കോട്ടയം: മതേതരത്വവും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കാൻ ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചർച്ച വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും താൽപര്യം കാണിച്ചില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രണ്ട് തവണ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ആനപ്പുറത്തു പോകുന്നവനോട് പട്ടിക്കുരക്കുന്നത് പോലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ചു.

ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ ആണ് ബിജെപി. ഈ വിഷയം മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതേതരത്വം കോൺഗ്രസിന്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അതു കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും കെ.സുധാകരൻ പറഞ്ഞു. ആ ലക്ഷ്യത്തിന്റെ ഭാഗമായാണ് വിവിധ ബിഷപ്പുമാരേയും ഇമാമിനേയും എല്ലാം നേരിൽ കണ്ടു അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരൻ.

സുധകാരന്റെ വാക്കുകൾ -

മതേതരത്വവും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കാൻ ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചർച്ച വേണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ സർക്കാരിന് താത്പര്യമില്ല. രണ്ട് തവണ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ആനപ്പുറത്തു പോകുന്നവനോട് പട്ടിക്കുരക്കുന്നത് പോലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ചു.

ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ ആണ് ബിജെപി. ഈ വിഷയം മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നർകോട്ടിക് ജിഹാദിനെക്കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ല. കോൺഗ്രസ് ഇക്കാര്യമെല്ലാം വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. കോൺഗ്രസിന് ഇക്കാര്യത്തിൽ ഭിന്നഭിപ്രായമില്ല, ഒറ്റ അഭിപ്രായം മാത്രമാണുള്ളത്. വിഡി സതീശൻ കോട്ടയത്തെ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുന്നതുകൊണ്ടാണ് ബിഷപ്പ് ഹൗസിൽ വരാതിരുന്നത്. ആവശ്യമുണ്ടെങ്കിൽ അദ്ദേഹവും ഇവിടെ വരും.

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷവിമർശനമാണ് നേരത്തെ കെ സുധാകരൻ ഉന്നയിച്ചത്. വിഷയത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രക്തം നക്കിക്കുടിക്കുന്ന ചെന്നായയെ പോലെയാണ് സർക്കാർ പെരുമാറിയത്. സാമുദായിക സമവായമുണ്ടാക്കേണ്ടത് സംസ്ഥാന സർക്കാരായിരുന്നുവെന്നും എന്നാൽ അതിനുള്ള നീക്കം നടത്താതെ രാഷ്ട്രീയ മുതലെടുപ്പിനാണ് സംസ്ഥാന സർക്കാരും സിപിഎമ്മും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മതസൗഹാർദം ഉലയ്ക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്ന് സഭ വ്യക്തമാക്കിയതായും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശ്ശേരി ബിഷപ്പ് മുൻപ് രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സുധാകരന് ഒപ്പം ചങ്ങനാശ്ശേരിയിൽ എത്തിയിരുന്നു.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം വന്നിരുന്നു. വിഡി സതീശൻ ഇക്കാര്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. ഇതിൽ സഭയുടെ അവ്യക്തതയും അതൃപ്തിയും ഇല്ലാതാക്കാൻ വേണ്ടിയും തങ്ങളുടെ നിലപാട് സഭയെ അറിയിക്കാൻ വേണ്ടിയുമാണ് ഇരുവരും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിനെ സന്ദർശിക്കാൻ എത്തിയത്. മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് എല്ലായിപ്പോഴും ഇടപെട്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന നേതാക്കളെ മാലിന്യങ്ങളെന്ന് വിളിച്ച് സുധാകരൻ വീണ്ടും നിലപാട് ആവർത്തിച്ചു. പാർട്ടി വിട്ട മൂന്ന് പേരെയും നേതാക്കൾ എന്ന് പറയാൻ കഴിയില്ലെന്നാണ് സുധാകരന്റെ വാദം. എ.കെ.ജി സെന്ററിലേക്ക് പോയപ്പോൾ ഒരു അണി പോലും കൂടെയില്ലാത്തവരെ എങ്ങനെയാണ് നേതാവ് എന്ന് വിളിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.