മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.വി.പ്രകാശിനെ പ്രഖ്യാപിച്ചതോടെ സാധ്യതാപട്ടികയിലുണ്ടായിരുന്ന ആര്യാടൻ ഷൗക്കത്തിനുവേണ്ടി മണ്ഡലത്തിലെ പ്രവർത്തകർ തെരുവിലിറങ്ങി. നിലമ്പൂരിന് നാടറിയുന്ന ഷൗക്കത്ത് മതിയെന്ന ബാനറുമായാണ് പ്രതിഷേക്കാർ എത്തിയത്. ഡി.സി.സി. പ്രസിഡന്റ് കൂടിയായ വി.വി.പ്രകാശ് അൻവറിന്റെ ശിങ്കിടിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. നിലമ്പൂരിലെ കോൺഗ്രസിനെ പി.വി.അൻവറിന്റെ ആലയിൽകെട്ടാനുള്ള നീക്കമാണ് പ്രകാശിന്റെ സ്ഥാനാർത്ഥിത്വം.

ഇന്നലെ രാത്രി മുതലായിരുന്നു പ്രതിഷേധങ്ങളുടെ തടക്കം. ഡി.സി.സി. പ്രസിഡന്റ് വി.വി.പ്രകാശിനെ സീറ്റ് ഉറപ്പിച്ചതോടെയാണു കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ച ആര്യാടൻ ഷൗത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇരുനൂറിലേറെ പ്രവർത്തകർ ഇന്നലെ രാത്രി തന്നെ പ്രതിഷേധവുമായിവന്നു ബ്ലോക്ക് കോൺഗ്രസ് ഓഫീസ് താഴിട്ടുപൂട്ടി. ശേഷം മുന്മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രവർത്തരെ അനുനയിപ്പിക്കാൻ ആര്യാടൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് ഇന്നു വീണ്ടും പ്രതിഷേധ പ്രകടനം നടന്നു.

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയിൽ ആര്യാടൻ ഷൗക്കത്തിനായിരതുന്നു മേൽക്കൈ. 35 വർഷത്തെ ആര്യാടന്റെ ആധിപത്യത്തിനു വിരാമമിട്ട് കഴിഞ്ഞ തവണയാണ് നിലമ്പൂരിൽ പി.വി അൻവർ അട്ടിമറി വിജയം നേടിയത്. എംഎ‍ൽഎയായി അഞ്ച് വർഷം പിന്നിടുന്ന അൻവറിന്റെ വിവാദങ്ങളും കേസുകളും ഇപ്പോൾ ഇടതുമുന്നണിക്ക് തലവേദനയാണ്. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിൽ എൽ.ഡി.എഫിന് ലഭിച്ച അട്ടിമറി വിജയവും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും വോട്ടായിമാറാനുള്ള സാധ്യതയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

ആര്യാടന്റെ കുത്തക തകർത്ത് 1982ൽ അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ ഇടതുപക്ഷ സ്വതന്ത്രനാക്കി രംഗത്തിറക്കിയാണ് ഇടതുമുന്നണി 1566 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിലമ്പൂർ പിടിച്ചത്. ഈ പരീക്ഷണം രണ്ടാം വട്ടം ആവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. 1987ൽ സിപിഎമ്മിലെ ദേവദാസ് പൊറ്റക്കാടിനെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയപ്പോൾ 10333 വോട്ടുകൾക്ക് ആര്യാടൻ നിലമ്പൂരിനെ കോൺഗ്രസിനൊപ്പം നിർത്തി. പിന്നീട് തുടർച്ചയായി ആറു തെരഞ്ഞെടുപ്പുകളിൽ നിലമ്പൂർ ആര്യാടനൊപ്പമായിരുന്നു. 2006ൽ അന്നത്തെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണനെയാണ് നിലമ്പൂർ പിടിക്കാൻ സിപിഎം ഇറക്കിയത്. എന്നാൽ ആര്യാടൻ 18070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി. ആര്യാടൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച 2016ലാണ് നിലമ്പൂർ കോൺഗ്രസിന് നഷ്ടമായത്.

ആര്യാടന്റെ പിൻഗാമിയായി മകൻ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ മുൻ കോൺഗ്രസുകാരനായ പി.വി അൻവർ 11504 വോട്ടിന് നിലമ്പൂരിൽ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫ് പാളയത്തിലെ വോട്ടുചോർച്ചയാണ് നിലമ്പൂരിലെ പരാജയത്തിന് വഴിയൊരുക്കിയത്. മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം പയറ്റുന്ന ആര്യാടന്റെ കരുത്തായിരുന്ന കാന്തപുരം എ.പി സുന്നികളുടെ വോട്ട് ചോർച്ചയും വിനയായി. അഞ്ചു വർഷം കൊണ്ട് നിലമ്പൂരിലെ രാഷ്ട്രീയം ഏറെ മാറിയതായി യു.ഡി.എഫ് അവകാശപ്പെടുന്നു.

നിലമ്പൂരിൽ എംഎ‍ൽഎയായി വിജയിച്ചപ്പോൾ നിലമ്പൂരിൽ വീടുവെച്ച് അതിന്റെ നാലു വാതിലുകളും ജനങ്ങൾക്കായി തുറന്നിടുമെന്നായിരുന്നു പി.വി അൻവറിന്റെ കൈയടി നേടിയ പ്രഖ്യാപനം. ആർക്കുമുന്നിലും വാതിലടയ്്ക്കാത്ത എല്ലാവർക്കും എപ്പോഴും കയറിചെല്ലാൻ സ്വാതന്ത്ര്യമുള്ള ആര്യാടൻ ഹൗസിനു പകരമായിരുന്നു അൻവറിന്റെ പ്രഖ്യാപനം. എന്നാൽ അഞ്ചു വർഷമായിട്ടും അൻവർ ഒതായിയിൽ നിന്നും നിലമ്പൂരിലേക്ക് താമസം മാറിയില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പകരം നിലമ്പൂരിൽ എംഎ‍ൽഎ ഓഫീസ് തുറന്നു. ഓഫീസിൽ എംഎ‍ൽഎയുടെ സാന്നിധ്യം ചൊവ്വാഴ്ചയായി ക്രമപ്പെടുത്തി. ഈ മാറ്റം ജനങ്ങൾ എങ്ങിനെ സ്വീകരിക്കുമെന്ന് ഇത്തവണ അറിയാം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പിടിക്കാൻ ഇടതുപക്ഷം രംഗത്തിറക്കിയത് നിലമ്പൂരിൽ അട്ടിമറി വിജയം നേടിയ പി.വി അൻവറിനെയായിരുന്നു. പൊന്നാനിയിൽ വിജയ പ്രതീക്ഷ പുലർത്തിയ അൻവറിന്റെ 1,93, 273 വോട്ടുകളുടെ തോൽവി ഇടതുപക്ഷത്തിന് കനത്ത ആഘാതമായിരുന്നു. 2014ൽ വി. അബ്ദുറഹിമാൻ കേവലം 25410 വോട്ടുകൾക്ക് തോറ്റിടത്തായിരുന്നു അൻവറിന്റെ രണ്ടുലക്ഷത്തോളം വോട്ടുകളുടെ പരാജയം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ രാഹുൽഗാന്ധിക്ക് 61660 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും നിലമ്പൂർ നിയമസഭാ മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫാണ്. ഏഴു പഞ്ചായത്തും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ നിയോജകമണ്ഡലം.

20വർഷത്തെ യു.ഡി.എഫ് കുത്തക തകർത്ത് നിലമ്പൂർ നഗരസഭാ ഭരണം ഇടതുപക്ഷം പിടിച്ചപ്പോൾ എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിൽ ഭരണം നിലനിർത്തികൊണ്ട് 5 പഞ്ചായത്തുകളിൽ ഭരണമെന്ന മികച്ച മുന്നേറ്റവും നടത്തി. നിലമ്പൂർ നഗരസഭയും പോത്തുകൽ, അമരമ്പലം എന്നീ രണ്ടു പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന് ഭരണം നേടാനായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകളിലും ഭൂരിപക്ഷം യു.ഡി.എഫിനാണ്.