ന്യൂഡൽഹി: ഡിസിസി പട്ടികയ്‌ക്കെതിരെ പ്രതികരിച്ച മുതിർന്ന നേതാക്കളോട് കടുത്ത നീരസത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ്. പട്ടികയിൽ പ്രതിഷേധം രേഖപ്പെടുത്തിയവർക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയുമുണ്ട്. പരസ്യപ്രതികരണം നടത്തിയ നേതാക്കളുടെ വിവരങ്ങൾ അടിയന്തരമായി കൈമാറാൻ കെപിസിസിക്ക് നിർദ്ദേശം നൽകി. പ്രകോപനം തുടർന്നാൽ രമേശ് ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയ ചുമതലയിൽ പുനരാലോചനയുണ്ടായേക്കും.

നേരത്തെ പ്രതിപക്ഷ നേതാാവ് പദവിയിൽ നിന്നും മാറ്റിയപ്പോൾ ചെന്നിത്തലക്ക് എഐസിസിയിൽ ഉന്നത പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തനിക്ക് താൽപ്പര്യമില്ലെന്ന നിലപാടിലായിരുന്നു ചെന്നിത്തല. പിന്നീട് അദ്ദേഹം പദവി ഏറ്റെടുക്കാൻ സന്നദ്ധനായിരുന്നു. എന്നാൽ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് ആ തീരുമാനവും പുനരാലോചിക്കയാണ്. പ്രകോപനം തുടർന്നാൽ നേതാക്കൾക്കാകും നഷ്ടമെന്ന വ്യക്തമായ സന്ദേശമാണ് ഹൈക്കമാൻഡ് നൽകുന്നത്.

സംസ്ഥാനത്തെ തീരുമാനങ്ങളിൽ കെ സുധാകരനും വിഡി സതീശനും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. നിർദ്ദേശങ്ങൾ മുൻപോട്ട് വയ്ക്കാമെന്നല്ലാതെ അതാകണം തീരുമാനം എന്ന് വാശിപിടിക്കേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കൾക്കുള്ള മുന്നറിയിപ്പ്. രാഹുൽഗാന്ധിയടക്കം സംസാരിച്ചിട്ടും ഡിസിസി പട്ടികക്കെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. നേതാക്കൾ പരസ്യമായ വിഴുപ്പലക്കൽ നടത്തുന്നതിനൊപ്പം ഒപ്പമുള്ളവരെയും അതിനായി പ്രേരിപ്പിക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ ധരിപ്പിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിനോടകം പരസ്യപ്രസ്താവന നടത്തിയ മുഴുവൻ ആളുകളുടെയും വിവരങ്ങൾ അടിയന്തരമായി നൽകാൻ കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കലാപത്തിന് തുടക്കമിട്ട് കെപി അനിൽകുമാറും ശിവദാസൻ നായരും ചാനലിൽ നടത്തിയ പ്രസ്താവനകളുടെ വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്. എഐസിസി പുനഃസംഘടനയോടെ ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകി രമേശ് ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാൻ നടക്കുന്ന ആലോചനയേയും നേതാക്കളുടെ നടപടി ബാധിച്ചേക്കുമെന്ന് ചില ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചന നൽകുന്നു.

കാരണം കാണിക്കൽ നോട്ടീസുമായി കോൺഗ്രസ് രംഗത്തുണ്ട്. പാർട്ടി അച്ചടക്കം ലംഘിച്ചതിന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ്. തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവർക്കും നോട്ടീസ് നൽകിയിട്ടുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ അർഹതപ്പെട്ടവരെ തഴഞ്ഞെന്നും പെട്ടിതൂക്കികൾക്കാണ് സ്ഥാനങ്ങൾ നൽകിയതെന്നും ആരോപിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. അർഹതപ്പെട്ടവരെ ഒഴിവാക്കി. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലേയയും വരെ അപമാനിക്കുന്ന തരത്തിലായിരുന്നു കെ പി സി സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും നടപടിയെന്നും ഇരുവരും നിലപാടെടുത്തു.