തിരുവനന്തപുരം: കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപവത്കരിച്ചത് പ്രതിഷേധത്തിലേക്ക് വഴിമാറും. അതിനിടെ ബിജെപി. അനുകൂല രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്മയിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രചാരണത്തെ പ്രതിരോധിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സ്വാധീനത്തിൽ പുതിയ സഹകരണ സംഘങ്ങൾ തുടങ്ങാനുള്ള ശ്രമവും ബിജെപി. അനുകൂല കൂട്ടായ്മയിൽ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ കേരളം പ്രതിഷേധം അറിയിക്കാനും സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. കേരളത്തെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം എന്ന സംശയവും സജീവമാണ്.

സംസ്ഥാനത്തെ സഹകരണ മേഖലയിൽ കേന്ദ്രസർക്കാർ പുതിയ പരീക്ഷണത്തിനു മുതിർന്നേക്കുമെന്ന് പിണറായി സർക്കാർ വിലയിരുത്തുന്നു. നിധി കമ്പനികൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ എന്നിങ്ങനെ കേന്ദ്ര നിയമമനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കേരളത്തിലെ സഹകരണ സംഘങ്ങൾക്കു ബദലായി വളർത്തുമെന്നാണ് ആശങ്ക. നിധി കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സഹകരണ പരിവേഷമാണ് ഇതിനു ബലംനൽകുന്നത്. നിലവിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം സിപിഎം നിയന്ത്രണത്തിലാണ്. ഗുജറാത്ത് മോഡലിൽ ഇത് ബിജെപിക്ക് വേണ്ടി കേന്ദ്ര മന്ത്രി അമിത് ഷാ ഹൈജാക്ക് ചെയ്യുമോ എന്നതാണ് പ്രധാന ആശങ്ക.

'പരസ്പരാശ്രിത ധനകാര്യ സ്ഥാപനം' എന്നതാണ് നിധി കമ്പനികൾക്ക് നൽകുന്ന നിർവചനം. ഇതാണ് സഹകരണ സംഘങ്ങളുടെയും അടിസ്ഥാന തത്ത്വം. നിധി കമ്പനിലകളെ ഹിന്ദു ബാങ്കുകളായി അവതരിപ്പിക്കാനും ചില മേഖലകളിൽ ശ്രമം നടന്നിരുന്നു. ഇതിനെതിരെ സിപിഎം രംഗത്തു വരികയും ചെയ്തു. കേന്ദ്ര സഹകരണ വകുപ്പിനു കീഴിൽ നിധി കമ്പനികളെ ഉൾപ്പെടുത്തിയാൽ അതിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് വരികയും ചെയ്യും. ഇത് മനസ്സിലാക്കിയാണ് കേരളം പ്രതിഷേധത്തിലേക്ക് കടക്കുന്നത്. നിധി മോഡൽ സംഘങ്ങൾ കൂടുതലായി കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നതിലും സംസ്ഥാനത്തിന് ആശങ്കയുണ്ട്.

സഹകരണം സംസ്ഥാന വിഷയമാണ്. അതിൽ കേന്ദ്രം ഇടപെടുന്നത് ശരിയല്ലെന്നാണ് കേരളത്തിന്റെ പൊതു നിലപാട്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സഹകരണ മേഖലയിലെ സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. സഹകരണ മേഖലയിലൂടെ ബിജെപി.ക്ക് രാഷ്ട്രീയസ്വാധീനം ഉണ്ടാക്കാനുള്ള കുറുക്കുവഴിയാണിതെന്ന സന്ദേശമാണ് സിപിഎം. കീഴ്ഘടകങ്ങൾക്ക് നൽകുന്നത്. ഇതിനൊപ്പം സഹകാരികൾക്കിടയിൽ ബോധവത്കരണവും കൂട്ടായ്മയും ഉണ്ടാക്കാനാണ് പ്രത്യക്ഷസമരം പ്രഖ്യാപിച്ചത്.

സിപിഎം. അനുകൂല സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച സഹകരണ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തും. ജൂലായ് 22-ന് രാജ്ഭവനു മുന്നിൽ സഹകാരികളുടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് അനുകൂല സംഘടനയായ സഹകരണ ജനാധിപത്യ വേദിയുടെ തീരുമാനം. സഹകരണ വകുപ്പിനു വേണ്ടി കേന്ദ്രത്തിൽ പുതിയ മന്ത്രാലയം രൂപീകരിക്കാനും അതിന്റെ ചുമതല അമിത് ഷായക്ക് നൽകുവാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ സഹകരണ മേഖല ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ളയും പ്രതികരിച്ചു.

സഹകരണം ഒരു സംസ്ഥാന വിഷയമായിരിക്കെ കേന്ദ്രത്തിന്റെ ഇത്തരം നീക്കത്തിനു പിന്നിൽ നിഗൂഢമായ താൽപര്യങ്ങൾ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. കേവലം ആയിരത്തോളം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് വേണ്ടി ഒരു മന്ത്രാലയം എന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഇൻകംടാക്‌സ് നിയമഭേദഗതിയും 2020 നടപ്പിലാക്കിയ ബാങ്കിങ് ഭേദഗതി നിയമവും കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഇൻകംടാക്‌സ് നിയമത്തിലും ബാങ്കിങ് നിയമത്തിലും സഹകരണ പ്രസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന പരീരക്ഷ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഇതിന്റെ എല്ലാംഅനുഭവത്തിന്റെ വെളിച്ചത്തിൽ സംസ്ഥാന വിഷയമായ സഹകരണമേഖലയ്ക്ക് ഭരണഘടനാപരമായ പരിരക്ഷ നഷ്ടപ്പെടുമോ എന്ന് സംശയും സജീവമാണ്.

കേരളത്തിലെ സഹകരണ മേഖലയെ തങ്ങളുടെ പരിധിയിൽ നിർത്താൻ എന്ത് ഹീനമായ പരിശ്രമവും നടത്തുന്ന സംസ്ഥാന സർക്കാർ ഇത്തരം വിഷയങ്ങളിൽ ഒരു തണുപ്പൻ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസും കുറ്റപ്പെടുത്തുന്നു. ബാങ്കിങ് ദേദഗതി നിയമം വഴി വർഷങ്ങളായി കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് എന്ന പേര് മേലിൽ ഉപയോഗിക്കാൻ പാടില്ല. കേരള സംസ്ഥാന സഹകരണ ബാങ്കിന് കേരള ബാങ്ക് ആയി മാറാൻ റിസർബാങ്ക് വച്ച 19 നിർദ്ദേശങ്ങൾ ഒന്ന് മേലിൽ ബാങ്ക് എന്ന പേര് ഉപയോഗിച്ച് സംസ്ഥാനത്ത് പുതിയ സഹകരണ സ്ഥാപനങ്ങൾ ആരംഭിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ്, ഈ വ്യവസ്ഥ സർക്കാർ അംഗീകരിച്ചു.

ബാങ്കിങ് ഭേദഗതി നിയമം പാസായപ്പോൾ അതിലൂടെ സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ചർച്ചചെയ്ത് യോജിച്ച നിലപാട് സ്വീകരിക്കാൻ സർവകക്ഷിയോഗം വിളിക്കുമെന്ന് അന്നത്തെ സഹകരണ മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി. കഴിഞ്ഞ സർക്കാരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത നിലപാടാണ് ഈ സർക്കാരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികൾക്ക് പ്രവർത്തിക്കുവാൻ അവസരം നൽകാതെ നിയമവിരുദ്ധമായി പുറത്താക്കാനുള്ള ശ്രമങ്ങൾ പുതിയ സർക്കാർ സ്വീകരിക്കുന്നുവെന്നും കരകളം കൃഷ്ണപിള്ള പറയുന്നു.