അമൃത്‌സർ: പഞ്ചാബിൽ കണക്കു കൂട്ടലെല്ലാം തെറ്റി കോൺഗ്രസ് ഹൈക്കമാൻഡ്. പഞ്ചാബ് കോൺഗ്രസിൽ നവ്‌ജ്യോത് സിങ് സിദ്ദുവിനെ വിശ്വാസത്തിലെടുത്ത് അമരീന്ദർ സിംഗിനെ തള്ളിപ്പറഞ്ഞതിന് സ്വയം പശ്ചാത്തപിക്കുകയാണ് രാഹുലും പ്രിയങ്കയും ഇപ്പോൽ. ഹൈക്കമാൻഡ് താൽപ്പര്യമെടുത്തുള്ള നടപടിയാണ് സിദ്ദുവിന്റെ നിയമനം എന്നിട്ടു കൂടി അദ്ദേഹം രാജിയിലൂടെ കോൺഗ്രസിലെ പ്രതിസന്ധിയിലാക്കി. സിദ്ദുവിന്റെ ഈ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഇപ്പോൾ ഹൈക്കമാൻഡും പറയുന്നത്.

അതേസമയം ഹൈക്കമാൻഡുമായി തെറ്റിയ അമരീന്ദർ സിങ് പഞ്ചാബ് സർക്കാറിനെതിരെ നീക്കങ്ങളുമായി രംഗത്തുണ്ട്. രാജിക്ക് പിന്നാലെ വിശ്വാസ വോട്ടെടുപ്പെന്ന ആവശ്യമുയർത്തി മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പക്ഷത്തെ എംഎ‍ൽഎമാർ. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടാൻ അമരീന്ദറിനോട് എംഎ‍ൽഎമാർ അറിയിച്ചതായാണ് വിവരം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിക്ക് ഹൈക്കമാൻഡ് പിന്തുണ അറിയിച്ചതായാണ് വിവരം. സിദ്ദുവിന്റെ രാജിയിൽ അതൃപ്തിയും രേഖപ്പെടുത്തി.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം സിദ്ദു രാജിവെച്ചതിന് പിന്നാലെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. പഞ്ചാബ് കാബിനറ്റ് മന്ത്രിസ്ഥാനം റസിയ സുൽത്താന രാജിവെച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഇവർ മന്ത്രിസ്ഥാനം ഏറ്റെടുത്തത്. കൂടാതെ പർഗത്‌സിങ്ങും മന്ത്രിസ്ഥാനം രാജിവെച്ചു. ഇവർക്ക് പുറമെ മൂന്നുപേർ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു.

യോഗീന്ദർ ദിൻഗ്ര ജനറൽ സെക്രട്ടറി സ്ഥാനം, ഗുൽസർ ഇന്ദർ ചഹൽ പഞ്ചാബ് കോൺഗ്രസ് ട്രഷറർ സ്ഥാനം, ഗൗതം സേത് ജനറൽ സെക്രട്ടറി സ്ഥാനം എന്നിവയാണ് രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ രാജിക്കത്ത് സിദ്ദു ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പഞ്ചാബിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങളിൽ വിട്ടുവീഴ്ച പറ്റില്ലെന്ന വിശദീകരണത്തോടെയാണ് സിദ്ദുവിന്റെ രാജിക്കത്ത്.

രാജിക്കത്ത് ഹൈകമാൻഡ് അംഗീകരിച്ചിട്ടില്ല. കോൺഗ്രസിൽ തുടരുമെന്ന് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ, ഹൈകമാൻഡിന് തക്ക മറുപടിയുമായി അമരീന്ദർ ട്വിറ്റർ കുറിപ്പ് ഇറക്കി. 'സ്ഥിരതയില്ലാത്ത അയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് നിങ്ങളോട് ഞാൻ പണ്ടേ പറഞ്ഞതാ'ണെന്ന് അമരീന്ദർ ഓർമിപ്പിച്ചു. എന്നാൽ അമരീന്ദറുടെ യാത്ര ബിജെപിയിലേക്കാണെന്നതിന് ഇനിയും സ്ഥിരീകരണമായിട്ടില്ല. സിദ്ദുവിന്റെ രാജിക്കു പിന്നാലെ മുഖ്യമന്ത്രി ചരൺജിത്‌സിങ് ചന്നി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. അതിനിടയിലാണ് സിദ്ദുവിനെ പിന്തുണച്ച് റസിയ സുൽത്താന, പർഗത്‌സിങ് എന്നിവർ മന്ത്രിസഭയിൽ നിന്ന് രാജി വെച്ചത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ നാലു മാസം മാത്രം ബാക്കിനിൽക്കേയാണ് കോൺഗ്രസിലെ പ്രതിസന്ധി.

അതേസമയം അഴിച്ചുപണികൾ കൊണ്ടു മാത്രം തീരുന്നതല്ല പാർട്ടി നേരിടുന്ന പ്രതിസന്ധിയെന്ന തിരിച്ചറിവാണ് കോൺഗ്രസിനു പഞ്ചാബിൽനിന്നു ലഭിക്കാവുന്നത്. മുഖ്യമന്ത്രിയെ മാറ്റിയപ്പോൾ ഉറച്ച തീരുമാനത്തിന് അഭിനന്ദിക്കപ്പെട്ട പാർട്ടി ദേശീയ നേതൃത്വം ഒരാഴ്ച കഴിഞ്ഞപ്പോൾ തീരുമാനം പിഴച്ചെന്ന് വിമർശനം നേരിടുന്നു. ഇപ്പോൾ സിദ്ദുവിന്റെ രാജി സ്വീകരിക്കുന്നതിനു പകരം, വിഷയം സംസ്ഥാനത്ത് ചർച്ച ചെയ്യാനാണു നേതൃത്വം നിർദേശിച്ചിരിക്കുന്നത്.

അമരിന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ, പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു 'സൂപ്പർ മുഖ്യമന്ത്രി'യാകാൻ ശ്രമിക്കുമെന്നും അതനുവദിക്കരുതെന്നും പലരും നേതൃത്വത്തിനു മുന്നറിയിപ്പു നൽകിയിരുന്നു. ഛന്നിയെ മുഖ്യമന്ത്രിയാക്കിയതുതന്നെ സിദ്ദു പൂർണമനസ്സോടെയല്ല സ്വീകരിച്ചത്. ഛന്നി ഇരിപ്പുറപ്പിച്ചാൽ അടുത്ത വർഷം തിരഞ്ഞെടുപ്പിൽ താൻ അവഗണിക്കപ്പെടാമെന്ന ആശങ്ക സിദ്ദുവിനുണ്ടായിരുന്നു. മന്ത്രിസഭയിൽ തന്റെ പക്ഷത്തുനിന്നു കാര്യമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി. സുഖ്ജീന്ദർ സിങ് രൺധാവയ്ക്ക് ആഭ്യന്തര വകുപ്പു നൽകുന്നതിനെ എതിർത്തു; എതിർപ്പ് അവഗണിക്കപ്പെട്ടു.

സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഛന്നിയാണെങ്കിലും തീരുമാനങ്ങളെടുക്കുക താനായിരിക്കുമെന്ന സിദ്ദുവിന്റെ പ്രതീക്ഷ തുടക്കത്തിലേ തെറ്റി. പാർട്ടിക്കളത്തിൽ ഒതുങ്ങാൻ നേതൃത്വം നിർദേശിച്ചപ്പോൾ കളി തൽക്കാലം മതിയാക്കാമെന്നു സിദ്ദു തീരുമാനിച്ചു.