ന്യൂഡൽഹി: ബിജെപിയെ നേരിട്ടു ശക്തമായ തിരിച്ചു വരാൻ വിപുലമായ പദ്ധതികളുമായി കോൺഗ്രസ്. അതിന് ബിജെപിയുടെ അതേമാർഗ്ഗം തന്നെ പിന്തുടരാനാണ് കോൺഗ്രസിന്റെയും ആലോചന. പാർട്ടി സ്ഥാപക ദിനം രാജ്യവ്യാപകമായി വലിയ തോതിൽ ആഘോഷിക്കാനാണ് തീരുമാനം. ദേശീയത എന്ന ആശയത്തെ മുൻനിർത്തിയായിരിക്കും ആഘോഷങ്ങൾ. രാജ്യത്തിന് കോൺഗ്രസ് നൽകിയ സംഭാവനകൾ ഉയർത്തിക്കാണിച്ചു കൊണ്ടാകും ആഘോഷങ്ങൾ.

ഡിസംബർ 28 കോൺഗ്രസിന്റെ 136ാം സ്ഥാപക ദിനമാണ്. എല്ലാ സംസ്ഥാന, ജില്ല കമ്മറ്റികളും വ്യത്യസ്തമായ പരിപാടികളുമായി ആഘോഷിക്കാനാണ് എഐസിസി നിർദ്ദേശം. എഐസിസിയുടെ ഒരു നിർദ്ദേശം 'തിരംഗ റാലി'യാണ്. ബിജെപി നേരത്തെ ഈ തരത്തിലുള്ള പരിപാടികൾ നേരത്തെ നടത്തിയിട്ടുണ്ട്.

ത്രിവർണ്ണ പതാകയോടൊപ്പമുള്ള സെൽഫി എന്ന ഓൺലൈൻ പ്രചരണവും എഐസിസി നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുക്കാനാണ് എഐസിസി നിർദ്ദേശം. കർഷക സമരത്തെ സ്ഥാപക ദിനത്തിലെ പരിപാടികളിൽ മുന്നിലേക്ക് കൊണ്ടുവരണമെന്ന് എഐസിസി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു. കർഷക നിയമങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായി തന്നെ രംഗത്തുണ്ട് എന്ന സന്ദേശം ഇത് നൽകുമെന്നാണ് എഐസിസി വിലയിരുത്തൽ.

സ്ഥാപക ദിനാഘോഷത്തിന് പുറമേ മറ്റൊരു പരിപാടി കൂടി കോൺഗ്രസ് ആലോചിക്കുന്നു. ബംഗ്ലാദേശ് രൂപീകരണത്തിലെയും പാക്കിസ്ഥാനെതിരെ 1971ലെ ഇന്ത്യയുടെ യുദ്ധ വിജയത്തിലെയും കോൺഗ്രസിന്റെ നേതൃപദവി ചർച്ച ചെയ്യുന്ന പരിപാടികളും നടത്തും. പാക്കിസ്ഥാനെതിരെ നടന്ന 1971ൽ നടന്ന യുദ്ധത്തിന്റെ അമ്പതാം വാർഷികമാണ് ഈ വർഷം. ഒരു വർഷം നീണ്ട ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഈ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ടി ഒരു സമിതിയെ രൂപീകരിക്കാനും കോൺഗ്രസ് ആലോചിക്കുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം നേടുമ്പോൾ പ്രതിരോധ മന്ത്രിയായിരുന്ന ജഗ്ജീവൻ റാമിന്റെ മകൾ മീര കുമാറോ മുൻ പ്രതിരോധ മന്ത്രി എകെ ആന്റണിയോ ആയിരിക്കും സമിതി അദ്ധ്യക്ഷൻ.