ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് കോൺ​ഗ്രസ് ജനപ്രതിനിധികളെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേദവുമായി കോൺ​ഗ്രസ്. ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തിലാണ് നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ കളർകോട് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ആലപ്പുഴ മുൻ എംപി കെ സി വേണുഗോപാലിനെയും മറ്റ് ജനപ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ആലപ്പുഴ ബൈപ്പാസിന്റെ യഥാർത്ഥ ശിൽപ്പി കെ സി വേണുഗോപാൽ ആണെന്ന് ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു. തങ്ങളാണ് ഈ പാലം നിർമ്മിച്ചതെന്നാണ് മന്ത്രി ജി സുധാകരൻ പറഞ്ഞത്. സുധാകരൻ എട്ടുകാലി മമ്മൂഞ്ഞാണ്. തൻ പ്രമാണിത്തം കാണിക്കുന്ന സുധാകരന് മുന്നിൽ ആരിഫ് എംപി തൊമ്മിയെപ്പോലെ ഓച്ഛാനിച്ച് നിൽക്കുമായിരിക്കും. തോമസ് ഐസക്കും വിനീതവിധേയനായി നിൽക്കുമായിരിക്കും. പക്ഷെ കോൺഗ്രസുകാരെ അതിന് കിട്ടില്ലെന്നും ലിജു പറഞ്ഞു.

ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന സർക്കാർ എല്ലാവരുടെയും പേര് നിർദ്ദേശിച്ചിരുന്നുവെന്ന് മന്ത്രി ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറുകയും ചെയ്തു. എന്നാൽ കേന്ദ്രമാണ് ലീസ്റ്റ് വെട്ടി തിരുത്തിയതെന്ന് സുധാകരൻ പറഞ്ഞു.

അതേസമയം, ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിതാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതായി പത്രത്തിൽ കണ്ടു എങ്കിലും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ലെന്ന് കെസി വേണുഗാപാൽ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയിൽ കൂടി പങ്കെടുക്കാവുന്ന തരത്തിൽ കേരളത്തിൽ ഉണ്ടായിരുന്നെന്നും കെ സി വേണു​ഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു. 2009 ൽ ആലപ്പുഴ പാർലമെന്റിലേക്ക് മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം ബൈപാസ് എന്ന സ്വപ്നം ഞാൻ പങ്കു വെച്ചു തുടങ്ങിയിരുന്നു. എന്തിരുന്നാലും എല്ലാ ആലപ്പുഴക്കാരെ പോലെ ഞാനും ഈ ആഹ്‌ളാദത്തിൽ പങ്കുചേരുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.