റാഞ്ചി: താലിബാനെ പിന്തുണച്ചു ഝാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ നടത്തിയ പ്രതികരണം വിവാദത്തിൽ. എംഎൽഎയും മുൻ വർക്കിങ് പ്രസിഡന്റുമായ ഇർഫാൻ അൻസാരിയുടെ പ്രതികരണങ്ങളാണ് വിവാദമായത്. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന തുരത്താൻ താലിബാൻ മികച്ച രീതിയിലാണു പ്രവർത്തിച്ചതെന്ന് അൻസാരി പറഞ്ഞു. അഫ്ഗാനിൽ നിന്ന് യുഎസ് സൈനികരെ പുറത്താക്കിയ നീക്കത്തെ അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിൽ യുഎസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും അൻസാരി പ്രതികരിച്ചു.

ഝാർഖണ്ഡ് നിയമസഭാ സമ്മേളന ദിവസം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അൻസാരി. താലിബാൻ ഭീകര സംഘടനയാണ്. പക്ഷേ യുഎസിനെ പുറത്താക്കാൻ വിപ്ലവാത്മകമായാണു അവർ പ്രവർത്തിച്ചതെന്നും അൻസാരി പറഞ്ഞു.

ഇതിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇത്തരം പ്രതികരണങ്ങൾ താലിബാന് സമാനമായ കോൺഗ്രസിന്റെ ചിന്താഗതിയാണു കാണിക്കുന്നത്. വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ക്രൂരതകളുടെ പേരിൽ കുപ്രസിദ്ധരായ സംഘത്തെയാണ് കോൺഗ്രസ് എംഎൽഎ പിന്തുണയ്ക്കുന്നതെന്നും ബിജെപി ചീഫ് വിപ്പ് ബിരാഞ്ചി നാരായൺ ആരോപിച്ചു. ഭയം കാരണം സ്ത്രീകൾ അഫ്ഗാൻ വിടുകയാണ്. ഇവിടെയും അങ്ങനെ സംഭവിക്കാനാണോ അൻസാരിയുടെ ആഗ്രഹമെന്നും അദ്ദേഹം.