മൂന്നാർ: കോൺഗ്രസിൽ അച്ചടക്കമാണ് പ്രധാനമെന്ന് പറഞ്ഞ് പുതിയ കെപിസിസി അധ്യക്ഷൻ രംഗത്തുവന്നിട്ടു കുറച്ചേ സമയമായിട്ടുള്ളൂ. എന്നാൽ, ഈ അച്ചടക്ക വാളൊന്നും അണികളിലേക്ക് എത്തിയെന്ന സൂചനയില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാക്കുകൾ അവഗണിച്ചു ഇടുക്കിയിൽ കോൺഗ്രസുകാർ തമ്മിൽ തല്ലി.

പുതുതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയ നേതാക്കൾ തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ച്. പ്രദേശത്തെ രണ്ട് നേതാക്കൾ കമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ എത്തുകയായിരുന്നു. നേതാക്കളടക്കം ഒട്ടേറെ പേർക്കു മർദനമേറ്റു.

വെള്ളിയാഴ്ച രാത്രി ജിഎച്ച് റോഡിലുള്ള ഐഎൻടിയുസി ഓഫിസിനു മുന്നിലാണ് സംഘർഷം. ചുമതലയേറ്റ ശേഷം ആദ്യമായി മൂന്നാറിലെത്തിയ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് സ്വീകരണം നൽകാൻ തോട്ടം തൊഴിലാളികളടക്കം നൂറുകണക്കിനാളുകൾ ഈ സമയം ഓഫിസിനു മുന്നിലുണ്ടായിരുന്നു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡി. കുമാറും മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് എ.ആൻഡ്രൂസും തമ്മിലുള്ള പ്രശ്‌നമാണ് കൂട്ടത്തല്ലിലെത്തിയത്.

ഇരുവരെയും പിന്തുണയ്ക്കുന്ന പ്രവർത്തകർ ചേരി തിരിഞ്ഞ് അടി തുടങ്ങിയതോടെ മൂന്നാർ മറയൂർ പാതയിൽ ഗതാഗത തടസ്സമുണ്ടായി. മുതിർന്ന നേതാക്കൾ ഏറെ നേരം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനു ശേഷമാണ് ഡിസിസി പ്രസിഡന്റ് സ്ഥലത്തെത്തിയത്.