ലക്നോ: കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്കു കത്തെഴുതിയവരെ വീണ്ടും തഴയുന്നു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ വിമതരായ നേതാക്കളെ ഒതുക്കുന്നത് തുടരുകയാണ്. വിമതസ്വരമുയർത്തി സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളെ മാറ്റിനിർത്തിയാണ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്. ഏഴ് കമ്മിറ്റികൾക്കാണ് ഞായറാഴ്ച കോൺഗ്രസ് രൂപം നൽകിയത്. പ്രിയങ്ക ഗാന്ധിക്ക് അടുപ്പമുള്ള നേതാക്കളെയാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.

മുതിർന്ന നേതാക്കളായ രാജ് ബബ്ബാർ, ജിതിൻ പ്രസാദ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല. ഇരുവരും കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ സിംഗിനും കമ്മിറ്റിയിൽ ഇടം കണ്ടെത്താനായില്ല. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാർട്ടി നിലപാടിനെതിരെ ഒരു യോഗത്തിൽ എതിർത്തുസംസാരിച്ചതാണ് സിങിനെ ഒഴിവാക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് സമിതികൾ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പർഷിപ്പ്, മീഡിയ, പരിപാടികൾ; നടപ്പാക്കൽ തുടങ്ങിയവക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലാണ് പ്രകടനപത്രിക സമിതി, റാഷിദ് ആൽവിയാണ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഉപദേശക സമിതി. അനുരാഗ് നാരായൻണൻ സിങിന്റെ നേതൃത്വത്തിലാണ് മെമ്പർഷിപ്പ് സമിതി, പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രാജേഷ് മിശ്ര നേതൃത്വം നൽകുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ്കുമാർ ലല്ലു എല്ലാ സമിതികളുടേയും മേൽനോട്ടം വഹിക്കും.

മാനിഫെസ്റ്റോ കമ്മിറ്റി ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തും. ഓരോ ജില്ലയിലേയും പ്രശ്നങ്ങളും ആവശ്യകതയും പഠിച്ച്, അതുൾക്കൊള്ളിച്ചാകും പ്രകടനപത്രിക തയ്യാറാക്കുക. തെരഞ്ഞെടുപ്പിന് എട്ട് മാസം മുമ്പെങ്കിലും പ്രകടന പത്രിക പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഉദ്ദേശ്യശുദ്ധിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നും, പാർട്ടി നന്നാകുക എന്നത് മാത്രമാണ് ലക്ഷ്യമിട്ടതെന്നും, കത്തിൽ ഒപ്പുവെച്ച കോൺഗ്രസ് നേതാവ് മനീഷ് തിവാരി എംപി അഭിപ്രായപ്പെട്ടു.

അതേസമയം മറ്റ് ചുമതലകൾ നൽകിയതിനാലാണ് നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. നേരത്തെ കോൺഗ്രസിന്റെ ലോക്സഭാ പാനലിൽ നിന്നും വിമതസ്വരമുയർത്തിയശശി തരൂർ, മനീഷ് തിവാരി എന്നിവരെ മാറ്റിനിർത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു.