ഭോപ്പാൽ: മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർല ബിജെപിയിൽ ചേർന്നു. ഖണ്ട്വ ഉപതെരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിൽ സച്ചിൻ ബിർല ബിജെപിയിൽ എത്തിയത്. 2018ൽ കോൺഗ്രസ് ടിക്കറ്റിലാണ് ബദ്വാഷ് മണ്ഡലത്തിൽ നിന്ന് സച്ചിൻ ബിർല നിയമസഭയിലെത്തിയത്.

ഒക്ടോബർ 30നാണ് ഒരു ലോക്സഭാ സീറ്റിലേക്കും മൂന്ന് നിയമസഭ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിൽ എംഎൽഎ സച്ചിൻ ബിർല ബിജെപിയിൽ ചേർന്നെന്ന് ബിജെപി മീഡിയ ഇൻചാർജ് ലോകേന്ദ്ര പരാശാർ ട്വീറ്റ് ചെയ്തു. സച്ചിൻ ബിർല പ്രതിനിധീകരിക്കുന്ന മണ്ഡലം ഖണ്ട്വ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ടതാണ്.

ശിവരാജ് സിങ് ചൗഹാൻ സച്ചിൻ ബിർലയെ സ്വീകരിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. ബേഡിയയിൽ നടന്ന റാലിയിൽ കൃഷി മന്ത്രി കമൽ പട്ടേലും മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. മധ്യപ്രദേശിൽ 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് അധികാരത്തിലേറിയത്. എന്നാൽ കമാൽനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ 30ഓളം എംഎൽഎമാരെ കോൺഗ്രസിൽ നിന്നടർത്തി ബിജെപിയിലെത്തിയതോടെ ഭരണം ബിജെപിക്ക് ലഭിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ കേന്ദ്രമന്ത്രിയാണ്.