർ കിരൺ ബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമർശനം നടത്തി. കിരൺബേദിയെ വച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപിച്ചു.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തി രണ്ട് എംഎ‍ൽഎ.മാർകൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോൺഗ്രസ് എംഎ‍ൽഎ.യും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കർ വി.പി. ശിവകൊളുന്തുവിനു രാജി സമർപ്പിച്ചത്.

ഇതോടെയാണ് കോൺഗ്രസ് സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായത്. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരടക്കം ഭരണകക്ഷിയിൽ നിന്ന് ആറ് എംഎൽഎമാരാണ് രാജിവച്ചത്. ആറ് എംഎ‍ൽഎ.മാർ രാജിവെച്ചതോടെ കോൺഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. എൻ.ആർ.കോൺഗ്രസ് -ബിജെപി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓൾഇന്ത്യ എൻ.ആർ.കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ. എന്നീ പാർട്ടികളിലെ 11 എംഎ‍ൽഎ.മാരും ബിജെപി.യുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.